ad
Deshabhimani

വിദ്യാർഥികളെ വഞ്ചിച്ച്‌ ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ബോർഡ്‌; കേരളത്തിനായി പിരിച്ച ദുരിതാശ്വാസ നിധി വകമാറ്റി

Indian School Board Oman .jpg
വെബ് ഡെസ്ക്

Published on Jan 11, 2026, 07:19 PM | 1 min read

മസ്‌കത്ത്‌: കേരളത്തിൽ 2018ൽ ഉണ്ടായ മഹാപ്രളയത്തിന്റെ ദുരിതബാധിതരെ സഹായിക്കാൻ സംഭാവന നൽകിയ വിദ്യാർഥികളെ വഞ്ചിച്ച്‌ ഒമാനിലെ ഇന്ത്യൻ സ്‌കൂൾ ഡയറക്‌ടർ ബോർഡ്‌. കേരളത്തിന് കൈത്താങ്ങാകാൻ ബോർഡിന്റെ നേതൃത്വത്തിൽ പിരിച്ച തുക വകമാറ്റി ചെലവഴിച്ചതായി ബോർഡ് ചെയർമാൻ സയ്യിദ് സൽമാൻ സ്ഥിരീകരിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച തുക കൈമാറിയിട്ടില്ലെന്നും ബോർഡിനു കീഴിലുള്ള സ്‌കൂളുകളുടെ നിർമാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചതായും ദാർസൈറ്റ്‌ ഇന്ത്യൻ സ്‌കൂളിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.


ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽനിന്ന്‌ പിരിച്ചെടുത്ത 23,921 ഒമാനി റിയാലാണ്‌ (നിലവിലെ നിരക്കനുസരിച്ച്‌ ഏകദേശം 56 ലക്ഷം രൂപ) ഇത്തരത്തിൽ വകമാറ്റിയത്‌. ബോർഡ്‌ ചെയർമാന്റെ തുറന്നുപറച്ചിലിനു പിന്നാലെ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്തെത്തി. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതിയോടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയച്ചുകൊടുക്കാൻ ഒമാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്‌ തീരുമാനിച്ചിരുന്നു. ക്ലബ് നേതൃത്വത്തിൽ, ഇന്ത്യൻ കമ്യൂണിറ്റിയുടെ വിവിധ വിഭാഗങ്ങളിൽനിന്നുള്ള ഫണ്ട് ശേഖരണത്തിന്റെ ഭാഗമാകാൻ സ്‌കൂൾ ബോർഡും തീരുമാനിച്ചു. കാലതാമസമുണ്ടായെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ചെടുത്ത തുക മുഴുവൻ കൈമാറാൻ സോഷ്യൽ ക്ലബ്ബിന്‌ സാധിച്ചു. എന്നാൽ, വിദ്യാർഥികളിൽനിന്ന് പിരിച്ച തുക സോഷ്യൽ ക്ലബ്ബിന് കൈമാറുന്നതിൽ സ്‌കൂൾ ബോർഡിന് വീഴ്ചയുണ്ടായി.


പിന്നീട്‌ മാറിമാറി വന്ന ബോർഡുകളിൽ തീരുമാനമുണ്ടാകാതെ വരികയും തൊട്ടുമുമ്പത്തെ ബോർഡ് തുക കൈമാറാൻ തത്വത്തിൽ തീരുമാനിക്കുകയും ചെയ്തു. എന്നാൽ, സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പ് പരിഗണിച്ച് തീരുമാനം വീണ്ടും മാറ്റിവച്ചു. തുടർന്ന്‌ നിലവിൽവന്ന ഇപ്പോഴത്തെ ബോർഡ് തുക നാട്ടിലേക്ക് അയക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്തു. ഈ തുകയാണ്‌ ബോർഡിന്‌ കീഴിലുള്ള സ്‌കൂളുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക്‌ വിനിയോഗിച്ചതായി ചെയർമാൻ സ്ഥിരീകരിച്ചത്‌. വിദേശത്തുനിന്നും സ്വദേശത്തുനിന്നും കേരളത്തിന് ലഭ്യമായ സഹായങ്ങൾ മുടക്കിയ നിലപാട് സ്വീകരിച്ചവരുടെ, ബോർഡിലെ പ്രതിനിധികളാണ് നടപടികൾക്ക്‌ പിറകിലെന്ന്‌ രക്ഷിതാക്കളുടെ പ്രതിനിധികൾ പറഞ്ഞു. കൂടിയാലോചനകളില്ലാതെയും ഏകപക്ഷീയമായും നടപ്പാക്കുന്ന ബോർഡിന്റെ നിലപാടുകളോട്‌ വിയോജിക്കുന്നു. വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും രക്ഷിതാക്കൾ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home