അറബ് മണ്ണിൽ വീണ്ടും ഫ്രഞ്ച് കിക്കോഫ്; ഇന്ന് സൂപ്പർ കപ്പ് ഫൈനൽ

കുവൈത്ത് സിറ്റി : ലോക ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ കുവൈത്തിലേക്ക്. ഫ്രഞ്ച് സൂപ്പർ കപ്പ് ഫൈനൽ കുവൈത്തിലെ പ്രധാന കായിക വേദിയായ ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കും. ഇന്ന് വ്യാഴാഴ്ച കുവൈത്ത് സമയം രാത്രി ഒമ്പത് മണിക്ക് കിക്കോഫ്. ഫ്രഞ്ച് ലീഗ് ചാമ്പ്യന്മാരായ പാരീസ് സെയിന്റ് ജെർമെയ്നും ലീഗ് റണ്ണേഴ്‌സ്-അപ്പായ ഒളിമ്പിക് ഡി മാഴ്സെയും തമ്മിലുള്ള കിരീടപ്പോരാട്ടത്തിന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു.
വിവര സാംസ്‌കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽറഹ്മാൻ അൽ-മുതൈരി അധ്യക്ഷയായ യോഗത്തിൽ, മത്സരവുമായി ബന്ധപ്പെട്ട അവസാനഘട്ട ക്രമീകരണങ്ങൾ വിശദമായി അവലോകനം ചെയ്തു. ആഗോള തലത്തിലുള്ള ഈ കായിക മാമാങ്കം ഉയർന്ന സംഘാടന നിലവാരത്തിൽ നടത്തുന്നതിനായി എല്ലാ സർക്കാർ ഏജൻസികളും ഏകോപിതമായി പ്രവർത്തിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
വലിയ ജനക്കൂട്ടം പ്രതീക്ഷിക്കുന്നതിനാൽ സ്റ്റേഡിയത്തിന്റെ ഗേറ്റുകൾ വൈകിട്ട് അഞ്ചിന് തുറക്കും. പ്രാദേശികവും അന്താരാഷ്ട്രവുമായ മാധ്യമങ്ങൾക്ക് അംഗീകാര കാർഡുകൾ വിതരണം ചെയ്തുകഴിഞ്ഞു. സുരക്ഷ, ഗതാഗത നിയന്ത്രണം, പാർക്കിംഗ് സൗകര്യങ്ങൾ എന്നിവയ്ക്കായി പ്രത്യേക പദ്ധതികളാണ് നടപ്പാക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കളിക്കാർക്കും കാണികൾക്കും ക്ലിനിക്കുകളും ആംബുലൻസ് സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. യുവജന സന്നദ്ധസംഘങ്ങൾ സ്റ്റേഡിയത്തിനകത്ത് കാണികൾക്ക് സഹായം നൽകും.
മത്സരം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ‘വിസിറ്റ് കുവൈത്ത്’ പദ്ധതിയുടെ ഭാഗമായി പ്രത്യേക സംഗീത ദൃശ്യാവിഷ്‌കാരം അരങ്ങേറും. ലോകപ്രശസ്ത ഗായകൻ ഷെബ് ഖാലിദ്യും കുവൈത്തി താരം ബാദർ അൽ ഷുവൈബിയും പങ്കെടുക്കുന്ന സംഗീത പരിപാടിയോടൊപ്പം, കുവൈത്തിന്റെ സാംസ്കാരിക പൈതൃകത്തെ ആസ്പദമാക്കിയ ലേസർ ദൃശ്യാവിഷ്‌കാരവും ഒരുക്കിയിട്ടുണ്ട്. ലോകോത്തര ഫുട്ബോളും സംഗീത സാംസ്കാരിക അവതരണങ്ങളും ഒരുമിക്കുന്ന ഇന്നത്തെ രാത്രി, കുവൈത്തിന്റെ കായിക ചരിത്രത്തിൽ മറ്റൊരു ശ്രദ്ധേയ അധ്യായമായി മാറുമെന്ന് അധികൃതർ അറിയിച്ചു.










0 comments