ad
Deshabhimani

കുവൈത്തിൽ പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം പ്രാബല്യത്തിൽ; വധശിക്ഷ ഉൾപ്പെടെ കർശന വ്യവസ്ഥകൾ

Anti drug campaign
avatar
സ്വന്തം ലേഖകൻ

Published on Dec 16, 2025, 03:21 PM | 2 min read

കുവൈത്ത് സിറ്റി: മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെ ഫലപ്രദമായി ചെറുക്കാനുള്ള മയക്കുമരുന്ന് വിരുദ്ധ സൈക്കോട്രോപിക് ലഹരിവസ്‌തു നിയമം കുവൈത്തിൽ പ്രാബല്യത്തിൽ വന്നു. സംഘടിത ക്രിമിനൽ ശൃംഖലകളെ വേരോടെ തകർക്കാനും മയക്കുമരുന്നിന്റെ ഇരകൾക്ക് ചികിത്സയും പുനരധിവാസവും ഉറപ്പാക്കാനുമായാണ്‌ പുതിയ നിയമം രൂപീകരിച്ചത്. 84 വകുപ്പ്‌ ഉൾക്കൊള്ളുന്ന നിയമം, മയക്കുമരുന്ന് കടത്തും അനധികൃത ഇടപാടുകളും ഉൾപ്പെടെയുള്ള കുറ്റകൃത്യത്തിനെതിരെ കടുത്ത ശിക്ഷാനടപടി നിർദേശിക്കുന്നു. ഇതോടൊപ്പം, ചികിത്സ ആവശ്യമുള്ളവർക്ക്‌ സുരക്ഷിതവും നിയന്ത്രിതവുമായ ചികിത്സാസംവിധാനങ്ങളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


മയക്കുമരുന്ന് സൈക്കോട്രോപിക് ലഹരിവസ്‌തുക്കളുമായി ബന്ധപ്പെട്ട മുൻ നിയമങ്ങൾ ഏകീകരിച്ച് ഒരൊറ്റ ചട്ടക്കൂടിലാക്കിയതോടെ നിർവചനങ്ങൾ, ശിക്ഷകൾ, നിയമനടപടികൾ എന്നിവയ്ക്ക്‌ കൂടുതൽ വ്യക്തതയും ഏകീകരണവും കൈവരിച്ചു. പണമിടപാടുകൾക്ക് പുറമേ സേവനങ്ങളോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കാനായി മയക്കുമരുന്ന് കൈമാറുന്നതുപോലുള്ള ഇടപാടുകളും കുറ്റകൃത്യങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി നിയമം വിപുലീകരിക്കുന്നു.


പുതിയ നിയമപ്രകാരം പത്ത് ലഹരികുറ്റങ്ങൾക്ക് വധശിക്ഷ നിർബന്ധമാക്കുന്നു. പ്രായപൂർത്തിയാകാത്തവരെയോ മാനസിക അസ്വാസ്ഥ്യമുള്ളവരെയോ ലഹരി വിൽപ്പനയ്ക്കും പ്രചാരണത്തിനും ഉപയോഗിക്കുക, കുറ്റകൃത്യം ആവർത്തിക്കുക, ജയിലുകൾ, പൊലീസ് സ്റ്റേഷനുകൾ, ലഹരി ചികിത്സ പുനരധിവാസ കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കായിക ക്ലബ്ബുകൾ തുടങ്ങിയ ഇടങ്ങളിൽ ലഹരികുറ്റങ്ങൾ നടത്തുക എന്നീ സാഹചര്യങ്ങളിലാണ് കടുത്ത ശിക്ഷ ബാധകമാകുക. അധികാരസ്ഥാനം ദുരുപയോഗം ചെയ്ത് ലഹരികുറ്റങ്ങളിൽ ഏർപ്പെടുന്ന ഉദ്യോഗസ്ഥർ, സംഘടിത ലഹരി സംഘങ്ങളുടെ നടത്തിപ്പുകാർ, മറ്റുള്ളവരെ നിർബന്ധിച്ച് ലഹരി ഉപയോഗിപ്പിക്കുന്നവർ, അറിവില്ലാതെ ശരീരത്തിൽ ലഹരി നൽകുന്നവർ തുടങ്ങിയവർക്ക്‌ വധശിക്ഷ ബാധകമാകും. വ്യാപാരലക്ഷ്യത്തോടെ ലഹരി മരുന്നുകളോ ഗുളികകളോ ഇറക്കുമതി ചെയ്യുകയോ കടത്തുകയോ ചെയ്യുന്നവർക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ, കൂടാതെ പരമാവധി 20 ലക്ഷം കുവൈത്ത് ദിനാർവരെ പിഴയോ ശിക്ഷ ലഭിക്കും. ലഹരി ഉൽപ്പാദനം, നിർമാണം, കൃഷി എന്നിവ വ്യാപാരോദ്ദേശത്തോടെ നടത്തുന്നവർക്കും ഇതേ ശിക്ഷയാണ്. കുറ്റകൃത്യത്തിനിടെ അക്രമം പ്രയോഗിക്കുന്ന പക്ഷം ശിക്ഷ ഇരട്ടിയാക്കാനുള്ള അധികാരവും കോടതികൾക്ക് നൽകിയിട്ടുണ്ട്.


അതേസമയം, ശിക്ഷാനടപടികളോടൊപ്പം മാനുഷിക സമീപനവും നിയമം ഉറപ്പാക്കുന്നു. പരാതി രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് സ്വമേധയാ ചികിത്സ തേടുന്ന മയക്കുമരുന്ന് ആശ്രിതരെ നടപടികളിൽനിന്ന് ഒഴിവാക്കും. ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളുടെയും റിപ്പോർട്ടുകളുടെയും സ്വകാര്യത കർശനമായി സംരക്ഷിക്കും. അവ അനധികൃതമായി വെളിപ്പെടുത്തുന്നവർക്ക് തടവും പിഴയും ശിക്ഷയായി നിശ്ചയിച്ചിട്ടുണ്ട്‌. കുടുംബാംഗങ്ങൾക്കും ചികിത്സാ പ്രക്രിയയിൽ പങ്കാളികളാകാൻ നിയമം അവസരം നൽകുന്നു. ഭർത്താവോ ഭാര്യയോ മൂന്നാം തലമുറവരെയുള്ള ബന്ധുക്കൾക്കോ മയക്കുമരുന്നിന്റെ ഇരയെ ചികിത്സയ്ക്കായി റിപ്പോർട്ട് ചെയ്യിക്കാം.


മയക്കുമരുന്ന് ചികിത്സാ പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കാനും ആഭ്യന്തര മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പരിഷ്‌കരണ പുനരധിവാസ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനും നിയമം നിർദേശിക്കുന്നു. വ്യക്തിഗത ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷയ്ക്കുപകരം പുനരധിവാസം നൽകാനും വ്യവസ്ഥകളുണ്ട്. മയക്കുമരുന്ന് സൈക്കോട്രോപിക് ലഹരിവസ്‌തു വിരുദ്ധ സുപ്രീം കൗൺസിൽ രൂപീകരിക്കുന്നതും പ്രധാന വ്യവസ്ഥകളിലൊന്നാണ്. മയക്കുമരുന്ന് വിരുദ്ധ ദേശീയ നയം രൂപപ്പെടുത്തൽ, പ്രതിരോധ നടപടി ശക്തിപ്പെടുത്തൽ, ബോധവൽക്കരണ പ്രവർത്തനം ഏകോപിപ്പിക്കൽ എന്നിവ കൗൺസിലിന്റെ പ്രധാന ചുമതലകളായിരിക്കും. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ -യൂസഫ് അൽ- സബാഹിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ വ്യാപക ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് പിന്നാലെയാണ് നിയമം പ്രാബല്യത്തിൽ വന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home