സർവീസ് പുനഃരാരംഭിച്ച് കുവൈത്ത് എയർവേയ്സ്

കുവൈത്ത് സിറ്റി : ജസീറ എയർവേയ്‌സിന് പിന്നാലെ കുവൈത്ത് എയർവേയ്സും സർവീസുകൾ ഭാഗികമായി പുനഃരാരംഭിക്കുന്നു. ആദ്യഘട്ടത്തിൽ കൊച്ചി, തിരുവനന്തപുരം ഉൾപ്പെടെ 13 പ്രധാന നഗരങ്ങളിലേക്കാണ് സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ഡൽഹി, മുംബൈ, മനില, കയ്‌റോ, അമ്മാൻ തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവീസുകൾ ഞായറാഴ്ച ടെർമിനൽ നാലിൽനിന്ന് സുഗമമായും കാര്യക്ഷമമായും നടത്തിയതായി ആക്ടിങ് സിഇഒ അബ്ദുൾ വഹാബ് അൽ- ഷട്ടി അറിയിച്ചു. നിലവിൽ നിർദിഷ്ട കേന്ദ്രങ്ങളിലേക്കാണ് സർവീസുകൾ പരിമിതമായി നടത്തുന്നത്. ഈ ആഴ്ച 35 നഗരങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.
സുരക്ഷയും സേവനനിലവാരവും ഉറപ്പാക്കുന്ന സമഗ്രപദ്ധതികളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്ന് അൽ-ഷട്ടി വ്യക്തമാക്കി. യാത്രക്കാരുടെ സൗകര്യവും സേവന നിലവാരവും ഉയർത്തുന്നതിന് മുൻഗണന നൽകിയുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമയാന മേഖല ശക്തിപ്പെടുത്തുന്നതിൽ വിവിധ അധികൃതർ തമ്മിലുള്ള ഏകോപനം നിർണായകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യോമയാന അതോറിറ്റി ചെയർമാൻ ഷെയ്ഖ് ഹമൂദ് മുബാറക് ഹമൂദ് അൽ സബാഹിന്റെ പിന്തുണയ്ക്കും അദ്ദേഹം നന്ദി അറിയിച്ചു. ദമ്മാം വിമാനത്താവളം വഴി സർവീസുകൾ നടത്തിയ കാലയളവിൽ ഉയർന്ന പ്രൊഫഷണൽ മികവോടെയും സമർപ്പണത്തോടെയും പ്രവർത്തിച്ച ജീവനക്കാരെയും അദ്ദേഹം പ്രശംസിച്ചു. ആവശ്യമായ അനുമതികൾ ലഭിക്കുന്നതനുസരിച്ച് കൂടുതൽ നഗരങ്ങളിലേക്ക് ബുക്കിങ് തുറക്കുമെന്നും കമ്പനി വ്യക്തമാക്കി.









0 comments