എം ടി: കാലവും കടന്ന് : കേരളാവിങ് അനുസ്മരണവും സാഹിത്യസംവാദവും

മസ്‌കത്ത് : മലയാള സാഹിത്യത്തിലെ അതികായൻ എം ടി വാസുദേവൻ നായരുടെ സ്മരണ പുതുക്കി ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് കേരളാ വിങ് 'എം ടി: കാലവും കടന്ന്' എന്ന പ്രമേയത്തിൽ അനുസ്മരണവും സാഹിത്യസംവാദവും സംഘടിപ്പിച്ചു. ജനുവരി 23ന് വൈകിട്ട് ഏഴിന് കേരളാ വിങ് ഓഫീസിൽ നടന്ന പരിപാടിയിൽ എം ടിയുടെ സാഹിത്യ-സിനിമ-രാഷ്ട്രീയ ജീവിതത്തെ ആസ്പദമാക്കി പാനൽ ചർച്ച നടന്നു.
എം ടി രചനകളിലെ സ്ത്രീ കഥാപാത്രങ്ങളുടെ കരുത്തും നിശബ്ദമായ പോരാട്ടങ്ങളും ലിജിന ഇരിങ്ങയും രാഷ്ട്രീയ ബോധ്യങ്ങളെയും നിലപാടുകളെയും കുറിച്ച് അഭിലാഷ് ശിവനും, മലയാള ഭാഷയ്ക്ക് അദ്ദേഹം നൽകിയ പുതിയ ഭാവുകത്വത്തെക്കുറിച്ച് ഹാറൂൺ റഷീദും സംസാരിച്ചു. രചനകളിലെ പ്രണയത്തെയും വിരഹത്തെയും കുറിച്ചുള്ള നിരീക്ഷണങ്ങൾ പാനൽ അംഗം പ്രസീത പങ്കുവെച്ചു. എം ടിയുടെ തിരക്കഥകൾ മലയാള സിനിമയുടെ ഗതി മാറ്റിയതിനെക്കുറിച്ച് ഷിബു ആറങ്ങാലി സംസാരിച്ചു. അദ്ദേഹത്തിന്റെ സിനിമകൾ വെറും ദൃശ്യങ്ങളല്ല, മറിച്ച് ദാർശനികമായ ആഴമുള്ള രചനകളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. രാജീവ് മഹാദേവൻ മോഡറേറ്ററായി ചർച്ചകൾ നിയന്ത്രിച്ചു.
മലയാളികളുടെ വായനാശീലത്തെയും സാംസ്കാരിക ബോധത്തെയും രൂപപ്പെടുത്തിയ എം ടിയുടെ രചനകൾ കാലാതീതമായി നിലനിൽക്കുമെന്ന് ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തിയ കേരളാ വിങ് കോ കൺവീനർ ജഗദീഷ് കീരി അഭിപ്രായപ്പെട്ടു. കേരളാവിംഗ് ട്രഷറർ സുനിത്ത് തെക്കേടവൻ ആശംസകൾ നേർന്നു സംസാരിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി അഞ്ജലി ബിജു സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ജയചന്ദ്രൻ നന്ദിയും പറഞ്ഞു. കേരളാവിങ് കലാവിഭാഗം സെക്രട്ടറി മുജീബ് മജീദ്, സാമൂഹികക്ഷേമ സെക്രട്ടറി റിയാസ് അമ്പലവൻ, സാമൂഹിക പ്രവർത്തകൻ വിജയൻ കെ വി തുടങ്ങി മസ്കത്തിലെ സാഹിത്യ സാംസ്ക്കാരികമണ്ഡലങ്ങളിലെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.









0 comments