അദാനിയുടെ ഫണ്ട് വാങ്ങിയപ്പോൾ അജണ്ടയും നടപ്പാക്കിയോ? സംശയങ്ങളുണ്ടെന്ന് മാലാ പാർവതി

തിരുവനന്തപുരം: താരസംഘടനയായ 'അമ്മ' അദാനി ഗ്രൂപ്പിൽനിന്ന് ഫണ്ട് വാങ്ങിയത് സ്ഥിരവരുമാനമില്ലാത്ത കലാകാരന്മാരെ സഹായിക്കാനാണെന്ന പ്രസിഡന്റ് ശ്വേത മേനോന്റെ വാദം തള്ളി നടി മാലാ പാർവതി. നല്ല വരുമാനവും ആസ്തിയുമുള്ള സംഘടനയാണ് 'അമ്മ'യെന്നും, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരുകൾ മാത്രം മതി സംഘടനയ്ക്ക് പണമുണ്ടാക്കാനെന്നും മാലാ പാർവതി പറഞ്ഞു. അവർ നടത്തുന്ന സ്റ്റേജ് ഷോകളിലൂടെ ആവശ്യത്തിന് വരുമാനം മുൻപ് ഉണ്ടാക്കിയിട്ടുണ്ട്. കുറച്ച് ആളുകൾക്ക് സാമ്പത്തിക ബുദ്ധിമുട്ടാണെന്ന് പറഞ്ഞ്, അദാനിയുടെയും അംബാനിയുടെയുമൊക്കെ പണം താൻ കൊണ്ടുവന്നെന്നും, അതിൽ യാതൊരു തെറ്റുമില്ല എന്നുമാണ് ശ്വേത മേനോൻ പറയുന്നത്. എന്നാൽ ആ പണം എടുത്ത് ഉപയോഗിക്കുമ്പോൾ പണം തരുന്നവരുടെ അജണ്ടകൂടി നടപ്പാക്കുന്നുണ്ടോ എന്നതാണ് സംശയമെന്ന് മാലാ പാർവതി ന്യൂസ് മലയാളം ചാനലിനോട് പ്രതികരിച്ചു.
ഒരു ചാരിറ്റബിൽ സൊസൈറ്റിക്ക് പണം വാങ്ങുന്നതിൽ നിയന്ത്രണങ്ങളുണ്ട്. കണക്ക് കാണിക്കാതെ പണം വാങ്ങിക്കൂട്ടുന്നത് സംഘടനയ്ക്ക് ദോഷകരമാകുകയേയുള്ളൂ. വീടെല്ലാം അലങ്കോലപ്പെട്ടിരിക്കുകയാണ്, അതുകൊണ്ട് തന്റെ കയ്യിൽ കണക്കൊന്നുമില്ലെന്നാണ് കുക്കു പരമേശ്വരൻ പറയുന്നത്. ഇതൊക്കെ എവിടെയെങ്കിലും കേട്ടുകേൾവിയുള്ള കാര്യമാണോ? കണക്ക് ചോദിക്കുക എന്നത് ജനറൽ ബോഡിയുടെ അവകാശമാണ്. അതിൽ ഗൂഡാലോചനയാണെന്ന് ആരോപിച്ചാലൊന്നും പിന്മാറാൻ പോകുന്നില്ല.
പരാതി ഉന്നയിച്ച അൻസിബ ഹസനെ തീവ്രവാദിയാക്കി ചിലർ മുദ്രകുത്തി. അൻസിബയെ ജിഹാദിയെന്ന് വിളിച്ചതൊക്കെ കേട്ടറിവാണെന്ന് ജോയ് മാത്യുവിനെപ്പോലുള്ളവർ വാദിക്കും. എന്നാൽ, അൻസിബയുടെ പിന്നിൽ മതതീവ്രവാദികളുണ്ടെന്ന് ലക്ഷ്മിപ്രിയ വാർത്താസമ്മേളനം വിളിച്ച് ആക്ഷേപിച്ചു. പലരോടും അൻസിബ മതപരിവർത്തനത്തിന് ശ്രമിച്ചു എന്ന് ഇവർ പലരോടും പറഞ്ഞുനടന്നു. ഇതൊക്കെ ആർക്കുവേണ്ടിയാണ്? ഇതെല്ലാം കൂട്ടിവായിക്കണം.
ഹിന്ദി സിനിമകളിൽ കാവിവൽകരണം ശക്തമായി നടപ്പാക്കുകയാണ്. ഒരു മുസ്ലിം കഥാപാത്രത്തെയും നീതിമാനായി അവിടെ ചിത്രീകരിക്കുന്നില്ല. പക്ഷേ മലയാളത്തിൽ അത്തരത്തിലല്ല. എന്നാൽ ചില നരേറ്റീവുകൾ സൃഷ്ടിച്ച് മലയാളത്തിലേക്കും സംഘപരിവാർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണോ ഇപ്പോഴത്തെ സംഭവവികാസങ്ങളെന്ന് സംശയമുണ്ടെന്നും മാലാ പാർവതി പറഞ്ഞു.











0 comments