Deshabhimani

സ്വകാര്യ സ്‌കൂൾ ലൈസൻസ് ഫീസ് കുത്തനെ ഉയർത്താൻ കുവൈത്ത്‌

Private School License.JPG
വെബ് ഡെസ്ക്

Published on Nov 10, 2026, 08:19 AM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിലെ പുതിയ സ്വകാര്യ സ്‌കൂളുകൾക്കുള്ള ലൈസൻസ് ഫീസ് കുത്തനെ ഉയർത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ട്‌. നിലവിലെ 15 ദിനാറിൽനിന്ന് 200 മുതൽ 400 ദിനാർവരെയാക്കി ഉയർത്താൻ വിദ്യാഭ്യാസ മന്ത്രാലയം നിർദേശം തയ്യാറാക്കി. സ്വകാര്യ വിദ്യാഭ്യാസ വിഭാഗം നൽകുന്ന വിവിധ സേവനങ്ങൾക്കുള്ള ഫീസ് നിരക്കുകളും പരിഷ്‌കരിക്കും. നിർദേശങ്ങൾ അംഗീകാരത്തിനായി ധനമന്ത്രാലയത്തിന് സമർപ്പിച്ചശേഷം മന്ത്രിസഭയുടെ പരിഗണനയ്‌ക്ക്‌ കൈമാറുമെന്നും പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്‌തു.


രണ്ട് പഠനഘട്ടങ്ങളുള്ള സ്‌കൂളിന് 200 ദിനാറും മൂന്ന് ഘട്ടങ്ങളുള്ള സ്‌കൂളിന് 300 ദിനാറും നാല് ഘട്ടങ്ങളുള്ള സ്‌കൂളിന് 400 ദിനാറുമാണ് നിർദേശിച്ച ലൈസൻസ് ഫീസ്. നിലവിലുള്ള സ്‌കൂളിൽ പുതിയൊരു പഠനഘട്ടം ആരംഭിക്കുന്നതിന് 100 ദിനാർ ഈടാക്കാനും നിർദേശമുണ്ട്. സാധ്യതാപഠനം, നിയമപരിശോധന, കെട്ടിടത്തിന്റെയും പഠനസൗകര്യങ്ങളുടെയും വിലയിരുത്തൽ, പാഠ്യപദ്ധതിക്ക് അംഗീകാരം നൽകൽ, നേരിട്ടുള്ള പരിശോധന എന്നിവയുടെ ചെലവ് കണക്കിലെടുത്താണ് നിരക്കുകൾ തയ്യാറാക്കിയത്.


ലൈസൻസ് പുതുക്കാനുള്ള വാർഷിക ഫീസ് 10 ദിനാറിൽനിന്ന് 25 ദിനാറാക്കി ഉയർത്താനാണ് നിർദേശം. മൂന്ന് വർഷത്തേക്ക് ഒരുമിച്ച് പുതുക്കാൻ 75 ദിനാർ നൽകണം. സ്‌കൂളുകൾ സുരക്ഷാ, ആരോഗ്യ, വിദ്യാഭ്യാസ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന പരിശോധനാസമിതികളുടെ പ്രവർത്തനച്ചെലവും ഇതിൽ ഉൾപ്പെടും. സ്വകാര്യ സ്‌കൂൾ ജീവനക്കാർക്ക് പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകൽ, അഗ്നിശമന സേനയുടെയും ആരോഗ്യ മന്ത്രാലയത്തിന്റെയും ആസ്ഥാനങ്ങൾ സന്ദർശിക്കാനുള്ള അപേക്ഷകൾ പരിഗണിക്കൽ, സ്‌കൂൾ ഉടമകളും അധ്യാപകരും തമ്മിലുള്ള കരാറുകളിലെ വിവരങ്ങൾ സാക്ഷ്യപ്പെടുത്തൽ എന്നിവയ്‌ക്ക്‌ രണ്ടുദിനാർ വീതമാണ് നിർദേശിച്ചിരിക്കുന്നത്. പഠന സർട്ടിഫിക്കറ്റുകൾ, ട്രാൻസ്‌ഫർ സർട്ടിഫിക്കറ്റുകൾ, പഠനത്തുടർച്ച സർട്ടിഫിക്കറ്റുകൾ, രേഖകളുടെ പകർപ്പുകൾ എന്നിവ സാക്ഷ്യപ്പെടുത്താനും തുല്യതാ സർട്ടിഫിക്കറ്റ് നൽകാനും ഒരു ദിനാറാണ് നിർദിഷ്‌ട ഫീസ്.











Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home