Deshabhimani

വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മകന്റെ മരണത്തിൽ മനംനൊന്ത് അച്ഛൻ ജീവനൊടുക്കിയതെന്ന് പൊലീസ്

father son died
വെബ് ഡെസ്ക്

Published on Oct 25, 2026, 07:34 AM | 1 min read

പാലാ : അച്ഛനെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം, മകന്റെ സ്വാഭാവിക മരണത്തിലെ മനോവിഷമം മൂലം അച്ഛൻ ജീവനൊടുക്കിയതാണെന്ന് പൊലീസ്. പാലാ കത്തീഡ്രൽ പള്ളിയ്ക്ക് സമീപം വീട്ടിനുള്ളിൽ വെള്ളി വൈകിട്ട് മരിച്ചനിലയിൽ കണ്ടെത്തിയ തേക്കിലക്കാട്ടിൽ കെ പ്രേമാനന്ദൻ (63), മകൻ അമൽ പി ആനന്ദ് (29) എന്നിവരുടെ പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിലെ സൂചനകൾ മുൻനിർത്തിയാണ് പൊലീസ് വെളിപ്പെടുത്തൽ.


ജന്മനാ ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്ന അമൽ വീടിനുള്ളിൽ വീണുണ്ടായ അപകടത്തിൽ ശരീരം തളർന്ന് പത്ത് വർഷമായി കിടപ്പുരോഗിയാണ്. മകന്റെ പരിചരണം നടത്തുന്നത് പ്രേമാനന്ദനായിരുന്നു. ഇതിനിടെ ന്യൂമോണിയ ബാധയുണ്ടായ യുവാവിന് സ്വഭാവിക മരണം സംഭവിച്ചതാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. മാരകവിഷം ഉള്ളിൽ ചെന്നതാണ് പ്രേമാനന്ദന്റെ മരണമെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നിഗമനത്തിലെത്തിയത്. സംഭവസമയം പ്രേമാനന്ദന്റെ ഭാര്യ ശോഭന ആശുപത്രിയിൽ പോയിരിക്കുകയായിരുന്നുവെന്നാണ് പറയുന്നത്.


ശനി രാവിലെ ഇൻക്വസ്റ്റ്‌ നടത്തി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചാണ് പോസ്റ്റ്മോർട്ടം നടത്തിയത്. അച്ഛനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സാഹചര്യം വ്യക്തമാകുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവസ്ഥലത്തുനിന്നുള്ള തെളിവുകൾ ശേഖരിച്ച പൊലീസ് മറ്റ് ശാസ്ത്രീയ പരിശോധനകളും നടത്തി. ബന്ധുക്കളിൽനിന്നുൾപ്പെടെ വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ്. പ്രേമാനന്ദന്റെയും മകന്റെയും മൃതദേഹങ്ങൾ ഞായർ പകൽ രണ്ടിന് വീട്ടുവളപ്പിൽ സംസ്കരിക്കും.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home