നെടുമ്പാശേരി നരഹത്യ: മിനി കൂപ്പറിന്റെ ഡാറ്റ വീണ്ടെടുക്കാന്‍ ജര്‍മന്‍ വിദഗ്ധരെത്തും

കൊച്ചി : നെടുമ്പാശേരിയില്‍ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ വാഹനാപകട കേസിൽ ക്രാഷ് ഡാറ്റ വീണ്ടെടുക്കാന്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യൂ കമ്പനി വിദഗ്ധര്‍ ഉടൻ കൊച്ചിയിലെത്തും. ഇതിനായി അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ സമര്‍പ്പിക്കും.
വാഹനത്തിന്റെ ഇവന്റ് ഡാറ്റ റെക്കോര്‍ഡറില്‍ (ഇഡിആര്‍ ) സംഭരിച്ചിരിക്കുന്ന വിവരങ്ങള്‍ വിദഗ്ധരുടെ സഹായത്തോടെ വീണ്ടെടുക്കാന്‍ അനുമതി തേടിയാണ് അപേക്ഷ. ഒക്‌ടോബർ 11-ന് വാഹനം ഇടിക്കുമ്പോള്‍ എത്ര വേഗതയിലായിരുന്നുവെന്ന് കണ്ടെത്തുന്നതിനുള്ള അധിക ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. കമ്പനി പ്രതിനിധികള്‍ നേരത്തെ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് വിശദ വിശകലനത്തിനായി ജര്‍മനിയിലെ ആസ്ഥാനത്തേക്ക് അയച്ചിരുന്നു.
അപകടസമയത്തെ വേഗത, ഡ്രൈവര്‍ ബ്രേക്ക് ചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങള്‍ സിഡിആര്‍ പരിശോധനയിലൂടെ ലഭിക്കുമെന്നാണ് കരുതുന്നത്. അപകടസമയത്ത് കാര്‍ അമിത വേഗതയിലായിരുന്നുവെന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. മുഖ്യപ്രതി സുഹൈൽ സജീവ് അപകടത്തിന് തൊട്ടുമുമ്പ് 160 കിലോമീറ്ററോളം വേഗതയിൽ മിനികൂപ്പർ ഓടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിരുന്നു. പാലാരിവട്ടം, കടവന്ത്ര, നെടുന്പാശേരി എന്നിവിടങ്ങളിലെ ബാറുകളിൽ കയറി മദ്യപിച്ച ശേഷമായിരുന്നു സുഹൈലിന്റെ മരണപ്പാച്ചിൽ.
ഈ മാസം 11ന് പുലർച്ചെയാണ് നെടുമ്പാശേരി എയർപോട്ട് റോഡിൽ അപകടമണ്ടായത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ വാഹനം സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ്‌ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട് കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്‌കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ് (21) എന്നിവരാണ് മരിച്ചത്.
സുഹൈൽ ഉൾപ്പടെയുള്ള നാലു പ്രതികളുടെയും ജാമ്യാപേക്ഷ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. സുഹൈലിന് പുറമെ ആലപ്പുഴ തുമ്പോളി പാലപ്പറമ്പിൽ നിനവ് (19), ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരാണ് കേസിലെ പ്രതികൾ. അതേസമയം കേസിലെ പ്രധാന പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ബോധപൂർവമായ ശ്രമങ്ങൾ നടത്തിയത് ചർച്ചയായിരുന്നു. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് മുഖ്യപ്രതി സുഹൈലിനെതിരെ കേസെടുത്തത്. വാഹനക്കുരുതിയിൽ നിന്നും പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു പൊലീസിന്റെ മെല്ലെപ്പോക്ക്.








0 comments