21 വയസിന് താഴെയുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കരുത്; കുവൈത്തിൽ കടുത്ത നിയന്ത്രണം

കുവൈത്ത് സിറ്റി: കുവൈത്തിൽ പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും പ്രദർശനത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ ആവദിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ വ്യവസ്ഥകൾ പ്രകാരം 21 വയസിന് താഴെയുള്ളവർക്ക് പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചു.
പുകയിലയ്ക്ക് പുറമെ ഇ-സിഗരറ്റ്, ഹീറ്റഡ് ടുബാക്കോ, നിക്കോട്ടിൻ പൗച്ചുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വിൽപ്പനയും പ്രദർശനവും നിയന്ത്രണത്തിന്റെ പരിധിയിൽ വരും. സ്കൂളുകൾ, സർവകലാശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, യുവജന കേന്ദ്രങ്ങൾ, സിനിമാ തിയേറ്ററുകൾ എന്നിവിടങ്ങളിൽ ഇത്തരം ഉൽപ്പന്നങ്ങളുടെ വിൽപ്പനയും വിതരണവും പൂർണമായും നിരോധിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ വിൽക്കുന്ന കടകൾ പ്രവർത്തിക്കാനും അനുമതിയില്ല. സഹകരണ സംഘങ്ങളിലെ വിപണന കേന്ദ്രങ്ങളിലും സമാന്തര വിപണികളിലും പുകയില ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് കാണാവുന്ന വിധത്തിൽ തുറന്നുവച്ച് പ്രദർശിപ്പിക്കുന്നതിനും വിലക്കുണ്ട്. അധികൃതർ നിശ്ചയിക്കുന്ന പ്രത്യേക സ്ഥലങ്ങളിൽ നിർദേശിച്ച വ്യവസ്ഥകൾ പാലിച്ചുമാത്രമേ ഇവ സൂക്ഷിക്കാനും വിൽക്കാനും കഴിയൂ.
കുട്ടികളെയും യുവാക്കളെയും ആകർഷിക്കുന്ന തരത്തിലുള്ള ഉൽപ്പന്ന രൂപകൽപ്പനയ്ക്കും പാക്കേജിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കാർട്ടൂൺ കഥാപാത്രങ്ങൾ, ആകർഷക ചിത്രങ്ങൾ, മിഠായികളുടെയോ പാനീയങ്ങളുടെയോ രൂപസാദൃശ്യമുള്ള പാക്കേജിങ് എന്നിവ ഉപയോഗിക്കുന്ന പുകയില, നിക്കോട്ടിൻ ഉൽപ്പന്നങ്ങളും നിരോധന പരിധിയിൽ ഉൾപ്പെടും.
കുട്ടികളെയും യുവാക്കളെയും പുകയിലയുടെയും നിക്കോട്ടിൻ ഉൽപ്പന്നങ്ങളുടെയും ഉപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനൊപ്പം പൊതുജനാരോഗ്യം ഉറപ്പാക്കുകയാണ് പുതിയ നിയന്ത്രണങ്ങളുടെ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.









0 comments