ചെറുസിനിമകളിൽ വലിയ ആശയങ്ങൾ; ‘നോട്ടം’ 2025 സമാപിച്ചു, ഗ്രാൻഡ് ജൂറി പുരസ്കാരം ‘ചലന’ ത്തിന്

കുവൈത്ത് സിറ്റി: ചെറുസിനിമകളിലൂടെ വലിയ സാമൂഹിക സാംസ്കാരിക ആശയങ്ങൾ പങ്കുവെച്ചുകൊണ്ട് കേരള അസോസിയേഷൻ കുവൈത്ത് സംഘടിപ്പിച്ച 12-ാമത് കണിയാപുരം രാമചന്ദ്രൻ സ്മാരക അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം’ ഭംഗിയായി സമാപിച്ചു. പ്രവീൺ കൃഷ്ണ സംവിധാനം ചെയ്ത ‘ചലനം’ ഗ്രാൻഡ് ജൂറി പുരസ്കാരം സ്വന്തമാക്കി.
അഹമ്മദ് ഡിപിഎസ് സ്കൂളിൽ നടന്ന സമാപന ചടങ്ങ് പ്രശസ്ത സംവിധായകൻ ഡോ. ബിജു ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് അധ്യക്ഷനായി. ചടങ്ങിൽ കണിയാപുരം രാമചന്ദ്രൻ സ്മാരക പുരസ്കാരം സംവിധായകനും നടനുമായ ജോണി ആന്റണിക്ക് പ്രസിഡന്റ് ബിവിൻ തോമസും ആക്ടിംഗ് സെക്രട്ടറി മഞ്ജു മോഹനും ട്രഷറർ അനിൽ കെ ജിയും ചേർന്ന് സമ്മാനിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ ‘നോട്ടം’ ഫെസ്റ്റിവലിന്റെ ദർശനവും യാത്രയും വിശദീകരിച്ചു. ‘നോട്ടം 2025’ സുവനീർ ലോക കേരളസഭാംഗം ഉണ്ണിമായ ഉണ്ണികൃഷ്ണൻ പ്രധാന സ്പോൺസർ ഹൈലൈറ്റ് ബിൽഡേഴ്സിന്റെ പ്രതിനിധി ശ്രീജിത്തിനു നൽകി പ്രകാശനം ചെയ്തു.
ഷെരീഫ് താമരശ്ശേരി സംവിധാനം ചെയ്ത ‘ദി ലാസ്റ്റ് ഡേ’ മികച്ച പ്രവാസി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രേക്ഷക ചിത്രത്തിനുള്ള അംഗീകാരം പ്രവീൺ കൃഷ്ണയുടെ ‘വാപസ്’ നേടി. ഋതിക ശ്രീകാന്തും റൂഹാനി ദീപ രതീഷും സംവിധാനം ചെയ്ത ‘ലവ് ആൻഡ് കെയർ’ മികച്ച ബാലചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
വ്യക്തിഗത വിഭാഗങ്ങളിൽ മുഹമ്മദ് സാലിഹ് (ഇരുട്ട്, പ്രാണി) മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ‘ദി ലാസ്റ്റ് ഡേ’യിലെ അഭിനയത്തിന് സലാം ഓലക്കോട് മികച്ച നടനായി, ‘റീൽ റിയൽ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് മമിത പുലിക്കോട് മികച്ച നടിയായി-. ‘റീൽ റിയൽ’ സിനിമയുടെ തിരക്കഥ ഒരുക്കിയ മനോജ് കുമാർ കാപ്പാടിന് മികച്ച സ്ക്രിപ്റ്റിനുള്ള അംഗീകാരം ലഭിച്ചു. ‘ഏലിയൻ’ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ച രതീഷ് സി വി അമ്മാസിന് മികച്ച എഡിറ്ററിനുള്ള അവാർഡ് ലഭിച്ചപ്പോൾ, ‘ചലനം’ ചിത്രത്തിലൂടെ ജലീൽ ബാദുഷ മികച്ച സിനിമാറ്റോഗ്രാഫറായും ബിൻസൺ ചാക്കോ മികച്ച സൗണ്ട് ഡിസൈനറായും തെരഞ്ഞെടുക്കപ്പെട്ടു. ‘വാപസ്’ എന്ന ചിത്രത്തിന്റെ കലാസംവിധാനത്തിന് അനീഷ് പുരുഷോത്തമൻ മികച്ച പ്രൊഡക്ഷൻ ഡിസൈനറിനുള്ള പുരസ്കാരം നേടി. ബാലതാര വിഭാഗത്തിൽ ‘ലവ് ആൻഡ് കെയർ’യിലെ ഋത്വിക് ശ്രീകാന്തും ‘ബിഹൈൻഡ് ദി ഷാഡോ’യിലെ നിതീന കോവിലകവും പുരസ്കാരങ്ങൾ നേടി.
അതേസമയം, ജൂറി സ്പെഷൽ മെൻഷൻ വിഭാഗത്തിൽ ‘ഏലിയൻ’ ചിത്രത്തിന്റെ സംവിധായകൻ രാജീവ് ദേവനന്ദനത്തിനും ‘ഹിതർ’ ചിത്രത്തിലെ അഭിനയത്തിന് കാവ്യ ബാബുരാജിനും ‘ചലനം’ എന്ന സിനിമയിലെ പ്രകടനത്തിന് രാജേഷ് പൂന്തുരുത്തിക്കും പ്രത്യേക അംഗീകാരം ലഭിച്ചു. ‘ദി ബോണ്ട്’ ചിത്രത്തിലെ അഭിനയത്തിന് അവന്തിക ദിജേഷ് മികച്ച ബാലതാരമായി ജൂറിയുടെ പ്രത്യേക പരാമർശം നേടി. ‘നിനൈവെല്ലാം നിത്യ’ എന്ന ചിത്രം ജൂറി സ്പെഷൽ മെൻഷനിലൂടെ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
ഉദ്ഘാടന സമ്മേളനത്തിൽ ഫെസ്റ്റിവൽ കൺവീനർ മണികുട്ടൻ എടക്കാട്ടും, അവാർഡ് ദാന ചടങ്ങിൽ അസോസിയേഷൻ ആക്ടിംഗ് സെക്രട്ടറി മഞ്ജു മോഹനും സ്വാഗതം പറഞ്ഞു. ട്രഷറർ അനിൽ കെ.ജി നന്ദി അറിയിച്ചു. ജനറൽ കോർഡിനേറ്റർമാരായ ശ്രീംലാൽ, ഷാജി രഘുവരൻ, ശ്രീഹരി, ബേബി ഔസേപ്പ്, സ്റ്റെല്ലസ്, ശൈലേഷ്, അരീഷ്, ഷാഹിൻ ചിറയിൻകീഴ്, ബൈജു തോമസ് എന്നിവർ ഫെസ്റ്റിവലിന് നേതൃത്വം നൽകി. സിനിമ നിരൂപകൻ ഡോ. സി എസ് വെങ്കിടേശ്വരൻ, സംവിധായകരായ ഡോ. ബിജു, വി സി അഭിലാഷ് എന്നിവർ ഉൾപ്പെട്ട ജൂറി മത്സരവിഭാഗത്തിലെ സിനിമകൾ വിലയിരുത്തി.










0 comments