കേരള അസോസിയേഷൻ കുവൈത്ത് ’നോട്ടം 2025’ ഡിസംബർ 5ന്; ജോണി ആന്റണിക്ക് കണിയാപുരം രാമചന്ദ്രൻ അവാർഡ്

കുവൈത്ത് സിറ്റി: കേരള അസോസിയേഷൻ കുവൈത്ത് സംഘടിപ്പിക്കുന്ന 12-മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം 2025’ ഡിസംബർ 5ന് ഉച്ചയ്ക്ക് 1 മണിക്ക് അഹ്മദി ഡിപിഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഷോർട്ട് ഫിലിം മേളകളിലൊന്നായി പരിഗണിക്കപ്പെടുന്ന നോട്ടം ഈ വർഷവും വൈവിധ്യമാർന്ന സിനിമാ മികവുകൾ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു. പ്രശസ്ത സംവിധായകനും ഓസ്കാർ നോമിനിയുമായ ഡോ. ബിജു ദാമോദരൻ മേള ഉദ്ഘാടനം ചെയ്യും.
മലയാള സിനിമയിൽ സംവിധാനം, അഭിനയം എന്നീ മേഖലകളിൽ തന്റേതായ മുദ്ര പതിപ്പിച്ച ജോണി ആന്റണിയെ ഈ വർഷത്തെ കണിയാപുരം രാമചന്ദ്രൻ മെമ്മോറിയൽ അവാർഡിന് തെരഞ്ഞെടുത്തതായി സംഘാടകർ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങിയ പുരസ്‌കാരം ഫെസ്റ്റിവൽ വേദിയിൽ വെച്ച് നൽകും.
ഫെസ്റ്റിവൽ ജൂറിയിൽ ദേശീയ അവാർഡ് ജേതാവ് സംവിധായകൻ ഡോ. ബിജു, സംവിധായകൻ വി സി അഭിലാഷ്, ചലച്ചിത്ര നിരൂപകൻ ഡോ. സി എസ്. വെങ്കിടേശ്വരൻ എന്നിവരാണ് അംഗങ്ങൾ. ഗ്രാൻഡ് ജൂറി അവാർഡ്, മികച്ച പ്രവാസി ചിത്രം, മികച്ച പ്രേക്ഷക ചിത്രം, മികച്ച കുട്ടികളുടെ ചിത്രം, സംവിധായകൻ, സ്ക്രിപ്റ്റ്, എഡിറ്റിംഗ്, ആർട്ട് ഡയറക്ഷൻ, ശബ്ദമിശ്രണം, മികച്ച നടൻ–നടി, ബാലതാരം, ഛായാഗ്രഹണം എന്നിവ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലായാണ് അവാർഡുകൾ പ്രഖ്യാപിക്കുക.
പ്രദർശനം, മത്സരം, ഓപ്പൺ ഫോറം എന്നീ മൂന്ന് വിഭാഗങ്ങളായി മേള ക്രമീകരിച്ചിട്ടുണ്ടെന്നും ഇത്തവണത്തെ മത്സര വിഭാഗത്തിൽ 34 ചിത്രങ്ങളാണുള്ളതെന്നും കേരള അസോസിയേഷൻ ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് ബിവിൻ തോമസ്, ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ, ഫെസ്റ്റിവൽ കൺവീനർ മണിക്കുട്ടൻ എടക്കാട്ട് ട്രഷറർ അനിൽ കെ.ജി, ജോയിന്റ് സെക്രട്ടറി മഞ്ജു മോഹൻ, ജനറൽ കോർഡിനേറ്റർമാരായ ശ്രീംലാൽ, ഷാജി രഘുവരൻ, വൈസ് പ്രസിഡണ്ട് ശ്രീഹരി കുമാർ, അരീഷ് രാഘവൻ, ബേബി ഔസേഫ്, ഉണ്ണിമായ ഉണ്ണികൃഷ്ണൻ എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.









0 comments