കൊണ്ടോട്ടി മഹോത്സവം വെള്ളിയാഴ്ച ദമ്മാമിൽ

ദമ്മാം : സൗദി കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടി സ്വദേശികളുടെ കൂട്ടായ്മയായ കൊണ്ടോട്ടിയൻസ് @ ദമ്മാം രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കൊണ്ടോട്ടി മഹോത്സവം (മോയിൻകുട്ടി വൈദ്യർ നൈറ്റ്) സെപ്തംബർ 26 വെള്ളിയാഴ്ച ദമാം ഫൈസലിയ്യ യൗമ് അൽ മിക്ക ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൊണ്ടോട്ടി എംഎൽഎ ടി വി ഇബ്രാഹിം മുഖ്യാതിഥിയായെത്തുന്ന പരിപാടിയിൽ, മാപ്പിളകലാ ഗവേഷകനും കൊണ്ടോട്ടി മുൻസിപ്പൽ വൈസ് ചെയർമാനുമായ അഷ്റഫ് മാടാനും, കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക- കല- മാധ്യമ- ബിസിനസ് രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും. വൈകിട്ട് ആറിന് നടക്കുന്ന സംഗീത സന്ധ്യയിൽ പട്ടുറുമാൽ ഫെയിം സുറുമി വയനാട്, ഗായകരായ ഫഹദ് ബക്കർ, ശുഹൈബ് മലക്കാർ, കരീം മാവൂർ തുടങ്ങിയവർ പങ്കെടുക്കും.
കൂട്ടായ്മയുടെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ മെഡിക്കൽ സേവന ദാതാക്കളായ ബദർ മെഡിക്കൽ ഗ്രൂപ്പുമായി ചേർന്ന് ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കൂട്ടായ്മയിലെ അംഗങ്ങളെ ഉൾക്കൊള്ളിച്ച് സാമൂഹിക സുരക്ഷാ സേവന പദ്ധതികൾ ആസൂത്രണം ചെയ്തതായും ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് ആലിക്കുട്ടി ഒളവട്ടൂർ, സംഘാടകസമിതി ചെയർമാൻ സി അബ്ദുൽഹമീദ്, സെക്രട്ടറി അഷ്റഫ് കൊണ്ടോട്ടി, ട്രഷറർ സിദ്ധിക്ക് ആനപ്ര, ഓർഗനൈസിംഗ് സെക്രട്ടറി ഷമീർ കൊണ്ടോട്ടി, വൈസ് പ്രസിഡൻ്റ് റിയാസ് മരക്കാട്ടുതൊടിക, അനീസ് കോട്ടപ്പുറം തുടങ്ങിയവർ പങ്കെടുത്തു.









0 comments