വെടിക്കെട്ടും ഡ്രോണ്‍ ഷോകളും; വർണാഭമായി പുതുവര്‍ഷത്തെ വരവേറ്റ് ബഹ്‌റൈന്‍

അനസ് യാസിന്‍
Published on Jan 01, 2026, 12:32 PM | 2 min read
മനാമ : വാനില്‍ വര്‍ണവിസ്‌മയം തീര്‍ത്ത വെടിക്കെട്ടിന്റെയും ഡ്രോണ്‍ ഷോകളുടെയും അകമ്പടിയോടെ ബഹ്‌റൈന്‍ പുതുവര്‍ഷത്തെ വരവേറ്റു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ എട്ട് കേന്ദ്രങ്ങളില്‍ ഒരുക്കിയ ആഘോഷങ്ങളില്‍ സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുത്തു. ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍ അതോറിറ്റിയുടെ (ബിടിഇഎ) നേതൃത്വത്തില്‍ നടന്ന സെലിബ്രേറ്റ് ബഹ്‌റൈന്‍ സീസണിന്റെ സമാപനത്തോടനുബന്ധിച്ചായിരുന്നു വമ്പിച്ച ആഘോഷം. 2500 ഡ്രോണുകള്‍ അണിനിരന്ന ബൃഹത്തായ പ്രദര്‍ശനമായിരുന്നു പ്രധാന ആകര്‍ഷണം.
മനാമയിലെയും പരിസരത്തെയും തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ആഘോഷം അരങ്ങേറിയത്. അവന്യൂസ് മാള്‍, ബഹ്‌റൈന്‍ ഹാര്‍ബര്‍, ബഹ്‌റൈന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍, ഫോര്‍ സീസണ്‍സ് ഹോട്ടല്‍, ബഹ്‌റൈന്‍ ബേ ബീച്ച്, സീഫ് ഡിസ്ട്രിക്റ്റ്, മറാസി അല്‍ ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ഷെയ്ഖ് ഹമദ് ഷെയ്ഖ് ഈസ പാലങ്ങള്‍ക്കിടയിലുള്ള കടല്‍തീരത്തുമാണ് കരിമരുന്ന് പ്രയോഗം നടന്നത്.
ബുധൻ രാത്രി 11.55ന് ബഹ്‌റൈന്‍ ബേയിലെ പടുകൂറ്റന്‍ സ്‌ക്രീനില്‍ 2026ലേക്ക് കൗണ്ട് ഡൗണ്‍ തുടങ്ങി. കൃത്യം 12ന് ആകാശത്ത് പൂത്തിരികള്‍ വിരിഞ്ഞു. ഏകദേശം 300 മീറ്റര്‍വരെ ഉയരത്തില്‍ വിരിഞ്ഞ വര്‍ണാഭമായ വെടിക്കെട്ട് കാണികളെ വിസ്മയിപ്പിച്ചു. അവന്യൂസ് മാള്‍ പരിസരത്ത് നിലയുറപ്പിച്ചവര്‍ക്ക് മറ്റ് കേന്ദ്രങ്ങളിലെ വെടിക്കെട്ടുകള്‍ ഒരേസമയം ആസ്വദിക്കാനായി. ഫോര്‍ സീസണ്‍സ് ഹോട്ടലിന്റെ മുഖപ്പില്‍ പ്രദര്‍ശിപ്പിച്ച ത്രിമാന ലൈറ്റ് ഷോയും വെടിക്കെട്ടിന് മാറ്റുകൂട്ടി.
ഏറ്റവും ശ്രദ്ധേയമായ വേദികളിലൊന്ന് ബഹ്‌റൈന്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആയിരുന്നു. ആദ്യമായാണ് ഈ ഗോപുരം പ്രധാന വെടിക്കെട്ടിന് വേദിയാകുന്നത്. ബിബികെ ബാങ്കിന്റെ സഹകരണത്തോടെ, ലോകപ്രശസ്‌തമായ ഇരട്ട ഗോപുരങ്ങളെ പശ്ചാത്തലമാക്കി നടന്ന വെടിക്കെട്ട് നവ്യാനുഭവമായി. ആകാശത്ത് കരിമരുന്ന് വെളിച്ചം വിരിയുമ്പോള്‍ ഇരട്ട ഗോപുരങ്ങളുടെ നിഴല്‍രൂപം അതിന് അപൂര്‍വ ഭംഗി നല്‍കി. വെടിക്കെട്ടിന് പിന്നാലെ ബഹ്‌റൈന്‍ ബേയില്‍ അരങ്ങേറിയ ഡ്രോണ്‍ ഷോ സമാനതകളില്ലാത്ത അനുഭവമായി. ആകാശത്ത് അഗ്‌നിപുഷ്‌പങ്ങള്‍ പൊഴിക്കുന്ന 1100 പൈറോ ടെക്‌നിക് ഡ്രോണുകളും വിവിധ രൂപങ്ങള്‍ വിസ്‌മയകരമായി വിരിയിച്ച നൂതന ഡ്രോണുകളുമുണ്ടായി.
ബഹ്‌റൈന്റെ പൗരാണിക ചരിത്രംമുതല്‍ ആധുനിക ബഹ്‌റൈന്റെ കുതിപ്പുവരെ അടയാളപ്പെടുത്തി പൈറോ ടെക്‌നിക് ഡ്രോണുകള്‍ ആകാശത്ത് അത്ഭുതകരമായ രൂപങ്ങള്‍ തീര്‍ത്തു. വൈകിട്ടുമുതല്‍ മനാമയിലേക്കും കടല്‍തീരങ്ങളിലേക്കും വന്‍ ജനപ്രവാഹമായിരുന്നു. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ ആഭ്യന്തര മന്ത്രാലയം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങള്‍ ഒരുക്കി. പുതുവത്സരാഘോഷങ്ങള്‍ ഓരോ വര്‍ഷവും കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്നത് രാജ്യത്തിന്റെ ടൂറിസം മേഖലയുടെ വിജയമാണെന്ന് ബിടിഇഎ ചീഫ് എക്‌സിക്യൂട്ടീവ് സാറ അഹമ്മദ് ബുഹാജി പറഞ്ഞു.










0 comments