കീട നിയന്ത്രണ ക്യാമ്പയിനുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി

Representative Image | AI
മസ്‌കത്ത്: പ്രാണികളെയും കൊതുകുകളെയും ചെറുക്കാനായി മസ്‌കത്ത് ഗവർണറേറ്റിലെ വിലായത്തുകളിലുടനീളം തീവ്ര പ്രതിരോധ ക്യാമ്പയിനുമായി മസ്‌കത്ത് മുനിസിപ്പാലിറ്റി. കൊതുകുകളുടെ വ്യാപനം പരിമിതപ്പെടുത്തുന്നതിനും അനുബന്ധ ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള വിശാല പൊതുജനാരോഗ്യ തന്ത്രത്തിന്റെ ഭാഗമായാണ് ക്യാമ്പയിൻ. ദിവസവും വൈകിട്ട് മൂന്നുമുതൽ ഏഴുവരെ ക്യാമ്പയിൻ നടക്കും. മുനിസിപ്പാലിറ്റിയുടെ നിലവിലുള്ള പ്രഭാത പ്രവർത്തനങ്ങൾക്കൊപ്പവും പദ്ധതി നടപ്പാക്കുന്നുണ്ട്.
മസ്‌കത്ത്, മത്ര, ബൗഷർ, സീബ്, അൽ അമറാത്ത്, ഖുറിയാത്ത് എന്നിവിടങ്ങളിലെ പ്രധാന ജില്ലകൾ പ്രത്യേകിച്ച് റിയാം, സിദാബ്, മത്ര, റുവി, ദാർസൈറ്റ്, വടക്കൻ അൽ ഗുബ്ര, തെക്കൻ അൽ ഖുവൈർ, അൽ മവാലെ, അൽ ഹെയ്ൽ, അൽ മബേല, ഘാല വ്യവസായ ഏരിയ, ഖുറിയാത്തിലെയും അൽ അമറാത്തിലെയും താമസ, പർവതപ്രദേശങ്ങൾ എന്നീ മേഖലകൾ ക്യാന്പയിനിൽ ഉൾപ്പെടുന്നു. ഉയർന്ന കീട സാന്ദ്രത റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സ്ഥലങ്ങൾ തെരഞ്ഞെടുത്തത്.
ഫീൽഡ് ടീമുകൾ കൊതുകുകളുടെയും പ്രാണികളുടെയും ശല്യം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിൽ തീവ്ര ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കീട നിയന്ത്രണ പ്രവർത്തനങ്ങളുടെ വിജയം ഉറപ്പാക്കുന്നതിലും പൊതുജനാരോഗ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും സമൂഹ പങ്കാളിത്തം പ്രധാന ഘടകമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രചാരണ വേളയിൽ ഫീൽഡ് കൺട്രോൾ ടീമുകളുമായി സഹകരിക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.










0 comments