ഇറാൻ–അമേരിക്ക യുദ്ധം ആറുമാസം പിന്നിട്ടു; വെടിയൊച്ച നിലയ്ക്കാതെ ഹോർമുസ്

ദുബായ് : ഇറാൻ–അമേരിക്ക യുദ്ധം ആറുമാസം പിന്നിട്ടിട്ടും പശ്ചിമേഷ്യയിൽ സമാധാനത്തിന് വഴിതുറന്നില്ല. അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് 82 വാണിജ്യ കപ്പലുകൾ വഴിതിരിച്ചുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) അറിയിച്ചു. മൂന്ന് കപ്പലുകൾ പ്രവർത്തനരഹിതമാക്കുകയും രണ്ടെണ്ണത്തിൽ പരിശോധന നടത്തുകയും ചെയ-്തിട്ടുണ്ട്. അതേസമയം, ഹോർമുസ് കടലിടുക്ക് അടഞ്ഞുതന്നെ തുടരുമെന്ന് ഇറാൻ വ്യക്തമാക്കി.
യുദ്ധവും അമേരിക്കൻ ഉപരോധവും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ ബാധിക്കുന്നതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ സമ്മതിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ഇറാന്റെ കയറ്റുമതിയും ഇറക്കുമതിയും 25 മുതൽ 35 ശതമാനം വരെ കുറഞ്ഞതായി അദ്ദേഹം പറഞ്ഞു. രാജ്യം യുദ്ധസാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അതിനനുസരിച്ചുള്ള സാമ്പത്തിക നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അമേരിക്ക സമ്മർദനയം അവസാനിപ്പിച്ചാൽ നയതന്ത്ര ചർച്ചകൾക്ക് ഇപ്പോഴും സാധ്യതയുണ്ടെന്ന് ഇറാൻ വിദേശമന്ത്രി അബ്ബാസ് അറാഖ്ചി വ്യക്തമാക്കി. സമ്മർദം ഫലപ്രദമല്ലെന്ന നിലപാടാണ് ഇറാൻ ആവർത്തിക്കുന്നത്. ഒമാൻ, ഖത്തർ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ ചർച്ചകൾ പുനരാരംഭിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.
യുഎഇക്കെതിരായ പ്രചാരണങ്ങളെ വിമർശിച്ച് ഗർഗാഷ്
വിഷയത്തിൽ യുഎഇക്കെതിരെ നടക്കുന്ന മാധ്യമ പ്രചാരണങ്ങളെ രൂക്ഷമായി വിമർശിച്ച് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ-്ടാവ് ഡോ. അൻവർ ഗർഗാഷ്. ഇത്തരം പ്രചാരണങ്ങൾ വ്യാജവാർത്തകളും വസ-്തുതാവിരുദ്ധമായ പ്രചാരണങ്ങളും അടിസ്ഥാനമാക്കിയുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
ശനിയാഴ-്ച എക-്സിൽ പങ്കുവച്ച കുറിപ്പിലാണ് ഗർഗാഷിന്റെ പ്രതികരണം. വളച്ചൊടിക്കലുകളും അഭ്യൂഹങ്ങളും നിറഞ്ഞ പ്രചാരണങ്ങൾക്ക് മുന്നിൽ യുഎഇയുടെ ദൃഢനിശ്ചയവും കൈവരിച്ച നേട്ടങ്ങളുമാണ് ശക്തമായ മറുപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതികരണങ്ങളേക്കാൾ പ്രവർത്തനങ്ങൾക്കാണ് ഒടുവിൽ കൂടുതൽ പ്രാധാന്യമെന്നും ഗർഗാഷ് പറഞ്ഞു. വിജയകരമായ ഒരു ദേശീയ മാതൃകയെ നേരിടുന്നത് പ്രചാരണങ്ങൾക്ക് പിന്നിലുള്ളവർക്ക് ബുദ്ധിമുട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇസ്രയേൽ–ലെബനൻ ധാരണ തള്ളി ഹിസ്ബുള്ള
ഇസ്രയേൽ–ലെബനൻ ധാരണ അംഗീകരിക്കില്ലെന്ന് ഹിസ്ബുള്ള തലവൻ നഈം ഖാസിം ആവർത്തിച്ചു. ഹിസ്ബുള്ളയെ നിരായുധമാക്കുക, തെക്കൻ ലെബനനിൽനിന്ന് ഇസ്രയേൽ സേനയെ ഘട്ടംഘട്ടമായി പിൻവലിക്കുക, മേഖലയിൽ ലെബനൻ സൈന്യത്തെ വിന്യസിക്കുക തുടങ്ങിയ വ്യവസ്ഥകളാണ് യുഎസ് മധ്യസ്ഥതയിൽ തയ്യാറാക്കിയ ചട്ടക്കൂടിലുള്ളത്. അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സേന വ്യോമാക്രമണം നടത്തി മൂന്ന് പേരെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. 2025ന് ശേഷം വെസ്റ്റ് ബാങ്കിൽ വ്യോമാക്രമണങ്ങൾ അപൂർവമായിരുന്നു.
യുദ്ധം ആറുമാസം പിന്നിട്ടിട്ടും വെടിനിർത്തലിലേക്കോ സ്ഥിരമായ സമാധാന ധാരണയിലേക്കോ എത്താൻ കഴിയാത്തത് മേഖലയിൽ ആശങ്ക വർധിപ്പിക്കുകയാണ്. ഹോർമുസ് കടലിടുക്കിലെ കപ്പൽഗതാഗതം പുനഃസ്ഥാപിക്കുന്നതും നയതന്ത്ര ചർച്ചകൾ പുനരുജ്ജീവിപ്പിക്കുന്നതുമാണ് നിലവിലെ പ്രധാന വെല്ലുവിളികൾ.









0 comments