ആകാശത്ത് മിസൈൽ ദൃശ്യം: ആശങ്കപ്പെടേണ്ടതില്ലെന്ന് റിപ്പോർട്ട്

മനാമ/ കുവൈത്ത് സിറ്റി : കുവൈത്ത്, ദുബായ്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ ആകാശത്ത് തിങ്കൾ പുലർച്ചെ നാലോടെ ബാലിസ്റ്റിക് മിസൈലുകൾ കണ്ടതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സേന. മിസൈലുകൾ കുവൈത്തിൻ്റെ വ്യോമാതിർത്തിക്ക് പുറത്തും ഭൂമിയിലെ അന്തരീക്ഷപരിധിക്ക് മുകളിൽ കിലോമീറ്ററുകൾ ഉയരത്തിലുമാണ് സഞ്ചരിച്ചതെന്ന് കുവൈത്ത് സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു.
രാജ്യത്തിന് നേരിട്ട് ഭീഷണി ഇല്ല. കൃത്യമായ നിരീക്ഷണമുള്ള സാ ഹചര്യമാണിത്. വിമാനയാത്രയ്ക്കോ ആഗോള വ്യാപാര പാതകൾക്കോ ഇത്തരം മിസൈൽ യാതൊരു ഭീഷണിയും ഉണ്ടാക്കുന്നില്ല. പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും സേന വ്യക്തമാക്കി.
മികച്ച സാങ്കേതിക സംവിധാനങ്ങളോടെയും നിരീക്ഷണ സംവിധാനങ്ങളോടെയും കുവൈത്ത് സംയോജിതമായി പ്രവർത്തിക്കുന്നുണ്ട്. നാഷണൽ ഗാർഡ്, പ്രതിരോധ മന്ത്രാലയം, മറ്റു സുരക്ഷാ ഏജൻസികൾ തുടങ്ങിയവരുമായി ഏകോപനം ശക്തമാക്കി സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും സേനയുടെ ജനറൽ സ്റ്റാഫ് വ്യക്തമാക്കി. മിസൈലുകൾ ഇറാനിലെ ബന്ദർ ഖൊമേനി തീരപ്രദേശത്തും സാഗ്രോസ് പർവതനിരയിലുമാണ് വിക്ഷേപിക്കപ്പെട്ടത്. അതീവ ഉയരത്തിൽ സഞ്ചരിക്കുന്നതിനാൽ, ഹഫർ അൽബാത്തിൻ, റഫഹ, തെക്ക് ഖത്തർ, വടക്കൻ കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ഇവ ദൃശ്യമായതായും മുൻ സൈനികനും പാർലമെൻ്റ് അംഗവുമായ നാസർ അൽദുവൈൽ വ്യക്തമാക്കി.
അതേസമയം, ദുബായിക്ക് മുകളിലൂടെ പറന്ന യാത്രാവിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങളിൽ മിസൈൽ വിക്ഷേപണം വ്യക്തമായി പതിഞ്ഞിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. നിരവധി ബഹ്റൈൻ നിവാസികളും സമാനമായ ദൃശ്യങ്ങൾ പകർത്തിയ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു.










0 comments