പ്രവാസികളെയും കേരളത്തെയും അവഗണിച്ച കേന്ദ്ര ബജറ്റ്: കല കുവൈത്ത്

കുവൈത്ത് സിറ്റി: പ്രവാസികളെയും കേരളത്തെയും പൂർണമായും അവഗണിച്ച കേന്ദ്ര സർക്കാരിന്റെ ബജറ്റിനെതിരെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് പ്രതിഷേധം രേഖപ്പെടുത്തി. നാടിന്റെ സാമ്പത്തിക സ്രോതസിന്റെ മുഖ്യഭാരം വഹിക്കുന്ന പ്രവാസി സമൂഹത്തെ വീണ്ടും അവഗണിച്ചുകൊണ്ടാണ് ഇത്തവണയും കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതെന്ന് സംഘടന ആരോപിച്ചു.
തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾക്കായി പുനരധിവാസ പാക്കേജുകളോ ക്ഷേമ പദ്ധതികളോ ഒന്നും തന്നെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, കേരളം ആവശ്യപ്പെട്ട പ്രത്യേക പാക്കേജുകളും എയിംസ് ഉൾപ്പെടെയുള്ള ഇരുപത്തൊമ്പത് ആവശ്യങ്ങളും ബജറ്റിൽ പരിഗണിക്കപ്പെടാത്തത് സംസ്ഥാനത്തെ പൂർണമായും നിരാശപ്പെടുത്തിയിരിക്കുകയാണ്.
ആയുർവേദ ചികിത്സയും ഗവേഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ പ്രഖ്യാപിച്ചിട്ടും ആയുർവേദത്തിന്റെ പ്രധാന കേന്ദ്രമായ കേരളത്തിന് ഒന്നും ലഭിച്ചില്ല. ഏഴ് ഇടങ്ങളിൽ അതിവേഗ റെയിൽ ഇടനാഴി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ പട്ടികയിൽ നിന്ന് ഒഴിവാക്കി. കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങൾ വീണ്ടും വീണ്ടും തള്ളിക്കളയുന്ന സമീപനമാണ് ഈ ബജറ്റിലും കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും സംഘടന വിമർശിച്ചു.
സാമ്പത്തിക ഉപരോധത്തിലൂടെ കേരളത്തെ ദുർബലപ്പെടുത്തുന്ന നിലപാട് കേന്ദ്ര സർക്കാർ തുടർന്നുവരുന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഈ ബജറ്റെന്ന് കല കുവൈത്ത് അഭിപ്രായപ്പെട്ടു. ബജറ്റ് കടുത്ത നിരാശയുണ്ടാക്കുന്നതാണെന്നും പ്രവാസി സമൂഹത്തിന്റെ ആകെ ശക്തമായ പ്രതിഷേധമാണ് ഇതിലൂടെ രേഖപ്പെടുത്തുന്നതെന്നും കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.











0 comments