നോർക്ക പ്രവാസി ക്ഷേമ പദ്ധതി വിശദീകരണ യോഗം സംഘടിപ്പിച്ചു

ദമ്മാം: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള ലോക കേരള സഭ അംഗങ്ങൾ നോർക്ക - പ്രവാസി ക്ഷേമ പദ്ധതികളുടെ പരിചയപ്പെടുത്തലും വിശദീകരണ യോഗവും സംഘടിപ്പിച്ചു. പ്രവാസികൾക്കായി സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്ന പദ്ധതികളുടെ വിജയത്തിന് പ്രവാസികളുടെ പങ്കാളിത്തം ഉറപ്പു വരുത്തേണ്ടതിന്റെ ആവശ്യകത പ്രതിനിധികൾ ഊന്നിപ്പറഞ്ഞു. നാട്ടിൽ നിന്നും നോർക്ക പ്രതിനിധികൾ ഓൺലൈൻ ആയി യോഗത്തിൽ സംബന്ധിച്ച് സംസാരിക്കുകയും ചർച്ചകളുടെ ഭാഗമാവുകയും ചെയ്തു.
നോർക്ക റെസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ വിവിധ നോർക്ക പദ്ധതികളെ കുറിച്ച് സംസാരിച്ചു. നോർക്കയുടെ കീഴിൽ നടപ്പാക്കുന്ന മൂന്നിനം പരിപാടികളിൽ, വിദേശങ്ങളിൽ തൊഴിൽ തേടുന്നവർക്കുള്ള മാർഗ നിർദേശവും പരിശീലനവും പ്രവാസത്തിലുള്ളവർക്കായുള്ള വിവിധയിനം ക്ഷേമപദ്ധതികളും പ്രവാസം അവസാനിപ്പിച്ച് മടങ്ങിയവർക്കുള്ള പുനരധിവാസ പദ്ധതികളും ഉൾപ്പെടുന്നതായി അദ്ദേഹം പറഞ്ഞു.
പ്രവാസി സമഗ്ര ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന്റെ വിശദമായ പരിചയപ്പെടുത്തലും അതിന്മേൽ നടന്ന ചർച്ചയും നോർക്ക സിഇ അജിത് കോലശ്ശേരി നിർവഹിച്ചു. സെപ്തംബർ 22ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന നോർക്ക കെയർ ഇൻഷുറൻസ് പദ്ധതികളുടെ ഭാഗമാകാനുള്ള മാർഗ്ഗ നിർദേശങ്ങൾ അദ്ദേഹം പങ്കുവെച്ചു. നിലവിൽ നോർക്ക ഐഡിയുള്ളവർക്കാണു ഉദ്ഘാടനം മുതൽ ഒരു മാസക്കാലയളവിനുള്ളിൽ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുക. പ്രവാസിയും ജീവിത പങ്കാളിയും കൂടാതെ ഇരുപത്തിയഞ്ചു വയസ്സിൽ താഴെയുള്ള രണ്ടു മക്കൾക്കും കൂടി ഏകദേശം 13,275 രൂപ ആണ് വാർഷിക പ്രീമിയം ആയി കണക്കാക്കിയിട്ടുള്ളത്.
തുടർന്ന് പ്രവാസികളുടെ പൊതുഇടം എന്ന സാധ്യതക്കു മുൻതൂക്കം നൽകികൊണ്ട് കേരള സർക്കാർ ആവിഷ്കരിച്ച ലോക കേരളം പോർട്ടലിന്റെ പരിചയപ്പെടുത്തലും രജിസ്ട്രേഷൻ പ്രക്രിയയും ലോക കേരള സഭ സെക്രട്ടേറിയറ്റിനു വേണ്ടി അഭിജിത് നിർവഹിച്ചു. വിവിധ രാജ്യങ്ങളിൽ തൊഴിൽ ചെയ്യുന്ന മലയാളികൾക്ക് അവരുടെ തൊഴിൽപരവും വ്യക്തിഗതവുമായ കണക്റ്റിവിറ്റിക്കു അനന്തമായ സാധ്യതകളെ ഉൾകൊള്ളുന്നതായി ലോക കേരളം പോർട്ടലിനെക്കുറിച്ചുള്ള വിശദീകരണം.
വിവിധ പ്രവാസി ക്ഷേമ പദ്ധതികളെ ഉൾകൊള്ളിച്ചു ലോക കേരള സഭ അംഗമായ ആൽബിൻ ജോസഫ് അവതരിപ്പിച്ച വിശദീകരണ ക്ലാസും, പ്രവാസിക്ഷേമ നിധി ബോർഡ് ഡയറക്ടർ ജോർജ് വർഗീസ് നൽകിയ പദ്ധതി വിശദീകരണവും ശ്രദ്ധേയമായി. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സംഘടനകളുടെ പ്രതിനിധികളും പ്രാദേശിക സംഘടന ഭാരവാഹികളും, മാധ്യമ സുഹൃത്തുക്കളും ഉൾപ്പെടെ വലിയൊരു വിഭാഗം പരിപാടിയിൽ സംബന്ധിച്ചു. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നോർക്ക ഐഡി രജിസ്ട്രേഷൻ, പ്രവാസി ക്ഷേമനിധി അംഗത്വം, ലോക കേരളം പോർട്ടൽ റജിസ്‌ട്രേഷൻ എന്നിവയ്ക്ക് മുൻകൈ എടുക്കാനും അതിനായുള്ള എല്ലാവിധ സഹായങ്ങളും നോർക്ക റൂട്ട്സിനു വേണ്ടി ലോക കേരള സഭ അംഗങ്ങൾ ഉറപ്പു നൽകുകയും ഉണ്ടായി.
ലോക കേരളസഭ അംഗവും ഓഐസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റുമായ ബിജു കല്ലുമല സ്വാഗതം ആശംസിച്ച ചടങ്ങിൽ, ലോക കേരളസഭ അംഗവും സാമൂഹിക ജീവകാരുണ്യ പ്രവർത്തകനുമായ നാസ് വക്കം നന്ദി പറഞ്ഞു. ലോക കേരളസഭ അംഗങ്ങളായ ഹനീഫ മൂവാറ്റുപുഴ, ബഷീർ വാരോട്, സുനിൽ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.








0 comments