ഒരു ബില്ലിൽ അഞ്ച് കെയ്‌സ് കുപ്പിവെള്ളം മാത്രം: നിയന്ത്രണം തുടരുമെന്ന് കുവൈത്ത് സാമൂഹികകാര്യ മന്ത്രാലയം

കുവൈത്ത് സിറ്റി: സഹകരണ സംഘങ്ങളുടെ സെൻട്രൽ മാർക്കറ്റുകളിലും ശാഖകളിലും ഒരു ബില്ലിൽ പരമാവധി അഞ്ച് കെയ്‌സ് കുപ്പിവെള്ളം മാത്രമേ അനുവദിക്കൂവെന്ന നിലവിലെ നിയന്ത്രണം തുടരുമെന്ന് സാമൂഹികകാര്യ മന്ത്രാലയം വ്യക്തമാക്കി. പരിഭ്രാന്തി മൂലമുള്ള അമിതവാങ്ങലും അനാവശ്യ സംഭരണവും ഒഴിവാക്കി എല്ലാ ഉപഭോക്താക്കൾക്കും കുപ്പിവെള്ളം ലഭ്യമാക്കാനാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു.
സാമൂഹികകാര്യ, കുടുംബ, ശിശുക്ഷേമ മന്ത്രി ഡോ. അംതാൽ അൽ ഹുവൈലയുടെ മേൽനോട്ടത്തിലുള്ള സഹകരണ മേഖലാ വിഭാഗം ഉപഭോക്തൃ സഹകരണസംഘങ്ങളുടെ യൂണിയന് ഇതുസംബന്ധിച്ച നിർദേശം വീണ്ടും കൈമാറി. എല്ലാ സഹകരണസംഘങ്ങളും പരിധി കർശനമായി നടപ്പാക്കണമെന്നും യാതൊരു ഇളവും അനുവദിക്കരുതെന്നും നിർദേശിച്ചിട്ടുണ്ട്.
ആവശ്യത്തിലധികം കുപ്പിവെള്ളം വാങ്ങുന്നത് പരിഭ്രാന്തി സൃഷ്ടിക്കും. വിൽപ്പന ക്രമീകരിക്കുന്നതിനും വിപണികളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും എല്ലാ സഹകരണ വിപണികളിലും കുപ്പിവെള്ളത്തിന്റെ സുഗമമായ ലഭ്യത ഉറപ്പാക്കുന്നതിനുമാണ് നിയന്ത്രണം തുടരുന്നത്. കുപ്പിവെള്ളത്തിന്റെ ഉൽപ്പാദനത്തിലോ വിതരണത്തിലോ യാതൊരു കുറവും നിലവിലില്ല. സംഭരണ പ്രവണത തടയാനും ഉത്തരവാദിത്തത്തോടെയുള്ള വാങ്ങൽ പ്രോത്സാഹിപ്പിക്കാനുമുള്ള മുൻകരുതൽ നടപടിയായാണ് ഈ നിയന്ത്രണം നിലനിർത്തുന്നതെന്നും അറിയിച്ചു.
നിർദേശം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് മന്ത്രാലയം തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും, നിയമലംഘനമോ നടപ്പാക്കുന്നതിലെ വീഴ്ചയോ അനുവദിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. പൗരന്മാരും വിദേശികളും ആവശ്യത്തിനുള്ളത് മാത്രം വാങ്ങണമെന്നും, അനാവശ്യ ആശങ്ക സൃഷ്ടിഷ്ടിക്കുന്ന വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം അഭ്യർഥിച്ചു. കുപ്പിവെള്ളത്തിന്റെ ഉൽപ്പാദനവും വിതരണവും സാധാരണ നിലയിൽ തുടരുന്നതിനാൽ വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ അളവിൽ സ്റ്റോക്ക് ലഭ്യമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.









0 comments