ad
Deshabhimani

പ്രവാസികളുടെ ചികിത്സാ- ഇൻഷുറൻസ് തർക്കങ്ങൾ പരിഹരിക്കാൻ കുവൈത്തിൽ പുതിയ സംവിധാനം

health insurance
വെബ് ഡെസ്ക്

Published on Jan 06, 2026, 07:16 PM | 1 min read

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസികൾക്ക് ചികിത്സാ സേവനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ആരോഗ്യ ഇൻഷുറൻസ് തർക്കങ്ങളും ഔദ്യോഗികമായി ഉന്നയിച്ച് പരിഹാരം തേടാൻ പുതിയ സംവിധാനം നിലവിൽ വന്നു. ഇതുസംബന്ധിച്ച ഉത്തരവിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. വിദേശ താമസക്കാരെയും സന്ദർശകരെയും സംബന്ധിക്കുന്ന 1999-ലെ ആരോഗ്യ ഇൻഷുറൻസ് നിയമത്തിന്റെ പ്രയോഗത്തിൽ ഉയരുന്ന പരാതികൾ പരിഗണിക്കുന്നതിനായി പ്രത്യേക ആരോഗ്യ സേവന പരാതി പരിഹാര സമിതി രൂപീകരിച്ചിട്ടുണ്ട്.


സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ചികിത്സാ നടപടികൾ, സേവന നിലവാരം, ഇൻഷുറൻസ് പരിരക്ഷ, ചെലവുകൾ, സേവന നിഷേധം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ് സമിതി പരിശോധിക്കുക. സാങ്കേതിക കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷൻ. ആരോഗ്യ ഇൻഷുറൻസ് ആൻഡ് ഗ്യാരണ്ടി വകുപ്പ്, നിയമകാര്യ വകുപ്പ്, സാമ്പത്തിക വിഭാഗം എന്നിവയിലെ പ്രതിനിധികളും മെഡിക്കൽ അസോസിയേഷനിൽ നിന്നുള്ള ഒരു ഡോക്ടറും സമിതിയിൽ അംഗങ്ങളായിരിക്കും.


പരാതികൾ ആരോഗ്യ ഇൻഷുറൻസ് ആൻഡ് ഗ്യാരണ്ടി വകുപ്പിൽ രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ നമ്പറും വാദം കേൾക്കുന്ന തീയതിയും പരാതിക്കാരനെ അറിയിക്കും. പരാതി ലഭിച്ചതിന് രണ്ട് ആഴ്ചയ്ക്കുള്ളിൽ നടപടികൾ ആരംഭിക്കുമെന്നും, ഇലക്ട്രോണിക് സംവിധാനത്തിലൂടെയും പരാതികൾ സമർപ്പിക്കാനാവുമെന്നും മന്ത്രാലയം വ്യക്തമാക്കി.


പരാതിയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട വിവരങ്ങളായി പരാതിക്കാരന്റെ പേര്, വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, ഇമെയിൽ വിലാസം, പരാതി ഉന്നയിക്കുന്ന വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ വിശദാംശങ്ങൾ, പരാതിയുടെ വിശദമായ വിവരണം, ആവശ്യപ്പെടുന്ന പരിഹാരങ്ങൾ, അനുബന്ധ രേഖകൾ എന്നിവ വ്യക്തമാക്കിയിട്ടുണ്ട്. അപൂർണമായ പരാതികൾ സ്വീകരിക്കപ്പെടില്ലെന്നും മന്ത്രാലയം അറിയിച്ചു.


ആരോഗ്യ മന്ത്രാലയത്തിനെതിരായ പരാതികൾ നിയമകാര്യ വകുപ്പിലേക്ക് കൈമാറുകയും, മന്ത്രാലയത്തിന്റെ ഭാഗം വിശദീകരിക്കാൻ നിയമ പ്രതിനിധിയെ സമിതി മുമ്പാകെ നിയോഗിക്കുകയും ചെയ്യും. ആരോഗ്യ സേവന രംഗത്ത് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് വേഗത്തിലും സുതാര്യമായും പരിഹാരം ഉറപ്പാക്കുക എന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home