നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി ദീപാവലി ആഘോഷം: ഡൽഹിക്ക് പിന്നാലെ ചെന്നൈയും; കടുത്ത വായുമലിനീകരണം

ചെന്നൈ: ദീപാവലി ആഘോഷങ്ങളുടെ മറവിൽ നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തിയതോടെ ചെന്നൈയിൽ വായുമലിനീകരണം രൂക്ഷമായി. നഗരത്തിലെ വായു ഗുണനിലവാര സൂചിക 300 പിന്നിട്ട് 'വളരെ മോശം' അവസ്ഥയിലെത്തി. റസിഡൻഷ്യൽ, വാണിജ്യ മേഖലകളിൽ വലിയ തോതിലുള്ള പുകപടലമാണ് ഉയർന്നത്.
ചെന്നൈയിലെ വളസരവാക്കത്താണ് ഏറ്റവും ഉയർന്ന മലിനീകരണം രേഖപ്പെടുത്തിയത് (343 AQI). നുങ്ഗംപാക്കത്ത് 332, സൗകാർപേട്ടിൽ 311, ടി നഗറിൽ 306 എന്നിങ്ങനെയാണ് വായു ഗുണനിലവാര സൂചിക ഉയർന്നത്. ഇത് ശുദ്ധമായ വായുവിന്റെ അനുവദനീയമായ പരിധിയേക്കാൾ ഏഴിരട്ടിയിലേറെയാണ്. കാഞ്ചീപുരം (250), തിരുച്ചി (240), തിരുപ്പൂർ (223), തഞ്ചാവൂർ (210) എന്നീ ജില്ലകളിലും മലിനീകരണം വർധിച്ചു.
തമിഴ്‌നാട് സർക്കാർ പടക്കം പൊട്ടിക്കാൻ രാവിലെ 6 മുതൽ 7 വരെയും വൈകിട്ട് 7 മുതൽ 8 വരെയും നിശ്ചിത സമയം അനുവദിക്കുകയും വിപുലമായ ബോധവൽക്കരണ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത് നടപ്പിലാക്കുന്നതിൽ ഉണ്ടായ വീഴ്ച മൂലം ദിവസം മുഴുവൻ നിയമവിരുദ്ധമായി പടക്കം പൊട്ടിക്കൽ തുടരുകയായിരുന്നു. ശബ്ദമലിനീകരണത്തിലും വലിയ വർധനവാണുണ്ടായത്. സംസ്ഥാനത്തെ ശരാശരി ശബ്ദനില 76.73 ഡെസിബെലായി ഉയർന്നപ്പോൾ വളസരവാക്കത്ത് ഇത് 88.6 ഡെസിബെൽ വരെയായി.
എന്നാൽ, ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും നേരേയുള്ള കടന്നുകയറ്റമാണിതെന്ന് പരിസ്ഥിതി സംഘടനയായ 'പൂവുലഗിൻ നൺബർഗൾ' ചൂണ്ടിക്കാട്ടി. സുരക്ഷാ മാനദണ്ഡങ്ങളും മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശങ്ങളും കാറ്റിൽപ്പറത്തിയുള്ള ഇത്തരം നീക്കങ്ങൾ ജനങ്ങളുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്ന "കൂട്ട ആത്മഹത്യാ ദൗത്യത്തിന്" തുല്യമാണെന്ന് അവർ മുന്നറിയിപ്പ് നൽകി.








0 comments