യുഎഇയിൽ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലർ സേവനം പ്രതിസന്ധിയിൽ

ദുബായ് : യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലർ സേവനങ്ങളിൽ കടുത്ത പ്രതിസന്ധി തുടരുന്നതായി റിപ്പോർട്ട്. പുതിയ സേവനദാതാവിനെ തെരഞ്ഞെടുത്ത ടെൻഡർ നടപടിക്കെതിരെ പരാതി, കോടതി പരിഗണിക്കുന്നതുനാൽ സേവനങ്ങളിൽ അനശ്ചിതത്വം തുടരുകയാണ്. ഇതിനകം ആയിരക്കണക്കിന് പ്രവാസികളുടെ പാസ-്‌പോർട്ട് സേവനങ്ങൾ തടസ്സപ്പെട്ടതായാണ് വിവരം.
ഇ ട്രാവ് ടെക് കമ്പനിയുടെ ഹർജി പരിഗണിച്ച ഡൽഹി ഹൈക്കോടതി കേസ് പതിമൂന്നിലേക്ക് മാറ്റി. വിധി വരുന്നതുവരെ പുതിയ സേവനദാതാവായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് സേവനങ്ങൾ പൂർണമായി ഏറ്റെടുക്കാനാകില്ല. വർഷങ്ങളായി സേവനം നൽകിയിരുന്ന ബിഎൽഎസ് ഇന്റർനാഷണൽ പുതിയ ടെൻഡറിന്റെ ഭാഗമായി ജൂൺ 25 മുതൽ പുതിയ അപേക്ഷ സ്വീകരിക്കുന്നത് നിർത്തിവച്ചിരുന്നു.
യുഎഇയിലെ ഇന്ത്യൻ പാസ-്‌പോർട്ട്, വിസ, മറ്റ് കോൺസുലർ സേവനങ്ങൾ ജൂലൈ ഒന്നുമുതൽ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസ് ഏറ്റെടുക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ തീരുമാനം. എന്നാൽ, ടെൻഡർ നടപടികൾ ചോദ്യംചെയ-്‌ത് ഇ ട്രാവ് ടെക് സുപ്രീംകോടതിയെയും ഡൽഹി ഹൈക്കോടതിയെയും സമീപിച്ചതോടെയാണ് നടപടികൾ നിയമക്കുരുക്കിലായത്. വെറാസിസ് കമ്പനിയും കേസിൽ കക്ഷിയായിട്ടുണ്ട്.
പ്രതിസന്ധി ലഘൂകരിക്കാനായി അബുദാബിയിലെ ഇന്ത്യൻ എംബസിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റും വ്യാഴംമുതൽ പാസ്‌പോർട്ട്, വിസ, സാക്ഷ്യപ്പെടുത്തൽ ഉൾപ്പെടെയുള്ള കോൺസുലർ സേവനങ്ങൾ താൽക്കാലികമായി നേരിട്ട് നൽകിത്തുടങ്ങി. രാവിലെ ഒമ്പതുമുതൽ പകൽ 12.30 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. മുൻകൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ ആദ്യം എത്തുന്നവർക്ക് എന്ന അടിസ്ഥാനത്തിലാണ് ടോക്കണുകൾ വിതരണം ചെയ്യുന്നത്. പൂർണമായി പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകൾ സഹിതമാണ് സ്വീകരിക്കുന്നത്.
കോൺസുലർ ഫീസ് പണമായി മാത്രം അടയ്ക്കാനാകും. സ്ഥലപരിമിതിയും തിരക്കും കണക്കിലെടുത്ത് അപേക്ഷകർക്ക് മാത്രമേ ഓഫീസുകളിലേക്ക് പ്രവേശിക്കാവൂ. പ്രായപൂർത്തിയാകാത്തവരുടെ അപേക്ഷകൾക്കായി രക്ഷിതാക്കൾക്ക് ഒപ്പം പ്രവേശനം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.
യുഎഇയിൽ പ്രതിദിനം ശരാശരി മൂവായിരത്തോളം പാസ്പോർട്ട് അപേക്ഷകളാണ് കൈകാര്യം ചെയ്യുന്നത്. അതിനാൽ ഹൈക്കോടതിയിലെ കേസ് നീണ്ടുപോയാൽ പ്രവാസികൾ നേരിടുന്ന പ്രതിസന്ധിയും രൂക്ഷമാകും. കടുത്ത വേനൽച്ചൂടിനിടയിൽ എംബസിക്കും കോൺസുലേറ്റിനും മുന്നിൽ ദീർഘനേരം കാത്തുനിൽക്കേണ്ടിവരുന്നത് അപേക്ഷകർക്ക് വലിയ പ്രയാസമുണ്ടാക്കുന്നു. പരിമിതമായ സമയത്തും സൗകര്യങ്ങളിലും സേവനം ലഭ്യമാകുന്നതിനാൽ ദിവസവും രാവിലെമുതൽ നീണ്ട കാത്തിരിപ്പാണ് അനുഭവിക്കേണ്ടിവരുന്നത്.











0 comments