ad
Deshabhimani

ഫുജൈറയിൽ പുതിയ തുറമുഖ ടെർമിനലുകൾ; ചരക്കുനീക്കത്തിന് ബദൽമാർഗം ശക്തമാക്കാൻ ഡിപി വേൾഡ്

dubai dp world

image credit: Gulf news

വെബ് ഡെസ്ക്

Published on Jul 28, 2026, 01:58 PM | 2 min read

ദുബായ് : യുഎഇയുടെ കിഴക്കൻതീരമായ ഫുജൈറയിൽ ഡിപി വേൾഡ് വികസിപ്പിക്കുന്ന പുതിയ കണ്ടെയ്നർ, ജനറൽ കാർഗോ ടെർമിനലുകൾ ജബൽ അലി തുറമുഖത്തെ ആശ്രയിച്ചുള്ള ചരക്കുനീക്കത്തിന് ബദൽമാർഗമൊരുക്കുമെന്ന് അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡീസ് റേറ്റിങ്‌സ്‌ വിലയിരുത്തി. രാജ്യത്തിന്റെ വിതരണ ശൃംഖല കൂടുതൽ സുരക്ഷിതമാക്കുന്നതിനും പുനർകയറ്റുമതി വ്യാപാരത്തിന്റെ മത്സരശേഷി നിലനിർത്തുന്നതിനും പദ്ധതി സഹായകമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.


ഫുജൈറ പോർട്സ് അതോറിറ്റിയുമായി 50 വർഷത്തെ കരാർ അടിസ്ഥാനത്തിൽ അൽ റുഗൈലാത്ത് കണ്ടെയ്നർ ആൻഡ് മൾട്ടി പർപ്പസ് ടെർമിനലും ദിബ്ബ ജനറൽ കാർഗോ ടെർമിനലും വികസിപ്പിക്കാൻ ഡിപി വേൾഡ് കഴിഞ്ഞയാഴ്ച ധാരണയിലെത്തിയിരുന്നു.

മൂഡീസിന്റെ റിപ്പോർട്ട് പ്രകാരം, പുതിയ ടെർമിനലുകൾ സ്വതന്ത്ര വ്യാപാരമേഖലകളിലെ സ്ഥാപനങ്ങൾക്ക് ഇറക്കുമതിക്കും പുനർകയറ്റുമതിക്കുമായി മറ്റൊരു സമുദ്രമാർഗം ലഭ്യമാക്കും. ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്ക പ്രശ്നങ്ങൾ ഇതുവഴി കുറയ്ക്കാനാകുമെന്നും നിർമാണ മേഖലയിൽ ഉൾപ്പെടെ ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വിതരണം കൂടുതൽ സുരക്ഷിതമാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.


ഫുജൈറ ഒമാൻ ഉൾക്കടലിനോടും ഇന്ത്യൻ മഹാസമുദ്രത്തോടും നേരിട്ട് ബന്ധിപ്പിക്കപ്പെട്ട പ്രദേശമാണ് ജബൽ അലി തുറമുഖം. അതിനാൽ ഹോർമുസ് കടലിടുക്കിൽ ഗതാഗത തടസമുണ്ടായാലും ഫുജൈറയിലൂടെ ചരക്കുകപ്പലുകൾക്ക് നേരിട്ട് യുഎഇയിലെത്താൻ കഴിയും. മാർച്ചുമുതൽ ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗത തടസങ്ങൾ ജബൽ അലി തുറമുഖത്തിലെ ചരക്ക് കൈകാര്യം ചെയ്യലിനെ ബാധിച്ച സാഹചര്യത്തിലാണ് ഫുജൈറ പദ്ധതിയുടെ പ്രധാന്യം വർധിച്ചതെന്ന് മൂഡീസ് വിലയിരുത്തുന്നു.


​പുതിയ ടെർമിനലുകൾ ജബൽ അലി തുറമുഖത്തിന് പകരമാകുന്നില്ലെങ്കിലും ജബൽ അലിയുടെയും ജബൽ അലി ഫ്രീ സോണിന്റെയും ലോജിസ്റ്റിക് ശൃംഖലയെ ഫുജൈറയിലേക്ക് വ്യാപിപ്പിച്ച്‌ ചരക്കുടമകൾക്ക് ശൃംഖലയിൽ കൂടുതൽ സൗകര്യമൊരുക്കുമെന്ന്‌ ഡിപി വേൾഡ് വ്യക്തമാക്കി. പദ്ധതി പൂർത്തിയാകുന്നതോടെ യുഎഇയിലെ ഡിപി വേൾഡിന്റെ വാർഷിക കണ്ടെയ്നർ കൈകാര്യം ചെയ്യൽ ശേഷി 1.94 കോടി ടിഇയുവിൽനിന്ന് ഏകദേശം 22 ദശലക്ഷം ടിഇയുവായി 13 ശതമാനം വർധിക്കും.


​നിലവിൽ ജബൽ അലി തുറമുഖം കൈകാര്യം ചെയ്യുന്ന പുനർകയറ്റുമതി ചരക്കിന്റെ ഏകദേശം പകുതിവരെ കൈകാര്യം ചെയ്യാനാകുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. ഇതോടെ യുഎഇയുടെ ലോജിസ്റ്റിക് മേഖലയുടെയും ഫ്രീ സോണുകളുടെയും വെയർഹൗസിങ്, റോഡ് ഗതാഗതം, ചരക്ക് കൈമാറ്റം, കസ്റ്റംസ് ക്ലിയറൻസ് തുടങ്ങിയ അനുബന്ധ മേഖലകളുടെയും മത്സരശേഷി കൂടുതൽ ശക്തിപ്പെടുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അൽ റുഗൈലാത്ത് ടെർമിനലിന് പ്രതിവർഷം 25 ലക്ഷം ടി.ഇ.യു കണ്ടെയ്നറുകളും 17 ലക്ഷം ടൺ ജനറൽ കാർഗോയും 1.9 ലക്ഷം വാഹനങ്ങളും കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാകും. ലോകത്തിലെ അത്യാധുനിക വൻകണ്ടെയ്നർ കപ്പലുകൾക്ക് എത്തിച്ചേരാനാകുന്ന ആഴക്കടൽ സൗകര്യവും ഇവിടെ ഒരുക്കും. ദിബ്ബ ജനറൽ കാർഗോ ടെർമിനലിലൂടെ പ്രതിവർഷം 36 ലക്ഷം ടൺ ജനറൽ കാർഗോ കൂടി കൈകാര്യം ചെയ്യാൻ സാധിക്കും.




Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home