ad
Deshabhimani

കർശന നിയന്ത്രണവുമായി കുവൈത്ത് ആരോഗ്യ മന്ത്രാലയം; ജിസിസി പ്രവാസി ആരോഗ്യ പരിശോധനയ്ക്ക് പുതിയ രൂപരേഖ

doctor
വെബ് ഡെസ്ക്

Published on May 18, 2026, 03:43 PM | 2 min read

കുവൈത്ത് സിറ്റി : പ്രവാസികൾക്കായുള്ള ‘വാഫിദ്’ ആരോഗ്യ പരിശോധനാ സംവിധാനത്തിന് പുതിയ നിയന്ത്രണ ചട്ടങ്ങൾ നടപ്പാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഗൾഫ് രാജ്യങ്ങളിലേക്ക് ജോലി, താമസ വിസകളിൽ എത്തുന്നവരുടെ ആരോഗ്യ പരിശോധനയ്ക്കുള്ള ചട്ടങ്ങൾ ഉത്തരവ് പ്രസിദ്ധീകരിച്ചതോടെ നിലവിൽവന്നു. ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവദി പുറത്തിറക്കിയ 2026ലെ മന്ത്രാലയ ഉത്തരവ് നമ്പർ 139 പ്രകാരമാണ് പുതിയ ചട്ടങ്ങൾക്ക് അംഗീകാരം നൽകിയത്.


ജിസിസി രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്ന പ്രവാസി തൊഴിലാളികൾക്ക് നിർബന്ധമായ ആരോഗ്യ പരിശോധന ഏകീകൃത മാനദണ്ഡപ്രകാരം നടത്താനും പൊതുജനാരോഗ്യ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്താനുമാണ് പുതിയ ചട്ടങ്ങൾ ലക്ഷ്യമിടുന്നത്. അപേക്ഷകർ ശാരീരികമായും മാനസികമായും ജോലിക്ക് അനുയോജ്യരാണോ എന്നും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാംക്രമിക രോഗങ്ങളില്ലെന്നും പരിശോധനകളിലൂടെ ഉറപ്പാക്കും.


ക്ലിനിക്കൽ–ലബോറട്ടറി–റേഡിയോളജി പരിശോധനകൾ ഉൾപ്പെടുന്ന സമഗ്ര ആരോഗ്യ പരിശോധനാ സംവിധാനം പുതിയ ചട്ടങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 15 അധ്യായവും 54 വകുപ്പും ഉൾപ്പെടുന്ന നിയന്ത്രണ ചട്ടങ്ങളിൽ ജിസിസി ആരോഗ്യ സമിതിയുടെ ചുമതല, അംഗീകൃത ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം, സാങ്കേതിക സമിതികൾ, പരാതിപരിഹാര സംവിധാനം, സ്വകാര്യത മാനദണ്ഡം, നൈതിക ചട്ടങ്ങൾ എന്നിവയും വിശദമായി വ്യക്തമാക്കിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിലാളികളെ അയക്കുന്ന രാജ്യങ്ങളിലെ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങൾക്ക് അംഗീകാരം നൽകുകയും പ്രവർത്തനം നിരീക്ഷിക്കുകയും ചെയ്യുന്നത് ജിസിസി ആരോഗ്യ സമിതിയുടെ മേൽനോട്ടത്തിലായിരിക്കും.


അപ്രതീക്ഷിത പരിശോധന, ആരോഗ്യ പ്രകടന വിലയിരുത്തൽ, ചട്ടലംഘനങ്ങൾക്ക് ശിക്ഷാനടപടി എന്നിവയും സമിതി വഴി നടപ്പാക്കും. പ്രവാസികൾക്കായി നിർബന്ധമായ ആരോഗ്യ പരിശോധനകളുടെ പട്ടിക നിശ്ചയിക്കുകയും സമയാനുസൃതമായി പുതുക്കുകയും ചെയ്യാനുള്ള ചുമതല വാഫിദ് പദ്ധതിയിലെ കേന്ദ്ര സാങ്കേതിക സമിതിക്കാണ്. വാഫിദ് ഇലക്‌ട്രോണിക് സംവിധാനം വികസിപ്പിക്കൽ, ആരോഗ്യ യോഗ്യതയില്ലാത്ത കേസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം, പരിശീലന പരിപാടി സംഘടിപ്പിക്കൽ, ജിസിസി എംബസികളുമായും കോൺസലേറ്റുകളുമായും ഏകോപനം ശക്തിപ്പെടുത്തൽ എന്നിവ ഉൾപ്പെടെ 20 പ്രധാന ചുമതലകളും ആരോഗ്യ സമിതിക്ക്‌ ചട്ടങ്ങളിൽ നൽകിയിട്ടുണ്ട്.


അംഗീകൃത ആരോഗ്യ കേന്ദ്രങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റുകൾ വിസ നടപടികൾക്കായി നൽകുന്ന തീയതിമുതൽ രണ്ടുമാസംവരെ സാധുവായിരിക്കും. അപേക്ഷയുടെ ഭാഗമായി വാക്സിനേഷൻ കാർഡും വാഫിദ് ഇലക്‌ട്രോണിക് സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യണമെന്ന് ചട്ടത്തിലുണ്ട്‌. ജോലി, താമസ ആവശ്യങ്ങൾക്കായി ജിസിസി രാജ്യത്തേക്കെത്തുന്ന എല്ലാ പ്രവാസികൾക്കും പുതിയ ചട്ടങ്ങൾ ബാധകമായിരിക്കും. എന്നാൽ, ചില പ്രായവിഭാഗങ്ങൾക്ക് അംഗരാജ്യങ്ങൾക്ക്‌ പ്രത്യേക ഇളവുകൾ നൽകാനാകുമെന്നും ചട്ടങ്ങളിൽ വ്യക്തമാക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home