കുവൈത്തിന് നേരെയുള്ള ഇറാൻ ആക്രമണങ്ങൾ; അപലപിച്ച് വിദേശകാര്യ മന്ത്രാലയം

കുവൈത്ത് സിറ്റി: ഇന്ന് പുലർച്ചെയുണ്ടായ മിസൈൽ ആക്രമണശ്രമം ഉൾപ്പെടെ രാജ്യത്തിനെതിരായ ആവർത്തിച്ചുള്ള ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്
കുവൈത്ത്. ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
തുടർച്ചയായ ആക്രമണങ്ങൾ രാജ്യത്തെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്നും മേഖലയിൽ സംഘർഷം കുറയ്ക്കാൻ അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങൾക്ക് ഇത്തരം നടപടികൾ തിരിച്ചടിയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രാദേശികവും അന്തർദേശീയവുമായ സമാധാനശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണ് ഈ ആക്രമണങ്ങളെന്നും പ്രസ്താവനയിൽ പറഞ്ഞു.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി അന്താരാഷ്ട്ര നിയമത്തിന്റെയും ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെയും വ്യവസ്ഥകൾക്ക് അനുസൃതമായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള പൂർണ അവകാശം കുവൈത്തിനുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.











0 comments