ad
Deshabhimani

രക്ഷിതാക്കളുടെ പ്രതിഷേധത്തിന്‌ ഫലം; മസ്‌കത്ത്‌ ഇന്ത്യൻ സ്കൂളിൽ യാത്രാസംവിധാനം പുനഃസ്ഥാപിച്ചു

muscat indian school
വെബ് ഡെസ്ക്

Published on Mar 31, 2026, 04:04 PM | 1 min read

മസ്‌കത്ത്‌ : കുട്ടികളുടെ സുരക്ഷിത യാത്രാസംവിധാനം ഒഴിവാക്കാനുള്ള തീരുമാനത്തിൽനിന്ന്‌ പിന്മാറുന്നതായി മസ്‌കത്ത്‌ ഇന്ത്യൻ സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി. ഇതു സംബന്ധിച്ച പുതിയ സർക്കുലർ അധികൃതർ പുറത്തിറക്കി. രക്ഷിതാക്കളുടെ നേതൃത്വത്തിൽ നടത്തിയ ശക്തമായ പ്രതിഷേധത്തിനും ചർച്ചകൾക്കും ഒടുവിലാണ് സ്കൂൾ അധികൃതർ നിലപാട് തിരുത്തിയത്. പുതിയ സർക്കുലർ പ്രകാരം സ്കൂളിന്റെ ഔദ്യോഗിക അംഗീകാരമുള്ള ട്രാൻസ്‌പോർട്ടർമാരുടെ പട്ടികയും മാനേജ്‌മെന്റ് കമ്മിറ്റി പുറത്തിറക്കി. സംവിധാനം ഫലപ്രദമായി കൊണ്ടുപോകാൻ രക്ഷിതാക്കളെ ഉൾപ്പെടുത്തി ടാസ്‌ക്‌ ഫോഴ്സ്‌ രൂപീകരിക്കും. സുരക്ഷാമാനദണ്ഡം കൃത്യമായി പാലിക്കുണ്ടെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും പുതിയ അറിയിപ്പിലുണ്ട്‌.


യാത്രാസംവിധാനത്തിൽനിന്ന്‌ പിന്മാറുന്നതായി സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അറിയിച്ചതിനെ തുടർന്ന്‌ വലിയ പ്രതിഷേധം ഉയർന്നിരുന്നു. രക്ഷിതാക്കളുടെ നേതൃത്വത്തിൽ പരാതി നൽകുകയും ചർച്ച നടത്തുകയും ചെയ്തു. സ്കൂൾ ഡയറക്‌ടർ ബോർഡ് അംഗവും എച്ച്എസ്‌സി മേധാവിയുമായ നിധീഷ് കുമാർ രക്ഷിതാക്കളുടെ ആവശ്യത്തെ ശക്തമായി പിന്തുണച്ചു. യാത്രാസംവിധാനം തിരികെ കൊണ്ടുവരാനുള്ള നിർണായക ഇടപെടലും അദ്ദേഹം നടത്തി. ഇതിന്റെയൊക്കെ ഫലമായാണ് സ്കൂൾ മാനേജ്‌മെന്റിന്‌ തീരുമാനം പിൻവലിക്കേണ്ടി വന്നത്‌. വിദ്യാർഥികളുടെ സുരക്ഷയെ മുൻനിർത്തി 2017ൽ ആണ് സ്കൂൾ മോണിറ്റേർഡ് സേഫ് ട്രാൻസ്‌പോർട്ട് സിസ്റ്റം എന്ന പേരിൽ സ്കൂളിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ യാത്രാസംവിധാനം പ്രാബല്യത്തിൽ വന്നത്. സ്‌കൂൾ ബസുകളുമായി ബന്ധപ്പെട്ട് അക്കാലത്ത് ഒമാനിലുണ്ടായ ചില സംഭവങ്ങളെ തുടർന്നായിരുന്നു നടപടി. 2017ൽ ഡയറക്‌ടർ ബോർഡ് ചെയർമാനായിരുന്ന വിൽസൺ ജോർജിന്റെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് നയരേഖയ്ക്കും രൂപം നൽകിയിരുന്നു.


രക്ഷിതാക്കളുടെ ആവശ്യം അംഗീകരിച്ച സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിക്കും വിഷയത്തിൽ ഇടപെട്ട നിധീഷ് കുമാറിനും നന്ദി അറിയിക്കുന്നതായി രക്ഷിതാക്കൾ പറഞ്ഞു. ഈ അധ്യയന വർഷംമുതൽ ഫീസ് വർധിപ്പിക്കാനുള്ള തീരുമാനവും, വേണ്ടത്ര ചർച്ച നടത്താതെ വേനലവധി വെട്ടിക്കുറച്ചതും പുനഃപരിശോധിക്കണമെന്ന്‌ രക്ഷിതാക്കൾ ആവശ്യപ്പെട്ടു. വിദ്യാർഥികളെയും രക്ഷിതാക്കളെയും ദോഷകരമായി ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾക്കെതിരെ തുടർന്നും ശക്തമായി ഇടപെടുമെന്നും രക്ഷിതാക്കളുടെ സംഘത്തിന് നേതൃത്വം നൽകിയ ദിനേശ് ബാബു, കെ വി വിജയൻ, സുഗതൻ, ബിനു കേശവൻ, റിയാസ്, സുബിൻ, ജാൻസ്, സുരേഷ്, അഭിലാഷ് എന്നിവർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home