ചാനൽ റേറ്റിങ് പൂർണമായി നിർത്തിവെക്കാൻ കേന്ദ്രം; വാർത്താ ഇതര ചാനലുകൾക്കും കുരുക്ക്

ന്യൂഡൽഹി: രാജ്യത്തെ ടെലിവിഷൻ ചാനലുകളുടെ റേറ്റിങ് പരസ്യപ്പെടുത്തുന്നത് പൂർണമായി നിർത്തിവെക്കാൻ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന് കേന്ദ്ര സര്‍ക്കാരിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ നിർദേശം. നേരത്തെ വാർത്താ ചാനലുകൾക്ക് മാത്രമായി ഏർപ്പെടുത്തിയിരുന്ന വിലക്കാണ്. ഇപ്പോൾ ജനറൽ എന്റർടെയ്ൻമെന്റ് ഉൾപ്പെടെയുള്ള മുഴുവൻ വാർത്താ ഇതര ചാനലുകളിലേക്കും ബാധകമാക്കി. ഇതോടെ ഇന്ത്യയിലെ ടെലിവിഷൻ റേറ്റിങ് സംവിധാനം പൂർണമായും സ്തംഭിക്കും.
പുതിയ 'ടെലിവിഷൻ റേറ്റിങ് പോളിസി 2026' പ്രകാരമുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതുവരെയാണ് എന്നാണ് ഇതിനുള്ള കാവാധി പറഞ്ഞിരിക്കുന്നത്. ടെലിവിഷൻ ചാനലുകൾ മുതൽ ഒടിടി വരെയുള്ള വാര്‍ത്താ വിനോദ രംഗങ്ങളെ ബഹുതലങ്ങളിൽ ഇത് ബാധിക്കും.
ചാനലുകളുടെ പരസ്യ വരുമാനത്തെയും ജനപ്രീതിയെയും നിശ്ചയിക്കുന്ന പ്രതിവാര റേറ്റിങ് വിവരങ്ങൾ പുറത്തുവിടുന്ന ഇന്ത്യയിലെ ഏക ഏജൻസിയാണ് ബാർക്. ഈ വർഷം മാർച്ച് മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ടെലിവിഷൻ റേറ്റിങ് പോളിസിയിലെ വകുപ്പ് 14.2 പ്രകാരമാണ് ഉടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. പുതിയ ചട്ടങ്ങൾ പാലിച്ച് രജിസ്ട്രേഷൻ നേടാതെ ഒരു ഏജൻസിക്കും ഇനി റേറ്റിങ് വിവരങ്ങൾ പുറത്തുവിടാൻ സാധിക്കില്ല. ഇതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ കടുത്ത നടപടി.
2014-ലെ പഴയ നയത്തിന് പകരമായി കൊണ്ടുവന്ന 'ടെലിവിഷൻ റേറ്റിങ് പോളിസി 2026'- ഈ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കുന്നതാണ്. ചാനൽ ഓൺ ചെയ്യുമ്പോൾ ആദ്യം കാണിക്കുന്ന 'ലാൻഡിംഗ് പേജ്' വഴിയുള്ള വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിങ്ങിനായി കണക്കാക്കില്ല. ഇത് വെറുമൊരു വിപണന തന്ത്രം മാത്രമായി പരിമിതപ്പെടുത്തണം. റേറ്റിങ് രംഗത്തേക്ക് കൂടുതൽ ഏജൻസികൾ കടന്നുവരുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി, ഏജൻസികളുടെ കുറഞ്ഞ ആസ്തി മൂല്യം 20 കോടി രൂപയിൽ നിന്നും 5 കോടി രൂപയായി കുറച്ചു. കേബിൾ ടിവി, ഡിടിഎച്ച് എന്നിവയ്ക്ക് പുറമെ ഒടിടി കണക്റ്റഡ് ടിവികൾ എന്നിവയും റേറ്റിങ്ങിനായി നിരീക്ഷിക്കും. റേറ്റിങ് നിശ്ചയിക്കുന്നതിനുള്ള വീടുകളുടെ എണ്ണം ഘട്ടങ്ങളായി 80,000 മുതൽ 1.2 ലക്ഷം വരെയായി ഉയർത്തണം.
റേറ്റിങ് വിവരങ്ങൾ ഡിജിറ്റൽ വിവര സംരക്ഷണ നിയമം (DPDP Act, 2023) പാലിച്ചായിരിക്കണം കൈകാര്യം ചെയ്യേണ്ടത്. മൂന്ന് മാസം കൂടുമ്പോൾ ആഭ്യന്തര ഓഡിറ്റിംഗും വർഷത്തിൽ ബാഹ്യ ഓഡിറ്റിംഗും നടത്തണം. നിയമലംഘനം നടത്തിയാൽ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ലൈസൻസ് രജിസ്ട്രേഷൻ നടപടികൾ ബാർക് എന്ന് പൂർത്തിയാക്കുമെന്നതിനെ ആശ്രയിച്ചിരിക്കും ചാനലുകളുടെ റേറ്റിങ് പുനരാരംഭിക്കുന്നത്.










0 comments