ad
Deshabhimani

നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾ; ശക്തമായ നടപടി വേണം: കല കുവൈത്ത്

NEET UG
വെബ് ഡെസ്ക്

Published on May 15, 2026, 04:44 PM | 1 min read

കുവൈത്ത് സിറ്റി: ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെയും സ്വപ്നങ്ങളെയും നിർണയിക്കുന്ന നീറ്റ് പരീക്ഷ ചോദ്യചോർച്ചയുടെയും ക്രമക്കേടുകളുടെയും പേരിൽ വിവാദത്തിലാകുന്നത് ഗുരുതരവും പ്രതിഷേധാർഹവുമാണെന്ന് കല കുവൈത്ത്. പരീക്ഷാ സംവിധാനം വിശ്വാസ്യതയോടെയും സുരക്ഷിതമായും നടത്തേണ്ട ഉത്തരവാദിത്വമുള്ള ഏജൻസികൾ തന്നെ വീഴ്ച വരുത്തുന്നത് രാജ്യത്തിന്റെ വിദ്യാഭ്യാസ സംവിധാനത്തിനാകെ വലിയ അപമാനമാണെന്നും സംഘടന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.


നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ (എൻടിഎ) പരീക്ഷ നടത്തിപ്പിന് ചുമതലപ്പെടുത്തിയതിന് ശേഷവും ചോദ്യപേപ്പർ ചോർച്ചയും വിവിധ ക്രമക്കേടുകളും ആവർത്തിക്കപ്പെടുന്നത് അതീവ ആശങ്കാജനകമാണെന്ന് കല കുവൈത്ത് വ്യക്തമാക്കി. എൻടിഎ പിരിച്ചുവിട്ട് പരീക്ഷാ നടത്തിപ്പിന്റെ ചുമതല മുൻകാലത്തെപ്പോലെ ബന്ധപ്പെട്ട സർക്കാർ ഏജൻസികൾക്ക് കൈമാറുകയും ഉയരുന്ന എല്ലാ ആരോപണങ്ങളും സമഗ്രമായി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.


കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്ന് നിരവധി വിദ്യാർത്ഥികളാണ് നീറ്റ് പരീക്ഷ എഴുതിയ ശേഷം നാട്ടിലേക്ക് മടങ്ങിയിട്ടുള്ളത്. പരീക്ഷ റദ്ദാക്കപ്പെടുകയോ വീണ്ടും നടത്തേണ്ട സാഹചര്യം ഉണ്ടാകുകയോ ചെയ്താൽ അതിനെ എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് പല പ്രവാസി കുടുംബങ്ങളും. വീണ്ടും പരീക്ഷയ്ക്കായി യാത്ര ചെയ്യേണ്ടി വരുന്നത് കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ബാധ്യതയും മാനസിക സമ്മർദവും സൃഷ്ടിക്കുന്നതായും സംഘടന ചൂണ്ടിക്കാട്ടി.


വിദ്യാർത്ഥികളുടെ ഭാവി പരീക്ഷണശാലയല്ലെന്നും, പ്രവേശന പരീക്ഷാ നടത്തിപ്പിനെ പ്രഹസനമാക്കി വിദ്യാർത്ഥികളുടെ സ്വപ്നങ്ങൾ തകർക്കരുതെന്നും കല കുവൈത്ത് പ്രസിഡന്റ് അൻസാരി കടയ്ക്കലും ജനറൽ സെക്രട്ടറി ജിതിൻ പ്രകാശും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home