യാത്രയ്ക്കിടെ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം; ബൈക്ക് റൈഡറെ വിലക്കി റാപിഡോ

പങ്കുവെച്ച വീഡിയോയിലെ ചിത്രം, Photo: Instagram
ലഖ്നൗ: ബൈക്ക് യാത്രയ്ക്കിടെ 17 വയസുകാരന് നേരെ ലൈംഗികാതിക്രമം നടത്തി റാപിഡോ ഡ്രൈവർ. കൗമാരക്കാരൻ തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങളിലൂടെ റൈഡറുടെ ലൈംഗികാതിക്രമം പുറത്തുവിട്ടത്. യാത്രയ്ക്കിടെ ബൈക്കിന്റെ പിന്നിൽ ഇരിക്കവെ റൈഡർ തന്റെ ശരീരത്തിലേയ്ക്ക് കൈ നീട്ടുകയായിരുന്നുവെന്ന് 17 കാരൻ പറയുന്നു.
ഉടൻ തന്നെ കൈ തട്ടി മാറ്റിയിട്ടും വീണ്ടും കൈ നീട്ടുകയും കാലിലും തുടയിലും സ്പർശിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ആരോപിച്ചു. കൈ തട്ടി മാറ്റുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പടെയാണ് കൗമാരക്കാരൻ പങ്കുവെച്ചത്. കുറിപ്പിൽ റാപിഡോയെ ടാഗ് ചെയിതിട്ടുണ്ട്. പിന്നാലെ പ്രതികരണവുമായി റാപിഡോ രംഗത്തെത്തി. ആരോപണം ഗൗരവമായി കാണുന്നുവെന്നും ഡ്രൈവർമാരിൽ നിന്നും ഇത്തരം പെരുമാറ്റം അംഗീകരിക്കാൻ കഴിയില്ലെന്നും റാപിഡോ പറഞ്ഞു.
പിന്നാലെ റൈഡർക്കെതിരെ നടപടി സ്വീകരിച്ചതായും പ്ലാറ്റ്ഫോമിൽ നിന്നും വിലക്കിയതായും കമ്പനി അറിയിച്ചു. ഉപഭോക്താവിന്റെ സുരക്ഷയെ ബാധിക്കുന്ന പെരുമാറ്റം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും എല്ലാവർക്കും സുരക്ഷിതവും മാന്യവുമായ ഇടമായി ഞങ്ങളുടെ പ്ലാറ്റ്‌ഫോം നിലനിർത്താൻ സാധ്യമായതെല്ലാം തുടർന്നും ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി. പിന്നാലെ റാപിഡോയ്ക്ക് നന്ദി പറഞ്ഞ് 17 കാരൻ കുറിപ്പ് പങ്കുവെച്ചു.









0 comments