മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം; ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണിത്: വി എം സുധീരൻ

തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ.
'ഈ കാര്യത്തിൽ ഇനിയും സാങ്കേതികത്വം നോക്കാതെ എത്രയും വേഗത്തിൽ തന്നെ കർശനവും മാതൃകാപരവുമായ നടപടി സ്വീകരിക്കാൻ കോൺഗ്രസ് നേതൃത്വം തയ്യാറാകണം. രാഹുൽ നിയമസഭാ അംഗത്വം രാജിവച്ച് ഒഴിവായി പോകണം. സ്ഥിതി കുറച്ചു കൂടി മോശമാണ്. ഇതുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷനുമായും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായും സംസാരിച്ചു. ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്'- സുധീരൻ മാധ്യമങ്ങളോട് പറഞ്ഞു.
മാങ്കൂട്ടത്തിലിന്റെ ജാമ്യഹർജിയിൽ വ്യാഴാഴ്ചയും വാദം തുടരാനിരിക്കെയാണ് സുധീരന്റെ പ്രതികരണം. തിരുവനന്തപുരം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. അടച്ചിട്ട കോടതിമുറിയിലാണ് വാദം കേട്ടത്. സ്വകാര്യത മാനിച്ച് പ്രോസിക്യൂഷനും പ്രതിഭാഗവും ഒരേ ആവശ്യം ഉന്നയിച്ചതോടെയായിരുന്നു തീരുമാനം.
ബലാത്സംഗത്തിനും ഗർഭഛിദ്രത്തിനും തെളിവുണ്ടെന്ന് പറഞ്ഞ പ്രോസിക്യൂഷൻ രാഹുലിന്റെ മുൻകൂർ ജാമ്യത്തെ എതിർത്തിരുന്നു. പ്രതിക്കെതിരെ നിരന്തരം സമാന പരാതികൾ ഉയരുന്നുണ്ട്. പ്രതിയെ ജാമ്യത്തിൽവിട്ടാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുള്ളതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
എന്നാൽ പരാതി രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പൊതു ജീവിതം നശിപ്പിക്കാനാണ് നീക്കമെന്നും കോടതിയിൽ രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു. ഗർഭഛിദ്രവും ബലാത്സംഗവും നടന്നെന്ന വാദം പ്രതിഭാഗം തള്ളി.
ലൈംഗികാതിക്രമത്തിന് ഇരയായതായി യുവതി മുഖ്യമന്ത്രിയ്ക്ക് ഉൾപ്പെടെ നൽകിയ പരാതിയിലാണ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഒന്നാംപ്രതിയും ഗർഭഛിദ്രത്തിന് മരുന്നെത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് പത്തനംതിട്ട അടൂർ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. ജീവപര്യന്തം തടവുശിക്ഷവരെ കിട്ടാവുന്ന ബലാത്സംഗക്കുറ്റമാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിട്ടുള്ളത്.
രാഹുൽ ഗര്‍ഭഛിദ്രത്തിന് മരുന്ന് കഴിക്കാൻ നിർബന്ധിക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ശബ്ദസന്ദേശം തെളിവായി നൽകിയിരുന്നു. മരുന്ന് കഴിച്ചതായി വീഡിയോ കോളിലൂടെ ഉറപ്പാക്കുന്നുമുണ്ട്. മറ്റൊരു വാട്സ് ആപ്പ് ചാറ്റിൽ "എനിക്ക് നിന്നെ ഗർഭിണി ആക്കണം. നമ്മുടെ കുഞ്ഞ് വേണം' എന്ന് മാങ്കൂട്ടത്തിൽ പറയുന്നുണ്ട്. പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് വാങ്ങുന്നതും ഉപയോഗിക്കുന്നതും ക്രിമിനൽ കുറ്റമാണ്.
അതേസമയം, രാഹുലിനായി കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. ബാംഗ്ലൂരിൽ ഒളിച്ചുതാമസിക്കുന്നതായി സൂചനയുണ്ട്. ഇന്നലെ രാഹുലിനെതിരെ കെപിസിസിക്ക് ലഭിച്ച ലൈംഗിക പീഡന പരാതി കെപിസിസി നേതൃത്വം ഡിജിപിക്ക് കൈമാറിയിരുന്നു. ഇതും എസ്ഐടി പരിഗണിക്കുന്നുണ്ട്.









0 comments