കുളിർമ നിറച്ച് ഖരീഫ് പടിയിറങ്ങുന്നു

റഫീഖ് പറമ്പത്ത്
Published on Sep 23, 2026, 03:39 PM | 2 min read
സലാല : മനസിൽ മഞ്ഞിന്റെ കുളിർമ നിറച്ച് മറ്റൊരു ഖരീഫ് സീസൺ കൂടി ദോഫാറിൽ പടിയിറങ്ങുന്നു. ജൂൺ 21ന് ആരംഭിച്ച ഇൗ വർഷത്തെ സീസൺ തിങ്കളാഴ്ച ഔദ്യോഗികമായി സമാപിക്കും. മൂടൽമഞ്ഞും ചാറ്റൽമഴയും പച്ചപ്പും തണുത്ത കാലാവസ്ഥയും സമ്മാനിച്ച ദിവസങ്ങൾക്ക് വിട. സഞ്ചാരികളുടെ തിരക്കിലായിരുന്ന സലാലയും ദോഫാറിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും വീണ്ടും സാധാരണ ജീവിതത്തിലേക്ക് മടങ്ങും.
ഐൻ റസാത്ത്, ഐൻ ഹംറാൻ, ഐൻ സഹ്നൂത്, വാദി ദർബാത്ത് തുടങ്ങിയ കേന്ദ്രങ്ങളും വിവിധ മലനിരകളും പച്ചപ്പാർന്ന പ്രദേശങ്ങളും സീസണിലുടനീളം സഞ്ചാരികളെ ആകർഷിച്ചു. വെള്ളച്ചാട്ടങ്ങളിലും നീരുറവകളിലും ജലപ്രവാഹം വർധിച്ചതും പ്രത്യേക കാഴ്ചയായി. ഹോട്ടലുകൾ, റിസോർട്ടുകൾ, റസ്റ്റോറന്റുകൾ, കഫേകൾ, വാഹന വാടക സ്ഥാപനങ്ങൾ, ടാക്സി സർവീസുകൾ, ചെറുകിട വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം സീസണിൽ തിരക്ക് വർധിച്ചു. കുന്തിരിക്കം, ഒമാനി മിഠായികൾ, പരമ്പരാഗത ഉൽപ്പന്നങ്ങൾ, വെള്ളി ആഭരണങ്ങൾ, മൺപാത്രങ്ങൾ തുടങ്ങിയ പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിൽപ്പനയ്ക്കും സീസൺ ഉണർവ് നൽകി. സലാല സമതലത്തിലെ തേങ്ങ, വാഴ, പപ്പായ തുടങ്ങിയ കാർഷിക ഉൽപ്പന്നങ്ങൾക്കും പ്രത്യേക ശ്രദ്ധ ലഭിച്ചു.
സഞ്ചാരികൾ വർധിച്ചു
ഇത്തവണയും വൻതോതിൽ സഞ്ചാരികളാണ് എത്തിയത്. ആഗസ്ത് 31 വരെയുള്ള കാലയളവിൽ 11,16,051 പേർ ദോഫാർ സന്ദർശിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10,27,255 സന്ദർശകരായിരുന്നു. 8.6 ശതമാനമാണ് വർധന. ആഗസ്തിൽമാത്രം 6,43,602 സന്ദർശകരെത്തി. സ്വദേശികളാണ് ഇതിൽ കൂടുതൽ. 8,16,719 ഒമാനികൾ ദോഫാറിലെത്തി. മൊത്തം സന്ദർശകരുടെ 73.2 ശതമാനം. ജിസിസി രാജ്യങ്ങളിൽനിന്ന് 1,83,861 പേരും മറ്റ് രാജ്യങ്ങളിൽനിന്ന് 1,15,471 പേരും എത്തി. റോഡ് മാർഗം എത്തിയവരാണ് ഇത്തവണയും വലിയ പങ്ക്. ആഗസ്ത് അവസാനംവരെ 8,31,384 പേർ കര അതിർത്തി വഴി ദോഫാറിലെത്തി. വിമാനമാർഗമെത്തിയത് 2,84,667 പേരാണ്. സഞ്ചാരികളുടെ വർധന സലാല വിമാനത്താവളത്തിലും പ്രതിഫലിച്ചു. ജൂൺ 21 മുതൽ ജൂലൈ 31 വരെ വിമാനത്താവളത്തിലെത്തിയ വിമാനങ്ങളുടെ എണ്ണം 1758 ആയി. കഴിഞ്ഞ വർഷത്തെ 1637 വിമാനങ്ങളെ അപേക്ഷിച്ച് ഏഴ് ശതമാനം വർധന. ഇതേ കാലയളവിൽ വിമാനമാർഗം എത്തിയ യാത്രക്കാരുടെ എണ്ണം 1,54,529 ആയും ഉയർന്നു.
125ൽ അധികം പരിപാടി
പ്രകൃതിഭംഗിക്കൊപ്പം കലാസാംസ്കാരിക, കായിക, വിനോദ പരിപാടികളും സീസണിൽ അരങ്ങേറി. ദോഫാർ മുനിസിപ്പാലിറ്റി 125 വ്യത്യസ്ത പരിപാടിയാണ് നടപ്പാക്കിയത്. അന്താരാഷ്ട്ര നാടകമേള, ശിൽപമേള, സംഗീത പരിപാടികൾ, കോമഡി ഷോകൾ, കായിക, പൈതൃക പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെട്ടു. സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ പരിസ്ഥിതി സംരക്ഷണത്തിനും അധികൃതർ പ്രത്യേക പ്രാധാന്യം നൽകി. ഹരിതപ്രദേശങ്ങളിലും പ്രകൃതിദത്ത വിനോദകേന്ദ്രങ്ങളിലും നിയമലംഘനങ്ങൾ തടയാൻ പരിസ്ഥിതി അതോറിറ്റി, ദോഫാർ മുനിസിപ്പാലിറ്റി, റോയൽ ഒമാൻ പൊലീസ് എന്നിവയുടെ സഹകരണത്തോടെ പരിശോധനകളും ബോധവൽക്കരണ പ്രവർത്തനങ്ങളും ശക്തമാക്കിയിരുന്നു.








0 comments