ad
Deshabhimani

സാമ്പത്തിക സാക്ഷരതമുതൽ മാനസിക കരുത്തുവരെ; ജീവിത നൈപുണി പാഠ്യവിഷയമാക്കാൻ ദുബായ്

dubai school students
വെബ് ഡെസ്ക്

Published on Jul 05, 2026, 03:30 PM | 1 min read

ദുബായ് : ജീവിത വെല്ലുവിളികൾ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കാൻ ലക്ഷ്യമിട്ട് "സ്കിൽസ് ഫോർ ലൈഫ്' പദ്ധതി നടപ്പാക്കാൻ ദുബായ്‌. സാമ്പത്തിക സാക്ഷരത, പോഷകാഹാരം, മാനസിക കരുത്ത്, സാമൂഹിക ക്ഷേമം തുടങ്ങിയ വിഷയങ്ങൾ ഇ‍ൗ അധ്യയനവർഷംമുതൽ സ്വകാര്യ സ്കൂളുകളിൽ പഠനത്തിന്റെ ഭാഗമാകുമെന്ന് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. അതിവേഗം മാറുന്ന ലോകത്ത് വിജയകരമായി മുന്നേറാൻ ആവശ്യമായ അറിവും നൈപുണ്യങ്ങളും മൂല്യബോധവും വിദ്യാർഥികൾക്ക് പകർന്നുനൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം.


ആരോഗ്യകരമായ ജീവിതശൈലി, ബന്ധങ്ങൾ പരിപോഷിപ്പിക്കാനുള്ള കഴിവുകൾ, ഡിജിറ്റൽ ലോകത്തിലെ ഉത്തരവാദിത്വബോധം, സുസ്ഥിര വികസനം, ദൈനംദിന ജീവിതനിർവഹണ നൈപുണ്യങ്ങൾ തുടങ്ങിയ വിഷയങ്ങളും പഠനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തും. ​വിവിധ പ്രായവിഭാഗങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ച് പാഠ്യപദ്ധതിയിലും പഠനാന്തരീക്ഷത്തിലും ഈ വിഷയങ്ങൾ സംയോജിപ്പിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. 2026-നെ യുഎഇ "കുടുംബ വർഷം' ആയി ആചരിക്കുന്നതിന്റെ ഭാഗമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് പദ്ധതി.


​വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ, തൊഴിൽദാതാക്കൾ, സമൂഹം എന്നിവയുടെ കൂട്ടായ പങ്കാളിത്തത്തോടെ പദ്ധതി മുന്നോട്ടുകൊണ്ടുപോകും. വിദ്യാഭ്യാസ, തൊഴിൽ മാർഗനിർദേശത്തിനായുള്ള ഫ്യൂച്ചർ ആസ്ട്രോലേബ്, വിദ്യാർഥികളുടെ പഠനാനുഭവങ്ങൾ മെച്ചപ്പെടുത്തുന്ന സിറ്റി ഓഫ് സ്റ്റുഡന്റ്സ്, ജീവിത നൈപുണ്യ പരിശീലനത്തിനുള്ള ലൈഫ് ക്യാമ്പ്, അന്താരാഷ്ട്ര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലക്ഷ്യമിടുന്ന ലേൺ എനിവേർ, ഭാവിയിൽ ആവശ്യമായ തൊഴിൽ നൈപുണി കണ്ടെത്തുന്ന സ്കിൽസ് ഫോർ ടുമോറോ എന്നീ പദ്ധതികൾക്കും ഇതിലൂടെ കൂടുതൽ കരുത്തേകുമെന്നും അധികൃതർ വ്യക്തമാക്കി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home