ടിന്റഡ് ഗ്ലാസ്, നമ്പർ പ്ലേറ്റിൽ 'CATCHM3'; ബിഎംഡബ്ല്യൂ കാറിൽ നിന്ന് പിടിച്ചെടുത്തത് 26 ലക്ഷം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ബിഎംഡബ്ല്യൂ കാറിൽ നിന്ന് 26 ലക്ഷം രൂപ പിടിച്ചെടുത്തു. ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തിൽ ശിവാൻഷു പാണ്ഡെ (21), റോച്ച്മാൻ വർമ്മ (19), രചിത് താക്കൂർ (21) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തു.
സ്മൃതി ഉപ്‌വാനിനടുത്ത് സംശയാസ്പദമായ സാഹചര്യത്തിൽ പാർക്ക് ചെയ്തിരുന്ന ബിഎംഡബ്ല്യൂ, സ്കോർപിയോ എന്നീ വാഹനങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. വാഹനങ്ങൾക്ക് സമീപം സംശയാസ്പദമായി കണ്ട മൂന്ന് പേരോട് പൊലീസ് രേഖകൾ ആവശ്യപ്പെട്ടെങ്കിലും അവർ അത് ഹാജരാക്കിയില്ല. 'CATCHM3' എന്നാണ് കാറിന്റെ നമ്പർ പ്ലേറ്റിൽ ഉണ്ടായിരുന്നത്.
ഇ-ചലാൻ ആപ്പ് വഴി പരിശോധിച്ചപ്പോൾ വാഹനങ്ങൾ ശിവാൻഷു കുമാർ പാണ്ഡെ, കൃഷ്ണ കുമാർ സിങ് എന്നിവരുടെ പേരിലാണെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് കാർ വിശദമായി പരിശോധിച്ചു. ബിഎംഡബ്ല്യൂ കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന 26,00,000 രൂപ (500 രൂപയുടെ 52 കെട്ടുകൾ) പൊലീസ് കണ്ടെടുത്തു.
ഈ തുകയുമായി ബന്ധപ്പെട്ട് മതിയായ രേഖകളോ വിശദീകരണമോ പ്രതികൾ നൽകിയിട്ടില്ല. തുടർന്ന് ആദായനികുതി വകുപ്പിനെ വിവരം അറിയിക്കുകയും നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു.









0 comments