Deshabhimani

വിമാനടിക്കറ്റിലെ ഫീസുകൾ വ്യക്തമാക്കണം; അധികതുക ഈടാക്കുന്നത് തടയാൻ നടപടി

kuwait

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം

വെബ് ഡെസ്ക്

Published on Oct 25, 2026, 07:27 AM | 1 min read

കുവൈത്ത് സിറ്റി : വിമാനടിക്കറ്റുകളിൽ വിമാനത്താവള സേവനങ്ങൾക്കുള്ള ഓരോ ഫീസും അതിന്റെ തുകയും പ്രത്യേകം രേഖപ്പെടുത്തണമെന്ന് കുവൈത്ത് സിവിൽ വ്യോമയാന അതോറിറ്റി. നിരക്കുകളിൽ സുതാര്യത ഉറപ്പാക്കാനും യാത്രക്കാരിൽനിന്ന് അംഗീകൃത തുകയേക്കാൾ കൂടുതൽ ഈടാക്കുന്നത് തടയാനുമാണ് നിർദേശം. സർക്കുലറിൽ ഉൾപ്പെടുത്തിയ എല്ലാ ഫീസുകളും പുതുതായി ഏർപ്പെടുത്തിയവയല്ലെന്നും അതോറിറ്റി വ്യക്തമാക്കി.


ഒക്ടോബർ 19ന് പുറത്തിറക്കിയ 58/2026 നമ്പർ സർക്കുലറുമായി ബന്ധപ്പെട്ടാണ് വിശദീകരണം. ചില ഫീസുകൾ നേരത്തേ നിലവിലുള്ളവയും മറ്റുചിലത് അടുത്തിടെ ഏർപ്പെടുത്തിയവയുമാണെന്ന് അതോറിറ്റി വക്താവ് അബ്‌ദുൾ അൽ റാജ്ഹി കുവൈത്ത് വാർത്താ ഏജൻസിയായ കുനയോട് പറഞ്ഞു. ഇവ ടിക്കറ്റിൽ രേഖപ്പെടുത്തുന്നതിന് ഏകീകൃത രീതി നടപ്പാക്കുകയാണ് സർക്കുലറിന്റെ ലക്ഷ്യം.


ടിക്കറ്റിന്റെ ആകെ നിരക്കിൽ ഉൾപ്പെടുന്ന വിവിധ ഫീസുകൾ യാത്രക്കാർക്ക് വ്യക്തമായി മനസിലാക്കാൻ ഇതിലൂടെ കഴിയും. യാത്ര റദ്ദാക്കുമ്പോഴോ പണം തിരികെ ആവശ്യപ്പെടുമ്പോഴോ ടിക്കറ്റിലെ വ്യവസ്ഥകൾക്കും ബാധകമായ ചട്ടങ്ങൾക്കും അനുസരിച്ച് ഫീസ് വിവരങ്ങൾ പരിശോധിക്കാനും ഇത് സഹായിക്കും. യാത്രക്കാരും വിമാനക്കമ്പനികളും യാത്രാ ഏജൻസികളും തമ്മിലുള്ള ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുകയാണ് നടപടിയിലൂടെ ഉദ്ദേശിക്കുന്നതെന്നും അൽ റാജ്ഹി പറഞ്ഞു.


ഫീസുകൾ കൃത്യമായി രേഖപ്പെടുത്താത്തതിന്റെ പേരിൽ നിശ്ചിത നിരക്കിനെക്കാൾ കൂടുതൽ തുക ഈടാക്കുന്നത് തടയാനും സർക്കുലർ ലക്ഷ്യമിടുന്നു. കുവൈത്തിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികളും യാത്രാ–വിനോദസഞ്ചാര ഏജൻസികളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബാധകമായ ഫീസുകളും അവയുടെ തിരിച്ചറിയൽ കോഡുകളും ടിക്കറ്റുകളിൽ പ്രത്യേകം രേഖപ്പെടുത്തണം.


ലഗേജ് തൂക്കുന്നതിനുള്ള ഫീസ് ഒരു ദിനാർ, പുറപ്പെടുന്ന യാത്രക്കാർക്കുള്ള ഫീസ് മൂന്ന് ദിനാർ, എത്തിച്ചേരുന്ന യാത്രക്കാർക്കുള്ള ഫീസ് രണ്ട് ദിനാർ, ഇടത്താവള യാത്രക്കാർക്കുള്ള ഫീസ് ഒരു ദിനാർ, വിമാനത്താവളത്തിൽനിന്ന് പുറപ്പെടുന്നതിനുള്ള നികുതി രണ്ട് ദിനാർ എന്നിവയാണ് സർക്കുലറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.


യാത്രക്കാരുടെ രജിസ്ട്രേഷൻ സംവിധാനത്തിനുള്ള ഫീസായി വിഭാഗമനുസരിച്ച് 620 ഫിൽസും 310 ഫിൽസും രേഖപ്പെടുത്തിയിട്ടുണ്ട്. അതിർത്തിസുരക്ഷയുടെ ഭാഗമായി യാത്രക്കാരുടെ വിവരങ്ങൾ മുൻകൂട്ടി പരിശോധിക്കുന്ന സംവിധാനത്തിനുള്ള ഫീസ് 620 ഫിൽസാണ്.

നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും യാത്രാനടപടികളിൽ വ്യക്തത വരുത്താനും യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും മേൽനോട്ടം തുടരുമെന്ന് അൽ റാജ്ഹി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home