പുതുവഴിയിൽ കുവൈത്ത് സേന; വനിതാ ഓഫീസർമാർ ചുമതലയേറ്റു

കുവൈത്ത് സായുധസേനയിൽ സേവനമാരംഭിച്ച ആദ്യ വനിതാ ഓഫീസർമാർ പ്രതിരോധ മന്ത്രിയ്‌ക്കും ഉന്നത സൈനിക ഉദ്യോഗസ്ഥർക്കുമൊപ്പം

സ്വന്തം ലേഖകൻ
Published on Jun 19, 2026, 05:33 PM | 1 min read
കുവൈത്ത് സിറ്റി : കുവൈത്ത് സായുധസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ സർവകലാശാലയിലെ ബിരുദധാരികളായ ഓഫീസർമാർ ഔദ്യോഗികമായി സേവനത്തിൽ പ്രവേശിച്ചു. പ്രതിരോധ മന്ത്രാലയത്തിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്താണ് ഓഫീസർമാർ ചുമതലയേറ്റത്. പ്രതിരോധ മന്ത്രി ഷെയ്ഖ് അബ്‌ദുള്ള അലി അബ്‌ദുള്ള അൽ -സലേം അൽ സബാഹ് വനിതാ ഓഫീസർമാർക്ക് റാങ്ക് ബാഡ-്‌ജുകൾ സമ്മാനിച്ചു.
സുരക്ഷാ മേഖലയിൽ വനിതകളുടെ കഴിവും വൈദഗ്ധ്യവും കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്താനുള്ള ചരിത്രപരമായ ചുവടുവയ്‌പ്പാണ് നിയമനമെന്ന് മന്ത്രി പറഞ്ഞു. കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ- അഹമ്മദ് അൽ- ജാബിർ അൽ- സബാഹിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വനിതാ ഓഫീസർമാർ നിയമിതരായത്. ദേശീയ വികസനത്തിലും പ്രതിരോധ മേഖലയിലും വനിതകളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗംകൂടിയാണ് നടപടി. രാജ്യത്തിന്റെ പ്രതിരോധ സംവിധാനത്തിൽ പുതിയ അധ്യായത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. ആധുനിക സൈനിക സംവിധാനങ്ങൾ ആവശ്യപ്പെടുന്ന പ്രൊഫഷണൽ മികവും സാങ്കേതിക വൈദഗ്ധ്യവും തുടർച്ചയായി മെച്ചപ്പെടുത്തി രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിൽ മാതൃകാപരമായ സേവനം കാഴ്ചവയ്ക്കണം. അച്ചടക്കത്തോടെയും ആത്മാർഥതയോടെയും രാജ്യസുരക്ഷയ്‌ക്കായി പ്രവർത്തിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് ആഹ്വാനംചെയ്തു.
കുവൈത്ത് സായുധസേന മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ- ശുറൈആൻ, ഉപസേനാമേധാവി മേജർ ജനറൽ പൈലറ്റ് ഷെയ്ഖ് സബാഹ് ജാബിർ അൽ -അഹമ്മദ് അൽ -സബാഹ് തുടങ്ങിയവർ പങ്കെടുത്തു.









0 comments