പശ്ചിമേഷ്യന്‍ സംഘര്‍ഷം
ഇറാന്റെ ആക്രമണം; മുഹറഖിലെ ഇന്ധന ടാങ്കുകളിലെ തീ അണച്ചു

തീ അണയ്ക്കാന്‍ ശ്രമിക്കുന്ന സിവില്‍ ഡിഫന്‍സ്
മനാമ: ബഹ്‌റൈനില്‍ ഇന്ധന സംഭരണശാലയെ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം. സിവില്‍ ഡിഫന്‍സ് വിജയകരമായി അണച്ചു. ആറുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സ് തീ പൂര്‍ണ്ണമായും അണച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 2.45 ഓടെയാണ് മുഹറഖ് ഗവര്‍ണറേറ്റിലെ ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഇന്ധന ടാങ്കറുകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഇ്ത് വന്‍ തീപിടിത്തത്തിന് കാരണമായി.
നിമിഷങ്ങള്‍ക്കകം സിവില്‍ ഡിഫന്‍സ് തീ അണയ്ക്കാനുള്ള ശ്രമമാരംഭിച്ചു. തീപിടുത്തം മൂലം പ്ലാന്റിലുണ്ടായ എണ്ണച്ചോര്‍ച്ച സിവില്‍ ഡിഫന്‍സ് അടച്ചു. ആറുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ബഹ്‌റൈന്‍ സിവില്‍ ഡിഫന്‍സ് തീ പൂര്‍ണ്ണമായും അണച്ചത്. ഉച്ചയോടെ തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായതായും ജനങ്ങള്‍ക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാമെന്നും അധികൃതര്‍ അറിയിച്ചു. ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീപിടുത്തം നിയന്ത്രണവിധേയമാക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചതായി സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ പൈലറ്റ് അലി മുഹമ്മദ് അല്‍ കുബൈസി അറിയിച്ചു. സ്ഥിതിഗതികള്‍ ഇപ്പോള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്. തീപിടുത്തം മൂലം പ്ലാന്റിലുണ്ടായ എണ്ണച്ചോര്‍ച്ച വലിയൊരു ദുരന്തത്തിന് കാരണമാകാന്‍ സാധ്യതയുണ്ടായിരുന്നുവെന്നും എന്നാല്‍ സിവില്‍ ഡിഫന്‍സ് സംഘത്തിന്റെ ധീരമായ ഇടപെടല്‍ അത് ഒഴിവാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവില്‍ കൂളിംഗ് ഓപ്പറേഷന്‍സ് (തണുപ്പിക്കല്‍ പ്രക്രിയ) പുരോഗമിക്കുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി. വീണ്ടും തീപിടുത്തമുണ്ടാകുന്നത് ഒഴിവാക്കാന്‍ ഇന്ധന ശേഖരം സുരക്ഷിതമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
ആക്രമണത്തെത്തുടര്‍ന്നുണ്ടായ കനത്ത പുക മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഹിദ്ദ്, അറാദ്, ഖലാലി, സമാഹീജ് മേഖലകളിലുള്ളവര്‍ക്ക് നല്‍കിയിരുന്ന ജാഗ്രതാ നിര്‍ദ്ദേശം അധികൃതര്‍ പിന്‍വലിച്ചു. ജനങ്ങള്‍ക്ക് ഇപ്പോള്‍ സുരക്ഷിതമായി പുറത്തിറങ്ങാം. സര്‍ക്കാരും സ്വകാര്യ മേഖലയിലെ തന്ത്രപ്രധാന പങ്കാളികളും സംയുക്തമായാണ് ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിലവിലെ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ഇതുവരെ 112 മിസൈലുകളും 186 ഡ്രോണുകളും ബഹ്‌റൈന്‍ പ്രതിരോധ സേന (ബിഡിഎഫ്) ആകാശത്തുവെച്ച് തകര്‍ത്തു. വ്യോമാതിര്‍ത്തി സുരക്ഷിതമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ബിഡിഎഫ് ജനറല്‍ കമാന്‍ഡ് അറിയിച്ചു. ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചു.










0 comments