ad
Deshabhimani

എനർജി ഡ്രിങ്കുകളുടെ വിൽപ്പന: നിയന്ത്രണം കടുപ്പിച്ച്‌ കുവൈത്ത്‌

energy drinks
avatar
കെ ശ്രീജിത്ത്‌

Published on Dec 29, 2025, 11:33 AM | 2 min read

കുവൈത്ത് സിറ്റി: എനർജി ഡ്രിങ്കുകളുടെ വിൽപ്പനയും വിതരണവും സംബന്ധിച്ച നിയന്ത്രണങ്ങൾ കടുപ്പിച്ച്‌ കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അബ്‌ദുൾ വഹാബ് അൽ -അവാദി ഒപ്പുവച്ച മന്ത്രാലയ ഉത്തരവിലൂടെ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു. പൊതു ആരോഗ്യ സംരക്ഷണം ശക്തിപ്പെടുത്താനും ഹാനികരമായ ഉപഭോഗ പ്രവണതകൾ നിയന്ത്രിക്കുന്നതിനുമായാണ്‌ നടപടി.


പുതിയ ഉത്തരവ് പ്രകാരം 18 വയസിന് താഴെയുള്ളവർക്ക് എനർജി ഡ്രിങ്കുകൾ വിൽക്കുന്നത് പൂർണമായും നിരോധിച്ചു. ഒരാൾക്ക് ദിവസം ഉപയോഗിക്കാവുന്ന അളവ് പരമാവധി രണ്ട് കാനുകൾ എന്ന പരിധിയിലേക്ക് ചുരുക്കിയിട്ടുണ്ട്. ഇതോടൊപ്പം, 250 മില്ലിലീറ്ററുള്ള ഒരൊറ്റ കാനിൽ 80 മില്ലിഗ്രാമിൽ അധികം കഫെയിൻ ഉൾക്കൊള്ളാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.


എനർജി ഡ്രിങ്കുകൾ നിർമിക്കുന്നവരും ഇറക്കുമതി ചെയ്യുന്നവരും ഉൽപ്പന്നങ്ങളുടെ പാക്കേജുകളിൽ വ്യക്തവും ശ്രദ്ധേയവുമായ ആരോഗ്യ മുന്നറിയിപ്പുകൾ നിർബന്ധമായും ഉൾപ്പെടുത്തണം. അതേസമയം, എനർജി ഡ്രിങ്കുകളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ, പ്രചാരണ പ്രവർത്തനങ്ങൾ, സ്‌പോൺസർഷിപ്പുകൾ എന്നിവയ്ക്ക് സമ്പൂർണ വിലക്ക് ഏർപ്പെടുത്തി. വിദ്യാഭ്യാസ മേഖലയിൽ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. സർക്കാർ– സ്വകാര്യ സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, പരിശീലന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എനർജി ഡ്രിങ്കുകളുടെ വിൽപ്പനയും വിതരണവും നിരോധിച്ചു. ഇതിന് പുറമേ, സർക്കാർ സ്ഥാപനങ്ങളിലെയും ഏജൻസികളിലെയും വിൽപ്പനയും വിതരണവും അനുവദനീയമല്ല.


വ്യാപാര മേഖലയിൽ റസ്റ്റോറന്റുകൾ, കഫേകൾ, പലചരക്ക്‌ കടകൾ, എല്ലാ തരത്തിലുള്ള ഫുഡ് ട്രക്കുകൾ, സ്വയം സേവന വെൻഡിങ്‌ മെഷീനുകൾ, ഡെലിവറി പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള എനർജി ഡ്രിങ്ക് വിൽപ്പനയും പൂർണമായി വിലക്കി. അതേസമയം, കർശന വ്യവസ്ഥകൾക്ക് വിധേയമായി കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലും പാരലൽ മാർക്കറ്റുകളിലും എനർജി ഡ്രിങ്കുകളുടെ വിൽപ്പനയ്ക്ക് അനുമതിയുണ്ട്‌. ഇത് നിർദിഷ്ട മേഖലകളിൽ, ബന്ധപ്പെട്ട അധികാരികളുടെ കർശന മേൽനോട്ടത്തിൽ, പ്രായപരിധിയും അനുവദനീയമായ അളവും കൃത്യമായി പാലിച്ചുകൊണ്ടുമാത്രമേ നടത്താനാകൂവെന്ന് മന്ത്രാലയം വ്യക്തമാക്കി.


പൊതു ആരോഗ്യ സംരക്ഷണം മുൻനിര്‍ത്തിയുള്ള സമഗ്ര നടപടികളുടെ ഭാഗമായാണ് ഈ നിയന്ത്രണങ്ങളെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുട്ടികളുടെയും യുവാക്കളുടെയും ആരോഗ്യത്തിന് ഗുരുതരമായ ദോഷം സൃഷ്ടിക്കാവുന്ന അമിത കഫെയിൻ ഉപയോഗം തടയുക എന്നതാണ് മുഖ്യലക്ഷ്യം. ഉത്തരവ് കർശനമായി നടപ്പാക്കും. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home