ഇൻഡിഗോ പ്രതിസന്ധി; ഗൾഫ് മേഖലയെയും ബാധിച്ചു

മസ്‌കത്ത് : ഇൻഡിഗോ വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയത് ഗൾഫ് മേഖലയിലെ യാത്രക്കാരെയും സാരമായി ബാധിച്ചു. സർവീസുകൾ താറുമാറായതോടെ ഡിമാൻഡ് വർധിച്ചത് ചൂണ്ടിക്കാട്ടി മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. വെള്ളി രാത്രി കൊച്ചിയിൽനിന്ന് മസ്‌കത്തിലേക്ക് പുറപ്പെടേണ്ട യാറ്റ്ഹ വിമാനത്തിന്റെ വിവരങ്ങൾ നൽകാത്തതിൽ യാത്രക്കാർ പ്രതിഷേധിച്ചു. ശനിയായഴ്‌ച ജോലിക്ക് കയറേണ്ടവർ ഉൾപ്പെടെ പ്രധാന ഗേറ്റ് കടന്ന് ലഗേജ് കൊടുക്കാനായി തുനിഞ്ഞപ്പോളാണ് അധികൃതർ വരിയിൽനിന്ന് മാറ്റിനിർത്തിയത്. യാത്രക്കാരുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകിയില്ലെന്നും പരാതിയുണ്ട്.
യാത്രക്കാർ പ്രതിഷേധിച്ചപ്പോൾ വിമാനം വൈകി പറക്കാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രതികരണം. അതും ഉറപ്പില്ല. വേണമെങ്കിൽ ടിക്കറ്റ് ക്യാൻസൽ ചെയ്ത് മുഴുവൻ തുകയും തിരിച്ചു തരാമെന്നായി. എന്നാൽ, അത് യാത്രക്കാരുടെ അക്കൗണ്ടിലേക്ക് എത്താൻ ഒരാഴ്ചയെങ്കിലും എടുക്കുമെന്നും അറിയിച്ചു. ഇൻഡിഗോ ടിക്കറ്റ് റദ്ദാക്കി മൂന്നിരട്ടി തുക നൽകി ഒമാൻ എയറിലാണ് പലരും യാത്ര ചെയ്‌തത്. കുറഞ്ഞ ചിലവിൽ 30 കിലോ ബാഗേജുമായി നാട്ടിലേക്ക് പറക്കാമെന്നതിനാൽ പല പ്രവാസികളും ഇൻഡിഗോയെയാണ് യാത്രക്കായി ആശ്രയിക്കാറ്.










0 comments