വിവാഹേതരബന്ധം ആരോപിച്ച് ബന്ധുക്കൾ തീ കൊളുത്തിയ യുവാവും യുവതിയും മരിച്ചു

ജയ്പൂർ: വിവാഹേതര ബന്ധം ആരോപിച്ച് യുവാവിനെയും വിധവയും രണ്ട് മക്കളുടെ അമ്മയുമായ യുവതിയെയും മരിച്ചുപോയ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് തീ കൊളുത്തി കൊന്നു.
ജയ്പൂരിലെ ഡുഡു പ്രദേശത്താണ് സംഭവം. സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ബുധനാഴ്ചയും ഒപ്പം തീകൊളുത്തപ്പെട്ട യുവാവ് തിങ്കളാഴ്ച രാത്രിയും മരിച്ചു.
മോഖംപുര പ്രദേശത്തെ ബറോലവ് ഗ്രാമത്തിലെ താമസക്കാരായ കൈലാഷ് ഗുർജാർ (25), സോണി (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരെയും പുലർച്ചെ കൃഷിയിടത്തിലേക്ക് പിന്തുടർന്നെത്തിയാണ് ക്രൂര കൃത്യം നിർവ്വഹിച്ചത്. നവംബർ 28 ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.
രണ്ടുപേരെയും യുവതിയുടെ മരിച്ചു പോയ ഭർത്താവിന്റെ ബന്ധുക്കൾ ചേർന്ന് പിടിച്ച് കെട്ടി പെട്രോൾ ഒഴിച്ച് തീ കൊളുത്തി. കൈലാഷിനും സോണിക്കും യഥാക്രമം 70 ശതമാനവും 90 ശതമാനവും പൊള്ളലേറ്റു.
പോലീസ് പറയുന്നതനുസരിച്ച് സോണിയുടെ ഭർത്താവിന്റെ അമ്മാവൻ ബിർഡി ചന്ദും സഹോദരീഭർത്താവ് ഗണേഷ് ഗുർജാറും ചേർന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ ഭർത്താവ് ആറ് വർഷം മുമ്പ് മരിച്ചതാണ്. ഇവർ ഒരു മകന്റെയും (10) മകളുടെയും (7) അമ്മയാണെന്നും പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ട യുവാവും വിവിഹിതനാണ്. രണ്ട് മക്കളുണ്ട്. കൈലാഷിന്റെ മൃതദേഹം ചൊവ്വാഴ്ച കുടുംബാംഗങ്ങൾക്ക് കൈമാറി. കേസിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ഗ്രാമത്തിൽ പ്രതിഷേധിച്ചു. ക്രൂരകൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. കൂടുതൽ അറസ്റ്റുകൾ ആവശ്യപ്പെട്ട് ഗ്രാമവാസികൾ ചൊവ്വാഴ്ച മോകംപുര-ബിച്ചൂൺ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.
മരണത്തിന് മുമ്പ് സോണി പോലീസിന് നൽകിയ മൊഴിയിൽ വെള്ളിയാഴ്ച പുലർച്ചെ 2 മണിയോടെ കൈലാഷിനെ കാണാൻ പോയതായി പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, സോണിയുടെ അളിയന്റെ മകനും കൈലാഷിന്റെ സഹോദരന്റെ മകളും തമ്മിൽ കഴിഞ്ഞ വർഷം പ്രണയ വിവാഹം നടന്നിരുന്നു. ഇതിന് ശേഷം കുടുംബങ്ങൾ തമ്മിലുള്ള അകൽച്ചയും സംഘർഷവും നിലനിന്നിരുന്നു.








0 comments