ആരോഗ്യ മേഖലയിൽ ഏകീകൃത ഡ്രസ് കോഡ്

കുവൈത്ത് സിറ്റി: സർക്കാർ, സ്വകാര്യ ആരോഗ്യ മേഖലയിലെ ജീവനക്കാർക്കായി ഔദ്യോഗിക വേഷധാരണം സംബന്ധിച്ച ഏകീകൃത ചട്ടങ്ങൾ നടപ്പാക്കി ആരോഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി പുറത്തിറക്കിയ മന്ത്രിതല ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഡ്രസ് കോഡ് പ്രാബല്യത്തിൽ വന്നത്.
വിവിധ തസ്തികകൾക്കനുസരിച്ച് വേഷധാരണം ഏകീകരിക്കുക, രോഗികൾക്ക് ചികിത്സാസംഘത്തിലെ അംഗങ്ങളെ എളുപ്പത്തിൽ തിരിച്ചറിയാൻ സൗകര്യമൊരുക്കുക, ആരോഗ്യപ്രവർത്തകരുടെ തൊഴിൽപരമായ വ്യക്തിത്വം ശക്തിപ്പെടുത്തുക എന്നിവയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. സ്ഥാപനങ്ങളിലെ അച്ചടക്കം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യസേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പൊതുമര്യാദയും സാമൂഹിക വൈവിധ്യവും സംരക്ഷിക്കുന്ന തൊഴിൽ സംസ്കാരം ഉറപ്പാക്കുന്നതിനും നടപടികൾ സഹായകരമാകും.
പുതിയ ചട്ടപ്രകാരം എല്ലാ ജീവനക്കാരും ഔദ്യോഗിക തിരിച്ചറിയൽ കാർഡ് നിർബന്ധമായും ധരിക്കണം. വ്യക്തിശുചിത്വം പാലിക്കണമെന്നും ജോലി സമയത്ത് ശരീരത്തിലെ പച്ചകുത്തലുകൾ മറച്ചുവയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ജോലി സ്വഭാവത്തിന് അനുയോജ്യമായ വൃത്തിയുള്ളതും മാന്യവുമായ വസ്ത്രങ്ങൾ മാത്രമേ ധരിക്കാവൂ.
അനുചിതമായ മുദ്രാവാക്യങ്ങളോ പരസ്യങ്ങളോ പതിച്ച വസ്ത്രങ്ങൾ, സ്പോർട്സ് വസ്ത്രങ്ങൾ, ഷോർട്സ്, കീറിയ വസ്ത്രങ്ങൾ, സ്പോർട്സ് തൊപ്പികൾ, വലിയ ബ്രാൻഡ് ലോഗോകളുള്ളതോ അതിവർണാഭമായതോ ആയ പാദരക്ഷകൾ എന്നിവ ധരിക്കുന്നത് വിലക്കിയിട്ടുണ്ട്. വൃത്തിയുള്ള ഔദ്യോഗിക ഷൂസുകളോ ഒറ്റനിറത്തിലുള്ള സ്പോർട്സ് ഷൂസുകളോ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
ഡ്രസ്കോഡും ഔദ്യോഗിക രൂപഭാവവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ പാലിക്കാത്തത് ചട്ടലംഘനമായി കണക്കാക്കുമെന്നും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് അച്ചടക്ക നടപടികളും മറ്റ് നിയമനടപടികളും സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ, ടെക്നീഷ്യൻമാർ, അടിയന്തര മെഡിക്കൽ സേവന വിഭാഗം ജീവനക്കാർ, അനുബന്ധ ആരോഗ്യപ്രവർത്തകർ, എൻജിനീയറിങ് വിഭാഗം ജീവനക്കാർ എന്നിവർക്കായി ഏകീകൃത യൂണിഫോമുകളും മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്.
പുരുഷന്മാർക്കും സ്ത്രീകൾക്കും ഇസ്ലാമിക വേഷം ധരിക്കുന്ന വനിതകൾക്കുമായി മൂന്ന് മാതൃകകളിലുള്ള ക്ലിനിക്കൽ സ്ക്രബുകളും നഴ്സിങ്, അടിയന്തര മെഡിക്കൽ സേവനം, എൻജിനീയറിങ് വിഭാഗം എന്നിവയ്ക്കായി പ്രത്യേക യൂണിഫോമുകളും ഓരോ വിഭാഗത്തിന്റെയും ജോലിസ്വഭാവത്തിന് അനുസൃതമായി നടപ്പാക്കും.









0 comments