ad
Deshabhimani

മലയാളീ സമാജം സാഹിതീയം പുസ്തകചർച്ച സംഘടിപ്പിച്ചു

pusthaka charcha
വെബ് ഡെസ്ക്

Published on Apr 16, 2026, 04:36 PM | 2 min read

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സാഹിതീയം പ്രതിമാസ പുസ്തകാവതരണവും ചർച്ചയും സംഘടിപ്പിച്ചു. ടി ഡി രാമകൃഷ്ണൻ എഴുതിയ ജനപ്രിയ നോവൽ ‘മാമ ആഫ്രിക്ക’, ബെന്യാമിൻ രചിച്ച ‘മൾബെറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ’ എന്നിവയാണ് സാഹിതീയം വേദിയിൽ ചർച്ച ചെയ്തത്. ദമ്മാം റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലയാളി സമാജം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ അധ്യക്ഷനായി. സമാജം നിർവാഹകസമിതിയംഗം ഹമീദ് കാണിച്ചാട്ടിൽ ‘മാമ ആഫ്രിക്കയും', ദമ്മാം ഇന്ത്യൻ സ്കൂൾ അധ്യാപിക മഞ്ജുഷ ലജിത്ത് 'മൾബറി, എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ‘ എന്ന പുസ്തകവും അവതരിപ്പിച്ചു.

പൂർണ്ണമായും ആഫ്രിക്കൻ പശ്ചാത്തലത്തിൽ എഴുതപ്പെട്ട മാമ ആഫ്രിക്ക ലോകത്തെ ഭയപ്പെടുത്തിയ ഈദി അമീൻ എന്ന ഏകാധിപതിയുടെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് സംഭവിക്കുന്നത്. അധികാരശക്തികൾക്കു മുമ്പിൽ പൊരുതുകയും ഇരയാക്കപ്പെടുകയും ചെയ്യുന്നവരുടെ കഥയാണ് നോവൽ ചർച്ചചെയ്യുന്നത്. ആഗ്രഹങ്ങൾ പൂർത്തീകരിക്കാതെ മടങ്ങിയ ഷെൽവിയുടെ സ്വപ്നങ്ങളും ഓർമ്മകളുമായി യാത്ര തുടങ്ങുന്ന ഡെയ്‌സിയുടെ ജീവിതത്തെ നിർണ്ണയിക്കുന്നതിൽ കസാൻ സാക്കീസിൻ്റെ രചനകൾ ചെലുത്തിയ സ്വാധീനത്തിലേക്ക് ബെന്യാമിൻ വായനക്കാരെ കൂട്ടികൊണ്ട് പോകുന്നു.


എഴുത്തുകാരായ ഡോ. ടെസ്സി റോണി, സജിത്ത് രാമകൃഷ്ണൻ, ലതികാ പ്രസാദ്, സയ്യിദ് ഹമദാനി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ഹുസൈൻ ചമ്പോളിൽ മോഡറേറ്റർ ആയിരുന്നു. കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ ജീവകാരുണ്ണ്യ പ്രവർത്തകനായിരുന്ന അന്തരിച്ച കബീർ കൊണ്ടോട്ടിയുടെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. മലയാളി സമാജം ദേശീയാധ്യക്ഷൻ മാലിക് മഖ്ബൂൽ അനുസ്മരണപ്രഭാഷണം നടത്തി. പ്രവാസി എഴുത്തുകാരി ലസീന നൗഷാദിന്റെ 'ഫ്ലോട്ടില്ല' എന്ന ആദ്യ കവിതാസമാഹാരത്തിന്റെ സൗദിതല പ്രകാശനം പ്രമുഖ മാധ്യമപ്രവർത്തകനായ പിഎഎം ഹാരിസ്, അധ്യാപികയും എഴുത്തുകാരിയുമായ ജ്യോത്സ്ന രഞ്ജിത്തിന് നൽകിക്കൊണ്ട് നിർവ്വഹിച്ചു.


സൗദി മലയാളി സമാജം നിർവാഹകസമിതിയംഗങ്ങളായ നജ്മുസമാൻ കുളങ്ങരതൊടി, ബിനു പുരുഷോത്തമൻ, ഉണ്ണിക്കൃഷ്ണൻ, ഹുസ്ന ആസിഫ്, എന്നിവർ പരിപാടിയ്ക്ക് നേതൃത്വം നൽകി. പ്രവിശ്യയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരായ സാലു മാഷ്, മോഹൻ വസുധ, ജോയ് തോമസ്, ഇഖ്ബാൽ വെളിയങ്കോട്, ഷാക്കിറ ഹുസൈൻ, സമദ് കൂടല്ലൂർ, ഫസീല ഹസ്സൻ, മുഹമ്മദ് നജീബ്, ശ്രീജിത്ത്, ഗായത്രി ബിജു എന്നിവർ സന്നിഹിതരായിരുന്നു. ഡോക്ടർ സിന്ധു ബിനു സ്വാഗതവും ഷനീബ് അബൂബക്കർ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home