കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം കുറയുന്നു.

കുവൈത്ത് സിറ്റി : കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിൽ 2025 സാമ്പത്തിക വർഷം ആദ്യ പാദാവസാനത്തോടെ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മൊത്തം പ്രവാസി തൊഴിലാളികളുടെ 25.2 ശതമാനം പങ്ക് വഹിക്കുന്ന ഈ മേഖലയിൽ നിലവിൽ 7,45,000 തൊഴിലാളികളാണ് സേവനമനുഷ്ഠിക്കുന്നത്. 2024 ആദ്യ പാദത്തോട് താരതമ്യം ചെയ്യുമ്പോൾ 5.6 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ലിംഗാനുപാതം അടിസ്ഥാനമാക്കി നോക്കുമ്പോൾ, ഏകദേശം 4,15,000 സ്ത്രീകളും 3,30,000 പുരുഷരുമാണ് ഗാർഹിക മേഖലയിൽ സേവനമനുഷ്ഠിക്കുന്നത്. സ്ത്രീ തൊഴിലാളികളിൽ ഫിലിപ്പീൻസുകാരാണ് മുന്നിൽ 1,31,000 പേർ. 2024 ആദ്യ പാദത്തിൽ ഇത് 1,75,000 ആയിരുന്നു, അതായത് 44,000 പേർ കുറഞ്ഞിട്ടുണ്ട്. പുരുഷ തൊഴിലാളികളിൽ ഇന്ത്യക്കാർക്ക് മുന്നേറ്റം തുടരുകയാണ്. നിലവിൽ 2,13,000 ഇന്ത്യക്കാർ ഗാർഹിക മേഖലയിൽ ജോലിചെയ്യുന്നു. കഴിഞ്ഞ വർഷം ഇതേ സമയം ഇത് 2,48,000 ആയിരുന്നു. ഇതോടെ 35,000 തൊഴിലാളികളുടെ കുറവാണ് രേഖപ്പെടുത്തപ്പെട്ടത്.
മൊത്തം ഗാർഹിക തൊഴിലാളികളിൽ 42.2 ശതമാനമാണ് ഇന്ത്യക്കാർ. ശ്രീലങ്കയും ഫിലിപ്പീൻസും 17.9 ശതമാനം. ബംഗ്ലാദേശ് ഉൾപ്പെടെ ഈ നാല് രാജ്യങ്ങൾ ചേർന്ന് കുവൈത്തിലെ ഗാർഹിക തൊഴിൽ മേഖലയിലെ 89.6 ശതമാനത്തേയും പ്രതിനിധീകരിക്കുന്നു. തൊഴിലാളികളുടെ എണ്ണത്തിൽ ഉണ്ടായ കുറവിന് പിന്നിൽ പുതിയ നിയമങ്ങൾ, റിക്രൂട്ട്മെന്റ് നിയന്ത്രണങ്ങൾ, വിവിധ രാജ്യങ്ങളിലെ തൊഴിൽ നിയന്ത്രണങ്ങൾ, ജോലിക്കാരുടെ വരവിൽ കുറവ് തുടങ്ങിയ ഘടകങ്ങളാണെന്ന് തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ വിലയിരുത്തുന്നു.










0 comments