ad
Deshabhimani

കൊച്ചിയടക്കം 4 നഗരത്തിലേക്ക്‌ സർവീസ്‌ പുനഃരാരംഭിച്ച്‌ കുവൈത്ത് എയർവേയ്സ്

Kuwait Airways
വെബ് ഡെസ്ക്

Published on Apr 03, 2026, 12:22 PM | 1 min read

കുവൈത്ത് സിറ്റി : കൊച്ചിയടക്കം ഇന്ത്യയിലെ നാലു നഗരങ്ങളിലേക്ക് ഞായർമുതൽ സർവീസ്‌ പുനഃരാരംഭിക്കുന്നതായി കുവൈത്ത് എയർവേയ്സ്. മുംബൈ, ഡൽഹി, അഹമ്മദാബാദ് എന്നിവയാണ് സർവീസ്‌ നടത്തുന്ന മറ്റ്‌ നഗരങ്ങൾ. സൗദി അറേബ്യയിലെ ദമ്മാം അന്താരാഷ്ട്ര വിമാനത്താവളം വഴിയായിരിക്കും യാത്ര.


ആഴ്ചയിൽ ഒരു സർവീസ്‌ എന്ന നിലയിൽ ഞായർ മാത്രമായിരിക്കും അഹമ്മദാബാദിലേക്കുള്ള വിമാനമെന്ന് കുവൈത്ത് എയർവേയ്സ് ആക്ടിങ്‌ സിഇഒ അബ്ദുല്വഹാബ് അൽ -ഷത്തി വ്യക്തമാക്കി. കൊച്ചി സർവീസ് തിങ്കൾമുതൽ ആരംഭിക്കും. തിങ്കൾ, ബുധൻ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സർവീസ്‌ നടത്തും. ആഴ്ചയിൽ ഒരിക്കലുള്ള ഡൽഹി സർവീസ് ചൊവ്വമുതലാണ്‌. മുംബൈ സർവീസ് 10 മുതൽ വെള്ളിയാഴ്ചകളിൽ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.


ദമ്മാം വഴി അടുത്തിടെ ആരംഭിച്ച ലണ്ടൻ, കയ്റോ, ഇസ്താംബൂൾ, ലാഹോർ, അമ്മാൻ എന്നിവ ഉൾപ്പെടെയുള്ള റൂട്ടുകളുടെ ഭാഗമായാണ് ഇന്ത്യയിലേക്കുള്ള സർവീസുകൾ പുനഃരാരംഭിക്കുന്നതെന്ന് അൽ -ഷത്തി പറഞ്ഞു. ഇതോടെ നിലവിൽ പ്രവർത്തിക്കുന്ന കുവൈത്ത് എയർവേയ്സ് സർവീസ് കേന്ദ്രങ്ങളുടെ എണ്ണം ഒമ്പതായി ഉയർന്നു. നിലവിലെ സാഹചര്യങ്ങളിലും പുതിയ നഗരങ്ങൾ ഉൾപ്പെടുത്തി സർവീസ് വ്യാപിപ്പിക്കുന്നതോടൊപ്പം യാത്രക്കാരുടെ വർധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനും കമ്പനി പ്രവർത്തിച്ചുവരുന്നതായും അദ്ദേഹം വ്യക്തമാക്കി.


ദമ്മാം വഴി യാത്ര ചെയ്യുന്നവർക്ക് സൗദി അറേബ്യ വിസ, അപേക്ഷിക്കാനുള്ള സേവനവും ആരംഭിച്ചിട്ടുണ്ട്‌. കുവൈത്ത് എയർവേയ്സ് ടിക്കറ്റ് ബുക്കിങ്ങുള്ള യാത്രക്കാർക്ക് സൗകര്യം ലഭ്യമാകും. യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നൽകുന്നത്‌. മികച്ച പ്രവർത്തന സംവിധാനങ്ങൾ ഉറപ്പാക്കാനായി രാജ്യത്തിനകത്തും പുറത്തുമുള്ള ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നുവെന്നും അൽ- ഷത്തി വ്യക്തമാക്കി.


അൽ ഖൈറാൻ മാളുമായി സഹകരിച്ച് യാത്രയ്ക്കുമുമ്പ് ആകർഷകമായ നിരക്കിൽ ഷോപ്പിങ്‌ സൗകര്യം ഉൾപ്പെടെയുള്ള പ്രത്യേക പ്രമോഷനുകളും യാത്രക്കാർക്ക് ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. 171 ഹോട്ട്‌ലൈൻ, 009651802050 വാട്‌സാപ്, സെയിൽസ് ഓഫീസുകൾ എന്നിവ വഴി ബുക്കിങ്‌ നടത്താം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home