പശ്ചിമേഷ്യയിലേക്ക് കൂടുതല്‍ യുദ്ധക്കപ്പലുകള്‍

ഫയൽ ചിത്രം
അനസ് യാസിന്‍
Published on Mar 23, 2026, 11:53 AM | 2 min read
മനാമ: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ മേഖലയിൽ സൈനിക വിന്യാസം വന്‍തോതില്‍ വർധിപ്പിച്ച് അമേരിക്ക. പുതുതായി നാല് യുദ്ധക്കപ്പലുകളും ഏകദേശം 2500 സെനികരെയും അയച്ചു. യുഎസ് നാവികസേനയുടെ യുഎസ്എസ് ബോക്‌സര്‍ ഉള്‍പ്പെടുന്ന കപ്പല്‍ സംഘം സാന്‍ ഡിയാഗോയില്‍നിന്ന് പുറപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിനൊപ്പം യുഎസ്എസ് കോംസ്റ്റോക്ക്, യുഎസ്എസ് പോര്‍ട്ട്‌ലന്‍ഡ് എന്നീ കപ്പലുകളും ഉള്‍പ്പെടുന്നു.
യുഎസ്എസ് ട്രിപ്പോളി നേരത്തേ ഏഷ്യന്‍ കടല്‍മാര്‍ഗം പശ്ചിമേഷ്യയിലേക്ക് നീങ്ങിയിരുന്നു. രണ്ട് മറീന്‍ യൂണിറ്റുകളും ഒരുമിച്ചുകഴിഞ്ഞാല്‍ മേഖലയില്‍ അമേരിക്കന്‍ സൈനികരുടെ എണ്ണം 50,000 വരെ ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹോര്‍മുസ് കടലിടുക്കില്‍ കപ്പല്‍ഗതാഗതം തടസ്സപ്പെടുത്തിയ ഇറാന്റെ നീക്കങ്ങള്‍ നിയന്ത്രിക്കാനാണ് വിന്യാസമെന്നാണ് അമേരിക്കന്‍ നിലപാട്. കൂടാതെ, ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിനെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങള്‍ക്ക് അമേരിക്ക തയ്യാറെടുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഇറാനുനല്‍കിയ 48 മണിക്കൂര്‍ അന്ത്യശാസനത്തെ തുടര്‍ന്ന് മേഖലയില്‍ ആശങ്ക ശക്തമായി. അമേരിക്കയോ ഇസ്രയേലോ ഇറാന്റെ ഊര്‍ജനിലയങ്ങള്‍ ആക്രമിച്ചാല്‍ പകരം മേഖലയിലെ ഊര്‍ജം, ഐടി, കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകള്‍ എന്നിവ തകര്‍ക്കുമെന്നാണ് ഇറാന്റെ ഭീഷണി.
അതിനിടെ, ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടര്‍ന്നു. ഞായര്‍ പുലര്‍ച്ചെ റിയാദിനുനേരെ ഇറാൻ മൂന്ന് ബാലിസ്റ്റിക് മിസൈൽ തൊടുത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഒരു മിസൈല്‍ പ്രതിരോധ സംവിധാനം തകര്‍ത്തു. മറ്റ് രണ്ട് മിസൈലുകള്‍ ജനവാസമില്ലാത്ത മേഖലയില്‍ പതിച്ചതായി മന്ത്രാലയ വക്താവ് തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടെത്തിയ 10 ഡ്രോണും സൗദി സൈന്യം തകര്‍ത്തു. ആക്രമണം രൂക്ഷമായതോടെ ഇറാനുമായുള്ള നയതന്ത്ര ബന്ധത്തില്‍ സൗദി കടുത്ത നടപടികളിലേക്ക് കടന്നു. റിയാദിലെ ഇറാന്‍ എംബസിയിലെ മിലിട്ടറി അറ്റാഷെ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥരെ സൗദി പുറത്താക്കി. അസ്വീകാര്യരായ വ്യക്തികളായി പ്രഖ്യാപിച്ച ഇവരോട് 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാന്‍ ഉത്തരവിട്ടു. അന്താരാഷ്ട്ര നിയമങ്ങളുടെയും ബീജിങ് കരാറിന്റെയും ലംഘനമാണ് ഇറാന്‍ നടത്തുന്നതെന്ന് സൗദി മുന്നറിയിപ്പ് നല്‍കി.
ജിസിസി രാജ്യങ്ങള്‍ക്കെതിരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെ കൗണ്‍സില്‍ അപലപിച്ചു. ഖത്തര്‍ തീരത്ത് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചതായും സ്ഥിരീകരിച്ചിട്ടുണ്ട്. സാങ്കേതിക തകരാറാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ലോകത്തിലെ പ്രധാന എണ്ണ ഗതാഗത പാതയായ ഹോർമുസ് കടലിടുക്ക് അടഞ്ഞതോടെ ആഗോള എണ്ണവിലയില്‍ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടാകുന്നത്. ശത്രുരാജ്യങ്ങളുടേതല്ലാത്ത കപ്പലുകള്‍ക്ക് കടന്നുപോകാന്‍ അനുമതിയുണ്ടെന്ന് ഇറാന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഗള്‍ഫ് രാജ്യങ്ങളിലെ എണ്ണക്കമ്പനികള്‍ പലതും പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. അതേസമയം, എണ്ണ, -വാതക വിതരണത്തിലെ അനിശ്ചിതത്വം ആഗോള സാമ്പത്തിക രംഗത്തും പ്രതിഫലിക്കാന്‍ തുടങ്ങി. എണ്ണവിലയും ഗ്യാസ് വിലയും വര്‍ധിച്ചു. വള നിര്‍മാണത്തിനും പ്ലാസ്റ്റിക് ഉല്‍പ്പാദനത്തിനും ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയില്‍ കുറവ് അനുഭവപ്പെട്ടു.









0 comments