ad
Deshabhimani

30ന് പ്രവൃത്തി തുടങ്ങും; കുവൈത്ത് വിമാനത്താവളത്തിൽ 3–ാം റൺവേ തയ്യാർ

kuwait airport
വെബ് ഡെസ്ക്

Published on Oct 15, 2025, 10:24 AM | 1 min read

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ മൂന്നാമത്തെ റൺവേയും പുതിയ എയർ ട്രാഫിക് കൺട്രോൾ ടവറും 30ന് പ്രവൃത്തി ആരംഭിക്കും. 4.58 കിലോമീറ്റർ ദൈർഘ്യമുള്ള റൺവേ ലോകത്തിലെ ഏറ്റവും നീളം കൂടിയവയിൽ ഒന്നാണ്. പുതിയ പദ്ധതികൾ സുരക്ഷാനിലവാരവും പ്രവർത്തന കാര്യക്ഷമതയും പരമാവധി ഉയർത്താനുള്ള ലക്ഷ്യത്തോടെയാണ് നടപ്പാക്കിയതെന്ന് വ്യോമയാന അതോറിറ്റിയിലെ ആസൂത്രണ, പദ്ധതി വിഭാഗം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എൻജിനിയർ സാദ് അൽ ഒതൈബി പറഞ്ഞു. രാജ്യത്തെ പ്രാദേശിക വിമാനഗതാഗതത്തിന്റെയും ലോജിസ്റ്റിക്സ്‌ സേവനങ്ങളുടെയും കേന്ദ്രമാക്കി മാറ്റാനുള്ള ലക്ഷ്യത്തോടെയാണിത്‌. അടിസ്ഥാന സൗകര്യങ്ങൾ ആധുനികമാക്കുകയും യാത്രക്കാരുടെ സേവന നിലവാരം ഉയർത്തുകയും ദേശീയ വരുമാനം വർധിപ്പിക്കുകയും ചെയ്യുന്ന സമഗ്ര പദ്ധതിയുടെ ഭാഗമാണ്‌ വിമാനത്താവള വികസനമെന്നും ഒതൈബി വ്യക്തമാക്കി.

ലോകത്തിലെ പ്രമുഖ വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്നതുപോലെ ആധുനിക നാവിഗേഷൻ സംവിധാനങ്ങളും മുൻനിര സാങ്കേതികവിദ്യകളും ഉൾപ്പെടുത്തിയാണ്‌ എയർ ട്രാഫിക് കൺട്രോൾ ടവർ സജ്ജീകരിച്ചത്‌. പ്രതിവർഷം ആറുലക്ഷത്തിലധികം ടേക്ക് ഓഫ്, ലാൻഡിങ്‌ നീക്കങ്ങൾ കൈകാര്യം ചെയ്യാനുള്ള ശേഷിയുള്ളതാണ് പുതിയ റൺവേ. വിമാനത്താവള മാനേജ്മെന്റ്, പ്രവർത്തനം, വ്യോമ നാവിഗേഷൻ, ഗ്രൗണ്ട് സർവീസുകൾ തുടങ്ങി വിവിധ മേഖലകളിൽ 20,000-ൽ അധികം സ്വദേശികൾക്ക് തൊഴിലവസരങ്ങൾ പദ്ധതിയിലൂടെ ലഭിക്കും.

നിർമാണം പുരോഗമിക്കുന്ന യാത്രക്കാരുടെ ടെർമിനൽ– 2 കുവൈത്ത് വിമാനത്താവളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയായിരിക്കും. അതിന്റെ ആർക്കിടെക്ചറൽ രൂപകൽപ്പനയും പ്രവർത്തന നിലവാരവും ലോകത്തിലെ പ്രമുഖ വിമാനത്താവളങ്ങളോട് താരതമ്യം ചെയ്യാവുന്നതായിരിക്കും. പദ്ധതിയുടെ പുരോഗതിയെ വേഗത്തിലാക്കുന്നതിൽ പബ്ലിക് വർക്‌സ്‌ മന്ത്രിയായ ഡോ. നൂറ അൽ മഷാൻ നടത്തിയ ഏകോപനത്തെ ഒതൈബി പ്രത്യേകമായി പ്രശംസിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home