ad
Deshabhimani

റംസാൻ 27–-ാം രാവ്‌; മസ്ജിദുൽ ഹറമിൽ ലക്ഷക്കണക്കിന് തീർഥാടകർ

jiddah
വെബ് ഡെസ്ക്

Published on Mar 16, 2026, 12:01 PM | 1 min read

ജിദ്ദ: റംസാനിലെ പ്രധാന രാത്രികളിലൊന്നായി കണക്കാക്കുന്ന 27–-ാം രാവിൽ മക്കയിലെ മസ്ജിദുൽ ഹറമിൽ ഇശ, തറാവീഹ് നമസ്‌കാരങ്ങൾക്കായി ഒത്തുചേർന്നത്‌ ലക്ഷക്കണക്കിന് വിശ്വാസികൾ. സമാധാനം നിറഞ്ഞ അന്തരീക്ഷത്തിൽ ഉംറ തീർഥാടകരും സന്ദർശകരും പ്രാർഥനകളിൽ മുഴുകി. പുലർച്ചെമുതൽ മസ്ജിദുൽ ഹറമിലേക്കും പരിസരങ്ങളിലേക്കും വിശ്വാസികളുടെ പ്രവാഹമായിരുന്നു.


പള്ളിയുടെ ഉൾഭാഗം, മുറ്റങ്ങൾ, ബേസ്‌മെന്റ്, റൂഫ്‌ടോപ്പ് എന്നിവിടങ്ങളെല്ലാം വിശ്വാസികളെക്കൊണ്ട് നിറഞ്ഞു. ഇരു ഹറം കാര്യാലയ ജനറൽ അതോറിറ്റിയുടെ നേതൃത്വത്തിൽ തീർഥാടകർക്കായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്. ശാരീരിക ബുദ്ധിമുട്ടുള്ളവർക്കായി ഇലക്ട്രിക്, മാനുവൽ വീൽചെയറുകളും ഗോൾഫ് കാർട്ടുകളും ‘തനാഖുൽ' ആപ്പ് വഴി ലഭ്യമാക്കി.
പള്ളിക്കകത്തും പുറത്തും ശുചീകരണ പ്രവർത്തനങ്ങൾ 24 മണിക്കൂറും ഊർജിതമാക്കി.


വിവിധ ഭാഷകളിലുള്ള ഇലക്ട്രോണിക് സ്ക്രീനുകൾ വഴി തീർഥാടകർക്ക് കൃത്യമായ ദിശാബോധം നൽകി. തിരക്ക് നിയന്ത്രിക്കുന്നതിനും പ്രവേശന കവാടങ്ങളിൽ ആളുകളെ സഹായിക്കാനുമായി പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. യന്ത്രഗോവണികൾ, അഗ്നിശമന സംവിധാനങ്ങൾ, എസി എന്നിവയുടെ പ്രവർത്തനക്ഷമത നിരന്തരം നിരീക്ഷിക്കുന്നുണ്ട്.


മുതിർന്നവർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക പ്രാർഥനാസ്ഥലങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്ന ശിശുപരിചരണ കേന്ദ്രവും ഒരുക്കി. മക്ക മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ശുചീകരണവും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പള്ളിക്കകത്തും പുറത്തും മെഡിക്കൽ ക്ലിനിക്കുകളും സജീവമായി. സുരക്ഷിതമായി ആരാധന നിർവഹിക്കാനുള്ള എല്ലാ സൗകര്യവും സൗദി ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ഉറപ്പുവരുത്തിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home