ad
Deshabhimani

മുംബൈയിൽ കനത്ത മഴ തുടരുന്നു: ഇന്നും റെഡ് അലേർട്, വ്യാപക നാശനഷ്ടം

Mumbai

കനത്ത മഴയിൽ മുംബൈ നഗരം |Photo: Screengrab X

വെബ് ഡെസ്ക്

Published on Jul 05, 2026, 01:26 PM | 1 min read

മുംബൈ : അതിശക്തമായ മഴയിൽ മുംബൈ നഗരവും സമീപ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീതിയിൽ. പലയിടങ്ങളിലും കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, കാലാവസ്ഥാ വകുപ്പ് ഞായറാഴ്ച മുംബൈയിൽ റെഡ് അലേർട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളിലും അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങളിൽ അല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നഗരത്തിലെ പല പ്രദേശങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തി.


വിക്രോളി വെസ്റ്റിലെ ബിൽഡിംഗ് പ്രൊപ്പോസൽ ഓഫീസിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്-310.6 മില്ലിമീറ്റർ. കൊളാബ പമ്പിംഗ് സ്റ്റേഷനിൽ 306.6 മില്ലിമീറ്ററും വിക്രോളി ടാഗോർ നഗർ മുൻസിപ്പൽ സ്കൂളിൽ 301.8 മില്ലിമീറ്ററും മഴ രേഖപ്പെടുത്തിയിട്ടുണ്ട്. മലാബാർ ഹിൽ, അന്ധേരി, ഗോരേഗാവ് തുടങ്ങിയ പ്രദേശങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ പെയ്തു.


ശക്തമായ വേലിയേറ്റത്തിന് സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിലുള്ളവരും താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നഗരത്തിൽ മണിക്കൂറിൽ 55 മുതൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.


മെട്രോ, ബെസ്റ്റ് ബസ് സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചെങ്കിലും, സബർബൻ ട്രെയിൻ സർവീസുകൾ വൈകിയാണ് ഓടുന്നത്. ശനിയാഴ്ച റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് സെൻട്രൽ, വെസ്റ്റേൺ റെയിൽവേ സർവീസുകൾ തടസപ്പെട്ടിരുന്നു.


മുംബൈക്ക് പുറമെ താനെ, പാൽഘർ, നവി മുംബൈ, പുണെ മേഖലകളിലും കനത്ത മഴ ജനജീവിതത്തെ ബാധിച്ചു. പുണെയിൽ പലയിടങ്ങളിലും ഉരുൾപൊട്ടലും ഗതാഗത തടസവും ഉണ്ടായതിനെ തുടർന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.


Related News



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home