അണിനിരന്ന് പടക്കപ്പലുകളും യുദ്ധവിമാനങ്ങളും; ശംഖുമുഖത്ത് നാവികസേന അഭ്യാസപ്രകടനങ്ങൾ

navy day celebration
വെബ് ഡെസ്ക്

Published on Dec 03, 2025, 05:42 PM | 1 min read

തിരുവനന്തപുരം: നാവികസേനയുടെ കരുത്തറിയിച്ച് ദിനാഘോഷത്തിന്റെ ഭാ​ഗമായ അഭ്യാസ പ്രകടനങ്ങൾക്ക് തിരുവനന്തപുരം ശംഖുമുഖത്ത് തുടക്കം. രാഷ്ട്രപതി ദ്രൗപദി മുർമുവാണ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. പരേഡിനും ബാൻഡ് ഷോയ്ക്കും ശേഷം അഭ്യാസപ്രകടനങ്ങൾ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര ആർലേക്കർ എന്നിവരും ചടങ്ങിൽ മുഖ്യാതിഥികളാണ്. 19 പ്രധാന യുദ്ധക്കപ്പലുകളടക്കം നാൽപ്പതിലേറെ പടക്കപ്പലുകളും അന്തർവാഹിനിയും 32 പോർവിമാനങ്ങളുമാണ് സേനയുടെ കരുത്തറിയിച്ച് അണിനിരക്കുന്നത്.


navy day celebration


കൊച്ചിയിൽ നിർമിച്ച വിമാനവാഹിനിക്കപ്പൽ വിക്രാന്തും എത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങളിൽനിന്നുള്ള വെടിവയ്പും തിരികെയുള്ള പ്രതിരോധവും പ്രകടനങ്ങളുടെ ഭാഗമാകും. അന്തർവാഹിനിയുടെ പ്രകടനങ്ങളും കാണാം. മിഗ് 29 യുദ്ധവിമാനങ്ങളുടെ (ബ്ലാക്ക് പാന്തേഴ്‌സ്) പ്രകടനവും ഉണ്ടാകും. കടലിൽ അപകടങ്ങളിൽപ്പെടുന്നവരെ നാവികസേന രക്ഷപ്പെടുത്തുന്ന രീതികളും പരിചയപ്പെടുത്തും. 9000 പേർക്കാണ് പാസ് മുഖേന പ്രവേശനം അനുവദിച്ചത്. തീരമേഖലയിൽ ഒരുലക്ഷംപേർക്ക് പ്രകടനം കാണാം.


navy day celebration


വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി ഗാർഡ് ഓഫ് ഓണർ പരിശോധിച്ചശേഷം 5.13ന് ശംഖുംമുഖത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തി. പരിപാടികൾക്ക് ശേഷം രാഷ്ട്രപതി വേദിയിൽനിന്ന് ലോക്ഭവനിലേക്ക് പോകും. വ്യാഴം രാവിലെ 9.45ന് രാഷ്ട്രപതി ഡൽഹിയിലേക്ക് പോകും. നാവിക ദിനാഘോഷം പ്രമാണിച്ച് തിരുവനന്തപുരത്ത് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആഘോഷങ്ങൾക്ക് മുന്നോടിയായി ശംഖുമുഖം ബീച്ചിൽ പരിശീലന അഭ്യാസ പ്രകടനങ്ങളും നാവികസേന നടത്തിയിരുന്നു.


1971 ഡിസംബർ 4 ന് കറാച്ചിയിൽ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ ട്രൈഡന്റിന്റെ ഓർമയിലാണ് ഈ ദിവസം നാവിക സേന ദിനമായി ആചരിക്കുന്നത്. കഴിഞ്ഞ വർഷം, ഒഡിഷയിലെ പുരി ബീച്ചിലായിരുന്നു ആഘോഷങ്ങൾ നടന്നത്.


navy day celebration



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home