അമ്പരപ്പിക്കുന്ന വികസനം, ചരിത്രപരമായ നിയമനിർമാണം
പ്രവാസികളിൽ കേരളത്തെക്കുറിച്ചുള്ള അഭിമാനം വർധിപ്പിച്ചു: മന്ത്രി പി രാജീവ്

ഷാർജ ഇന്ത്യൻ അസോസിയേഷൻ എക്‌സ്‌പോ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷത്തിൽനിന്ന്
ഷാർജ: എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന അമ്പരപ്പിക്കുന്ന വികസനവും ചരിത്രപരമായ നിയമനിർമാണവും പ്രവാസികളിൽ കേരളത്തെക്കുറിച്ചുള്ള അഭിമാനം വർധിപ്പിച്ചുവെന്ന് മന്ത്രി പി രാജീവ്. വികസന പ്രവർത്തനങ്ങൾ, പൊതുജനാരോഗ്യ സംരക്ഷണം, വിദ്യാഭ്യാസ നിലവാരം ഉയർത്തൽ, സാമൂഹ്യസുരക്ഷ ശക്തിപ്പെടുത്തൽ, സർക്കാർ സേവനങ്ങൾ വേഗത്തിൽ നടപ്പാക്കൽ തുടങ്ങിയ പ്രവർത്തനത്തിലൂടെ കേരളത്തിലെ ജനങ്ങൾക്ക് ഈ സർക്കാർ പ്രിയങ്കരമായി മാറിയിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ ഓണാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കാനാണ് ലോക കേരള സഭ രൂപീകരിച്ചത്. പ്രവാസജീവിതത്തെ മാറ്റിമറിക്കുന്ന ഒട്ടേറെ കർമപദ്ധതികൾ കേരള സർക്കാർ നടപ്പാക്കി. ചരിത്രപരമായ നിയമനിർമാണങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. നാല് പ്രധാന നിയമം ഏറ്റവുമൊടുവിൽ ചേർന്ന നിയമസഭ പാസാക്കി. വിദേശത്തിരുന്ന് ഭൂനികുതി, കെട്ടിട പെർമിറ്റ് എന്നിവ അടയ്ക്കാനാകും. വീഡിയോ സംവിധാനം വഴി വിവാഹം രജിസ്റ്റർ ചെയ്യാനാകും. സർക്കാർ സേവനത്തിന് അപേക്ഷിച്ചാൽ നിശ്ചിത സമയത്തിനകം തീർപ്പുണ്ടാക്കണം. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ 10,000 രൂപവരെ പിഴ ചുമത്താനുള്ള നിയമം പാസാക്കി. ജപ്തി ഭീഷണി നേരിടുന്ന സാധാരണക്കാരെ സംരക്ഷിക്കുന്ന കേരള ഏക കിടപ്പാടം സംരക്ഷണ ബിൽ നിയമസഭ പാസാക്കി.
2025 ജനുവരിമുതൽ ജൂലൈവരെയുള്ള ഏഴുമാസത്തെ മാറ്റത്തെ വിശകലനം ചെയ്ത് ലിങ്ക്ഡ്‌ഇൻ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 40,000 പ്രൊഫഷണലുകൾ അമേരിക്ക, യൂറോപ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്ന് കേരളത്തിലെ കമ്പനികളിൽ ജോലി ചെയ്യാൻ എത്തുന്നുവെന്നാണ്. ഇത് കേരളത്തിന്റെ വ്യവസായ മേഖല ശക്തിപ്പെട്ടതിന്റെ സൂചനയാണ്. അതേസമയം, ജനോപകാരപ്രദമായ ഈ പ്രവർത്തനങ്ങളെല്ലാം തമസ്‌കരിക്കുന്ന നിലപാടാണ് വലതുപക്ഷ മാധ്യമങ്ങൾ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എക്‌സ്‌പോ സെന്ററിൽ രാവിലെമുതൽ പരിപാടി തുടങ്ങി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സന്തോഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷനായി. ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ എന്നിവർ സംസാരിച്ചു. ഗജവീരന്മാരുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയിൽ പഞ്ചാരിമേളം, ശിങ്കാരിമേളം, കഥകളി, പുലികളി, തെയ്യം, കളരിപ്പയറ്റ് തുടങ്ങിയ വിവിധ കലാരൂപങ്ങൾ അണിനിരന്നു. ഷാർജ ഇന്ത്യൻ സ്കൂൾ, അൽ ഇബ്ത്തിസാമ സ്‌പെഷ്യൽ നീഡ് സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ഗായിക സിത്താര കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിൽ പ്രോജക്‌ട് മലബാറിക്കസ് അവതരിപ്പിച്ച സംഗീതവിരുന്ന് ആവേശമായി.
പൂക്കളമത്സരത്തിൽ മാസ് ഒന്നാം സ്ഥാനം സ്വന്തമാക്കി. എമിറേറ്റ്സ് മലയാളി അസോസിയേഷൻ, യുവകലാസാഹിതി എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനം. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുള്ള സ്റ്റാളും അൽ ഇബ്ത്തിസാമ സ്കൂളിലെ കുട്ടികളുടെ ഉൽപ്പന്നങ്ങളടങ്ങിയ സ്റ്റാളും ശ്രദ്ധേയമായി. അസോസിയേഷൻ പ്രവർത്തനത്തിന് നേതൃത്വം നൽകിയ മുഴുവൻ പ്രസിഡന്റുമാരെയും ആദരിച്ചു. ഭാരവാഹികളുടെയും പ്രവർത്തകരുടെയും കുറിപ്പുകളടങ്ങിയ സുവനീർ പ്രകാശിപ്പിച്ചു. നവീന സാങ്കേതിക വിദ്യയിലൂടെയുള്ള പഠനത്തിനായി ഷാർജ ഇന്ത്യൻ സ്കൂളുളിലേക്കുള്ള ‘എഡ്യു ബ്രിക്സ്’ പ്ലാറ്റ്ഫോം ലോഞ്ച് ചെയ്‌തു. സ്‌കൂൾ ബസിലും ക്യാമ്പസിലും വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്ന ‘റഫീദ് സിസ്റ്റ’ത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ നടന്നു.










0 comments